തൊടുപുഴ നഗരമധ്യത്തില്‍ അപകടസാധ്യതയൊരുക്കി റോഡിലേക്ക് കയറ്റി അനധികൃത കോണ്‍ക്രീറ്റ് നിര്‍മാണം. അമ്പലം ബൈപ്പാസ് കവലയിലെ ഏറ്റവും തിരക്കുള്ള സ്ഥലത്താണിത്. പൊതുമരാമത്ത് വകുപ്പും നഗരസഭയും അറിയാതെയാണ് സ്വകാര്യ സ്ഥാപനത്തിലേക്ക് വാഹനം കയറ്റുന്നതിന് റോഡിലേക്ക് ചരിച്ച് കോണ്‍ക്രീറ്റ് ചെയ്‌തെടുത്തത്. ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ അവധിയായിരുന്നു. ഈ തക്കംനോക്കി സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനെ ഉപയോഗിച്ചാണ് അനധികൃതമായും അശാസ്ത്രീയമായും റോഡില്‍ കോണ്‍ക്രീറ്റ് ചെയ്തന്നെ് നാട്ടുകാര്‍ പറഞ്ഞു. ഇതിന് മുന്‍പില്‍ ഓട്ടോ സ്റ്റാന്‍ഡുമുണ്ട്.
നാട്ടുകാരില്‍ ചിലര്‍ പ്രതിഷേധിച്ചെങ്കിലും ഗൗനിക്കാതെ കോണ്‍ക്രീറ്റുപണി തുടര്‍ന്നു.നഗരത്തിലെ പ്രധാന വാണിജ്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് അമ്പലം ബൈപ്പാസ് കവല. ഒട്ടുമിക്ക സമയങ്ങളിലും ഇവിടെ വന്‍ തിരക്കാണ്.വലിയ ട്രാഫിക് ബ്ലോക്കും ഉണ്ടാകാറുണ്ട്. ഈ സ്ഥാപനത്തിലേക്ക് കയറാന്‍ റോഡില്‍നിന്ന് മറ്റൊരു കോണ്‍ക്രീറ്റ് ചരിവ് നിര്‍മിച്ചിട്ടുണ്ട്.പുതിയത് നിര്‍മിച്ചതാകട്ടെ മൂവാറ്റുപുഴ റോഡിലേക്ക് വാഹനങ്ങള്‍ വളവ് തിരിഞ്ഞ് വരുന്നയിടത്തും.
വേഗത്തിലെത്തുന്ന വാഹനങ്ങള്‍ക്ക് പെട്ടെന്ന് ഇത് ശ്രദ്ധിക്കാനാകില്ല. മുകളില്‍ കയറി വാഹനം മറിയാനും അപകടങ്ങളുണ്ടാകാനും ഇടയാക്കും. മഴപെയ്താല്‍ ഒലിച്ചുപോകാതെ റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്ന ഇടം കൂടിയാണിത്. സ്ഥിരമായി റോഡ് പൊട്ടിപ്പൊളിയുന്നതിനാല്‍ ഇവിടെ കൊരുപ്പുകട്ട വിരിച്ചിരിക്കുകയാണ്. പുതിയ കോണ്‍ക്രീറ്റ് നിര്‍മാണം വന്നതോടെ വെള്ളം ഒഴുകാത്ത സാഹചര്യവുമുണ്ടാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
0 Comments