സര്‍..., ഹൈവേകളില്‍ ജീവന്‍ കൂട്ടത്തോടെ പൊലിയുന്നത് കാണുന്നില്ലേ...? ഹൈവേകളും കുരുതിക്കളം... ഒടുവില്‍ പൊലീസ് ഉണര്‍ന്നു.




സുനില്‍ പാലാ


സര്‍, ഹൈവേകളില്‍ ജീവന്‍ കൂട്ടത്തോടെ പൊലിയുന്നത് കാണുന്നില്ലേ...? കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാലാ - തൊടുപുഴ ഹൈവേയിലും പാലാ-ഏറ്റുമാനൂര്‍ ഹൈവേയിലുമായി ആറ് ജീവനുകള്‍ പൊലിഞ്ഞു സാര്‍. നാല് കുടുംബങ്ങളിലെ അത്താണിയാണ് നഷ്ടപ്പെട്ടത്. 
 
 
അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമൊക്കെ കുടുംബങ്ങളെ ശിഥിലമാക്കി. ഇനിയെങ്കിലും ഈ കൂട്ടക്കുരുതിയ്ക്ക് ഒരു അറുതി വരുത്തേണ്ടേ. സീറ്റ് ബെല്‍റ്റിനും ഹെല്‍മറ്റിനും പുക സര്‍ട്ടിഫിക്കറ്റിനുമൊക്കെ കടുംപിടുത്തം പിടിക്കുന്ന അധികാരികള്‍ ഈ അമിത വേഗത തടയാനോ അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനോ തയ്യാറുണ്ടോ. 

എവിടെയെങ്കിലും അപകട മരണമുണ്ടായാല്‍ ഒരു ദിവസത്തേക്ക് പൊലീസും മോട്ടോര്‍ വാഹന വകുപ്പും ഒന്നുണരും. മൂന്നാംപക്കം വീണ്ടും പഴയ പടിയാകും. ഇതുകൊണ്ട് എന്തുകാര്യം സാര്‍.

കഴിഞ്ഞ ദിവസം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കൊലയാളി കാര്‍ പാഞ്ഞത് 150 കിലോമീറ്റര്‍ സ്പീഡിലാണ്. കൊടുങ്കാറ്റ് പോലെ ഒരൊച്ചയേ ദൃക്‌സാക്ഷികള്‍ കേട്ടൊള്ളൂ. പിന്നെ അമിട്ട് പൊട്ടുന്നതുപോലൊരു വലിയ ശബ്ദവും. രണ്ട് വീട്ടമ്മമാരും ഒരു കുഞ്ഞുമോളും അവരുടെ വാഹനങ്ങളും ചിതറിത്തെറിച്ചു. കരളലിയിക്കുന്ന കാഴ്ച. 


കൂട്ടക്കുരുതിയില്‍ പൊലീസ് ഉണര്‍ന്നു.

എന്തായാലും മുണ്ടാങ്കല്‍ അപകടത്തില്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തതെങ്കിലും കോടതിയില്‍ പൊലീസ് ശക്തമായ നീക്കമാണ് നടത്തിയത്. പാലാ സി.ഐ. പ്രിന്‍സ് ജോസഫ്, എസ്.ഐ. കെ. ദിലീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ അന്വേഷണം നടത്തിയപ്പോള്‍ കാറിന്റെ ഓവര്‍സ്പീഡ് ഉള്‍പ്പെടെയുള്ളവ പ്രോസിക്യൂഷനെയും പിന്നീട് കോടതിയെയും ബോധിപ്പിക്കാനായി. ഇതോടെ പ്രതിക്ക് പാലാ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചു. അത്രയെങ്കിലുമായി. 

മുഴുവന്‍ ട്രാഫിക് പൊലീസിന്റെ തലയില്‍ ചാരരുത്. രണ്ട് ഹൈവേകളിലെയും അപകടങ്ങള്‍ ഒരു പരിധിവരെയെങ്കിലും തടയുന്നതിന് ലോക്കല്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും വഴിയിലിറങ്ങിയേ തീരൂ. മറ്റ് ജോലിത്തിരക്കുകള്‍ ഉണ്ടാവാം, അംഗബലത്തില്‍ കുറവുണ്ടാകാം. ഇതൊന്നും വഴിയിലിറങ്ങാതിരിക്കുന്നതിനുള്ള കാരണമാകാന്‍ പാടില്ല. ചുരുങ്ങിയത് തിരക്കുള്ളപ്പോഴെങ്കിലും വഴിയില്‍ വാഹന പരിശോധനയ്ക്ക് ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥരും മോട്ടോര്‍ വാഹന വകുപ്പും തയ്യാറായേ പറ്റൂ. 

ഈ അപകടങ്ങള്‍ ഭയപ്പെടുത്തുന്നു
 രണ്ട് ഹൈവേകളിലും തുടര്‍ച്ചയായുണ്ടാകുന്ന വാഹനാപകടങ്ങളും കൂട്ടമരണങ്ങളും ശരിക്കും ഭയപ്പെടുത്തുകയാണ്. ഉദ്യോഗസ്ഥര്‍ വഴിയിലിറങ്ങി ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കണം. 

പാലാ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ & 
 പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments