തിരുവനന്തപുരം പേരൂർക്കടയിൽ വ്യാജ മോഷണക്കേസിൽ ഇരയാക്കപ്പെട്ട ബിന്ദു ജോലിയിൽ പ്രവേശിച്ചു. തിരുവനന്തപുരം എംജിഎം പബ്ലിക് സ്കൂളിലാണ് ജോലിയിൽ പ്രവേശിച്ചത്. പ്യൂൺ ആയിട്ടാണ് നിയമിച്ചത്. ബിന്ദുവിനെ സ്കൂൾ അധികൃതർ നേരത്തെ വീട്ടിലെത്തി ക്ഷണിച്ചിരുന്നു. പേരൂർക്കടയിലേത് വ്യാജ മാലമോഷണക്കേസ് തന്നെയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
മാല മോഷണം പോയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. പൊലീസ് കഥ മെനയുകയായിരുന്നു. ബിന്ദുവിന്റെ അറസ്റ്റ് ന്യായീകരിക്കാനാണ് ഉദ്യോഗസ്ഥർ കഥ മെനഞ്ഞതെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ വ്യക്തമായി.
മനുഷ്യാവകാശ കമ്മീഷന് ലഭിച്ച ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാല കിട്ടിയത് പരാതിക്കാരിയായ ഓമന ഡാനിയേലിന്റെ വീട്ടിൽ നിന്ന് തന്നെയാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മറവി പ്രശ്നമുള്ള വീട്ടുടമ ഓമന മാല വീട്ടിനുള്ളിൽ വെയ്ക്കുകയായിരുന്നു.
0 Comments