അതിമനോഹരം അയ്യമ്പാറ; അയ്യമ്പാറയെ ഇനിയും അവഗണിക്കല്ലേ...




വിനോദ സഞ്ചാരികളുടെ എണ്ണമേറുമ്പോള്‍ വീര്‍പ്പ് മുട്ടുകയാണ് അയ്യമ്പാറയ്ക്ക്. മലയോര പ്രദേശമായ തലനാട് പഞ്ചായത്തിലെ ഒത്ത കുന്നായ അയ്യമ്പാറയിലേക്ക് അവധി ദിവസങ്ങളില്‍ ഒഴുകിയെത്തുകയാണ് വിനോദ സഞ്ചാരികള്‍.



 
എന്നാല്‍ ഇവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും മഴ നനയാതെ വിശ്രമിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമൊക്കെയുള്ള സൗകര്യങ്ങളുടെ വലിയ കുറവുണ്ട്. 

വിനോദ സഞ്ചാരികള്‍ ഇതുവഴി വന്നുപോകുന്നതല്ലാതെ ഇവിടെ കുറച്ചുസമയമെങ്കിലും തങ്ങാനുള്ള താത്പര്യം കാണിക്കാത്തതും ഈ പരിമിതികള്‍ ഉള്ളതുകൊണ്ടാണ്. 



അയ്യമ്പാറ അതിമനോഹരം 

കോട്ടയം ജില്ലയിലെ തലനാട് പഞ്ചായത്ത് 12-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വിശാലമായ പാറയോടുകൂടിയ  അയമ്പാറ കുന്നുകള്‍ അതിമനോഹരമായ കാഴ്ചയാണ്. 
 


സമുദ്രനിരപ്പില്‍ നിന്ന് 2,000 അടി ഉയരത്തിലും 20 ഏക്കറിലധികം വിസ്തൃതിയിലും വ്യാപിച്ചു കിടക്കുന്ന ഈ കുന്ന് ഐതിഹ്യത്താല്‍ നിറഞ്ഞിരിക്കുന്നു. ഇതിഹാസമായ മഹാഭാരതത്തിലെ  പാണ്ഡവ സഹോദരന്‍മാര്‍ അവരുടെ വനവാസകാലത്ത് ഈ പാറയ്ക്കടുത്താണ് താമസിച്ചിരുന്നത്. 'അഞ്ച് പാറകള്‍' എന്നര്‍ത്ഥം വരുന്ന 'അഞ്ചുപാറ' എന്നതില്‍ നിന്നാണ് 'അയ്യമ്പാറ' എന്ന പേര് ഉരുത്തിരിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും, ഇവിടെ സ്ഥിതി ചെയ്യുന്ന അയ്യപ്പ ക്ഷേത്രത്തില്‍ നിന്നാണ് ഈ പേര് വന്നതെന്ന് വിശ്വാസവുമുണ്ട്. മേല്‍ക്കൂരയായി പ്രവര്‍ത്തിക്കുന്ന ഒരു പരന്ന പാറക്കഷണത്തെ പിന്തുണയ്ക്കുന്ന നാല് തൂണുകളും, 15-ലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പാറയുടെ ഒരു വശത്തുള്ള ഒരു ഗുഹയും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.


അയ്യമ്പാറ കുന്നുകള്‍ അതിമനോഹരമായ കാഴ്ചകള്‍ നല്‍കുന്നു, പ്രത്യേകിച്ച് സൂര്യാസ്തമയ സമയത്ത്. കുന്നിന്‍ മുകളില്‍ നിന്നുള്ള തണുത്ത പര്‍വത കാറ്റും വിശാലമായ കാഴ്ചകളും ദൈനംദിന തിരക്കുകളില്‍ നിന്ന് ഒരു വേളയെങ്കിലും ഉന്‍മേഷം നല്‍കുന്നതാണ്. 

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക്, അയ്യമ്പാറയിലെ പാറക്കെട്ടുകള്‍ നിറഞ്ഞ സമതലങ്ങള്‍ ഒരു മികച്ച സ്ഥലമാണ്, പര്യവേക്ഷണം ചെയ്യാന്‍ കാത്തിരിക്കുന്ന നിരവധി ട്രെക്കിംഗ് പാതകളുമുണ്ട്.



ഞങ്ങള്‍ക്ക് വിട്ടുതരൂ വേണ്ട വികസനം നടത്താം


അയ്യമ്പാറ കുന്നുകള്‍ ഇപ്പോഴും റവന്യു വകുപ്പിന്റെ കൈവശമാണ്. ഇത് പഞ്ചായത്തിന് വിട്ടുകിട്ടിയാല്‍ വിനോദ സഞ്ചാരികള്‍ക്ക് മുഴുവന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ ഉറപ്പായും കഴിയും. ഇവിടെ ഒരു ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പാക്കാന്‍ 30 ലക്ഷം രൂപാ വര്‍ഷങ്ങള്‍ക്ക് മുന്നേതന്നെ പഞ്ചായത്ത് നീക്കി വച്ചിട്ടുണ്ട്. 
- സോളി ഷാജി, തലനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്




സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കണം
 
അയ്യമ്പാറയില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങളുണ്ടാകണം. ഇതിനായി മാണി സി. കാപ്പന്‍ എം.എല്‍.എ. മുഖാന്തിരം നിവേദനം നല്കിയിട്ടുണ്ട്.
- വിനോദ് തലനാട്



ക്യാമറകള്‍ക്കൊപ്പിയെടുക്കാന്‍ പറ്റിയ പ്രകൃതി ഭംഗി നിറഞ്ഞ ഇടമാണ് അയ്യമ്പാറ

സ്വാഭാവിക പ്രകൃതിയെ നശിപ്പിക്കാതെയുള്ള വികസനം അത്യന്താപേക്ഷിതമാണ്. 
- സാംജി പഴേപറമ്പില്‍, വീഡിയോഗ്രാഫര്‍.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments