ഇന്ന് വൈകുന്നേരത്തോടെയായിരുന്നു ചിത്തിരപുരം തട്ടാത്തിമുക്കിന് സമീപം അപകടം നടന്നത്. നിര്‍മ്മാണ ജോലികള്‍ക്കിടെ മണ്ണിടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. ഈ മണ്ണിനടിയില്‍പ്പെട്ടാണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. കുഴിക്കാട്ടുമറ്റത്തില്‍, ആനച്ചാല്‍ശങ്കുപ്പടി ഭാഗം കുഴിക്കാട്ടുമറ്റത്തില്‍ രാജീവന്‍(43), ബൈസണ്‍വാലി സ്വദേശി ബെന്നി (44)എന്നിവരാണ് മരിച്ചത്.
പ്രദേശത്തെ റിസോര്‍ട്ടിനോട് ചേര്‍ന്ന ഭാഗത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇവിടെ സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം നടക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടയില്‍ മണ്‍തിട്ടയിടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. മണ്ണ് വന്ന് വീണതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ഏറെ സമയം മണ്ണിനടിയില്‍ കുടുങ്ങി കിടന്നു.
അടിമാലി, മൂന്നാര്‍ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളും പ്രദേശവാസികളും ചേര്‍ന്ന് യന്ത്ര സഹായത്തോടെ ഏറെ സമയത്തെ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് മണ്ണിനടിയില്‍ നിന്നും തൊഴിലാളികളെ പുറത്തെടുക്കാനായത്. പക്ഷെ ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍നടപടികള്‍ക്കായി മാറ്റി.
അതേസമയം റിസോര്‍ട്ടിന് സമീപം നിര്‍മ്മാണം നടന്ന് വന്നിരുന്നത് അനധികൃതമായിട്ടാണെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം. റിസോര്‍ട്ട് പൂട്ടി മുമ്പ് തന്നെ നോട്ടീസ് നല്‍കിയതാണെന്നും നിര്‍മ്മാണം അനധികൃതമെന്നും സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഗായത്രി പറഞ്ഞു. നിര്‍മ്മാണം നടന്നു വന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ റവന്യൂ വകുപ്പ് ശക്തമായ തുടര്‍നടപടി സ്വീകരിച്ചേക്കുമെന്നാണ് വിവരം.
0 Comments