ഇന്ന് മുതൽ സപ്ലെക്കോ ഔട്ട്ലറ്റുകൾ വഴി ലിറ്ററിന് 457 രൂപക്ക് വെളിച്ചെണ്ണ വിൽപ്പന ആരംഭിക്കും: മന്ത്രി ജി ആർ അനിൽ
സംസ്ഥാനത്ത് കുതിച്ചുയർന്ന വെളിച്ചെണ്ണ വിലക്കയറ്റം നിയന്ത്രണ വിധേയമാക്കാനുള്ള സർക്കാർ നടപടികൾ ഇന്ന് തുടങ്ങും. ഇന്ന് മുതൽ സപ്ലെക്കോ ഔട്ട്ലറ്റുകൾ വഴി ലിറ്ററിന് 457 രൂപക്ക് വെളിച്ചെണ്ണ വിൽപ്പന ആരംഭിക്കുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കാർഡിന് ഒരു ലിറ്റർ മാത്രമായിരിക്കും വെളിച്ചെണ്ണ ലഭിക്കുക.
സപ്ലൈക്കോയിൽ ശബരി വെളിച്ചെണ്ണയും ഒരു ലിറ്റർ ക്രമത്തിൽ വിൽക്കുമെന്ന് മന്ത്രി പറഞ്ഞു. അധിക ലാഭം ഒഴിവാക്കാൻ സംരംഭകരുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്, കേരഫെഡ് ഹോൾസെയിൽ വില മാത്രമേ ഈടാക്കു എന്നും മന്ത്രി പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം നടന്ന സി പി ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വെളിച്ചെണ്ണയുൾപ്പെടെയുള്ള സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ മന്ത്രി ജി ആർ അനിലിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
വിലക്കയറ്റകാലത്ത് ഭക്ഷ്യവകുപ്പ് നോക്കുകുത്തിയായെന്നും വിലനിയന്ത്രിക്കുന്നതിന് ഇടപെടലുകളുണ്ടായില്ലെന്നതടക്കമുള്ള വിമർശനമാണ് ഉയർന്നത്. 13 ഇന അവശ്യസാധനങ്ങൾക്ക് വില കൂട്ടില്ലെന്ന സർക്കാർ വാഗ്ദാനം പാഴ് വാക്കായെന്നും വെളിച്ചെണ്ണ വില വർധനവ് നാണക്കേടാണെന്നും സമ്മേളനത്തിൽ പ്രതിനിധികൾ വിമർശനം ഉന്നയിച്ചു.
0 Comments