കോഴിക്കോട് എരഞ്ഞിപ്പാലത്ത് 21 കാരിയായ യുവതിയെ ആൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
അത്തോളി തോരായി സ്വദേശിനി ആയിഷയാണ് മരിച്ചത്. മംഗലാപുരത്ത് ഫിസിയോ തെറാപ്പി വിദ്യാർത്ഥിനിയായ ആയിഷ കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയെങ്കിലും വീട്ടിൽ പോകാതെ ആൺസുഹൃത്ത് ബഷീറുദ്ദീന്റെ എരഞ്ഞിപ്പാലത്തുള്ള വാടകവീട്ടിലാണ് താമസിച്ചിരുന്നത്. രണ്ടു വർഷമായി ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് അറിയുന്നു.
ഇന്നലെ രാത്രി യുവതിയെ ബഷീറുദ്ദീൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. യുവതി തൂങ്ങി മരിച്ചതാണെന്ന് ഇയാൾ ആശുപത്രി അധികൃതരോട് പറഞ്ഞുവെങ്കിലും, ആയിഷയെ മർദ്ദിക്കുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.
പെൺകുട്ടി ആത്മഹത്യ ചെയ്യില്ലെന്നുമാണ് കുടുംബത്തിന്റെ നിലപാട്. ആശുപത്രി വിവരം നൽകിയതിനെ തുടർന്ന് നടക്കാവ് പൊലീസ് യുവാവിനെ കസ്റ്റഡിയിൽ എടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
0 Comments