ഓർമ്മയിൽ ഒരായിരം പൂക്കളം ഒരുക്കി ഗതകാല പ്രൗഡിയുടെ സ്മരണയുയർത്തി വീണ്ടുമൊരു പൊന്നോണക്കാലം കൂടി സമാഗതമായി.
അത്തം പത്തിനാണ് പൊന്നോണം...അത്തം മുതൽ മുറ്റത്ത് ചാണകം മെഴുകിയ തറയിൽ കാട്ടുപൂക്കളും നാട്ടുപൂക്കളും ശേഖരിച്ച് പൂക്കളം ഒരുക്കിയാണ് പൗരാണിക കാലം മുതൽ മലയാളി മാവേലി മന്നനെ എതിരേറ്റിരുന്നത്. ഇന്ന് കാടും മേടും തോടും പുരയിടവും വയലും ഒക്കെ അപ്രത്യക്ഷമായതോടെ നാട്ടുപൂക്കൾ കാണാക്കാഴ്ചയായി. ഇതോടെ അത്തപ്പൂക്കളങ്ങളും അപൂർവ്വമായി.
ഇന്ന് വീടുകളിൽ പൂക്കളം കാണുക വിരളം. സ്കൂൾ, കോളേജ്, പൊതുവിടങ്ങൾ എന്നിവിടങ്ങളിലായി ഓണാഘോഷങ്ങൾ മാറ്റപ്പെട്ടിരിക്കുന്നു.
നാട്ടുപൂക്കൾ പരിമിതമായതിനാൽ പൂക്കളും ഒരുക്കണമെങ്കിൽ മറുനാടൻ പൂക്കൾക്കായി പൂക്കടകളിൽ എത്തണം. കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വ്യവസായികാടിസ്ഥാനത്തിൽ ഉല്പാദിപ്പിക്കുന്ന പൂക്കൾ അതിർത്തി കടന്നെത്തുമ്പോൾ തീ വിലയും നൽകണം. ഇതിനാൽ അത്തപ്പൂക്കളം ഒരുക്കുക എന്നത് സാധാരണക്കാരന് അപ്രാപ്യമായി മാറി.
വീടുകളുടെ മുറ്റത്ത് നിന്നും പൂക്കളങ്ങൾ അപ്രത്യക്ഷമായപ്പോൾ അവശേഷിക്കുന്നത് ക്ലബ്ബുകളും ചില സംഘടനകളും ഒക്കെ നേതൃത്വം കൊടുക്കുന്ന അത്തപ്പൂക്കള മത്സരങ്ങളാണ്. 10 ദിവസത്തെ പൂവിടൽ ചടങ്ങിൽ ഒന്നാംദിവസം ആരംഭിച്ച ഓരോ ദിവസം ഓരോ വലയം കൂടുതൽ ചേർത്താണ് പൂക്കളം ഒരുക്കിയിരുന്നത്.
തുമ്പപ്പൂവ്, മുക്കുറ്റി, കാക്കപ്പൂവ്, കാളപ്പൂവ്, അരിപ്പൂവ്, കണ്ണാന്തളിപ്പൂവ്, കൃഷ്ണകിരീടം, ശംഖുപുഷ്പം, തൊട്ടാവാടി, കലം പൊട്ട, രാജമല്ലി തുടങ്ങിയ നാട്ടുപൂക്കൾ ആണ് അത്തപ്പൂക്കളത്തിൽ ഉപയോഗിച്ചിരുന്നത്. ഇലഞ്ഞിപ്പൂവ്, തെച്ചിപ്പൂവ്, മന്ദാരം, പിച്ചകം, താമരപ്പൂവ്, ആമ്പൽ പൂവ് എന്നിവയും ചിലയിടങ്ങളിൽ ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇവയൊക്കെ ലഭിക്കുന്നത് അപൂർവ്വമാണ്. പകരം മറുനാടൻ പൂക്കൾ ആയ ബന്തി, അരളി,സൂര്യകാന്തി തുടങ്ങിയ പൂക്കൾ ആണ്. എങ്കിലും മലയാളികൾ സമ്പൽസമൃദ്ധിയുടെ കാലത്തിന്റെ സ്മരണയിലാണ് ഓരോരോ ഓണക്കാലവും ആഘോഷിച്ചു വരുന്നത്…ഇനിയുള്ള പത്ത് ദിവസം തിരുവോണത്തിൻ്റെ സ്മരണകൾ നിറയട്ടെ ഓരോ മലയാളിയുടെ മനസ്സിലും…
0 Comments