തെരുവുനായ വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ വാദം തള്ളി എൻ പ്രശാന്ത് ഐ.എ.എസ്. എം ബി രാജേഷ് മിനിസ്റ്ററെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചോ എന്ന് സംശയം. അനിമൽ വെൽഫെയർ എന്നത് കൺകറന്റ് ലിസ്റ്റിൽ ഉള്ള വിഷയമാണ്. ഏതൊരു സംസ്ഥാന സർക്കാറിനും പ്രത്യേക സാഹചര്യങ്ങൾക്കനുസരിച്ച് അനുയോജ്യമായ നിയമങ്ങളും ചട്ടങ്ങൾ കൺകറന്റ് ലിസ്റ്റിൽ ഉള്ള വിഷയത്തിൽ നിർമ്മിക്കാവുന്നതേ ഉള്ളൂവെന്ന് പ്രശാന്ത് ഫെയ്സ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
തമിഴ്നാട് സർക്കാർ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരം ജല്ലിക്കെട്ട് വരെ നിയമപരമാക്കി. പല സംസ്ഥാനങ്ങളും ഗോവധം നിരോധിക്കുന്നതും ഈ അധികാരം ഉപയോഗിച്ചാണ്. കേരളം 1968 ൽ Kerala Animals and Birds Sacrifices Prohibition Act നിയമം പാസ്സാക്കിയിട്ടുണ്ട്. ABC ചട്ടങ്ങൾ നിർമ്മിച്ചിരിക്കുന്നത് ‘animal birth control’ എന്ന ലക്ഷ്യത്തോടെയാണെന്ന് മനസ്സിലാക്കണം. നിലവിലെ നിയമത്തിൽ സെക്ഷൻ 13 പ്രകാരം വെറ്ററിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റ് ആധാരമാക്കി ഹോട്ട് സ്പോട്ടുകളിൽ violent ആയ തെരുവ് നായ്ക്കളെ കൊല്ലാനും തടസ്സമൊന്നുമില്ല.
നടപടികൾ പാലിക്കണമെന്ന് മാത്രം. കേരളത്തെ ഗ്രസിച്ച ഇത്രയും വലിയ പ്രശ്നത്തിന് നിയമ നിർമ്മാണം നടത്താനും നടപടികൾ എടുക്കാനും ആവും എന്നത് അങ്ങേയ്ക്ക് ഉപദേശിക്കേണ്ടവർ എന്ത് ചെയ്യുകയാണെന്ന് ചോദിക്കാതെ വയ്യ.ഇപ്പറഞ്ഞ മാർഗ്ഗങ്ങൾ ഏതെങ്കിലും ശ്രമിക്കാൻ അപേക്ഷിക്കുന്നു. പ്രശാന്ത് ഫെയ്സ്ബുക്കിൽ കുറിച്ചു.
0 Comments