ശ്രവണ പരിമിതി ഉള്ളവർക്കുള്ള ഇന്ത്യൻ സൈൻ ലാംഗ്വേജ് പഠനം പ്രോൽസാഹിപ്പിക്കാൻ സോഫ്റ്റ്‌വെയർ എക്സ്റ്റൻഷനുമായി അരുവിത്തുറ കോളേജ് വിദ്യാർത്ഥികൾ.
ഇന്ത്യൻ സൈൻ ലാംഗ്വേജ് (ഐ.എസ്.എൽ) പഠനവും പ്രചാരവും ലക്ഷ്യമിട്ട് അരുവിത്തുറ സെന്റ് ജോർജ്‌സ് കോളേജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം വിദ്യാർത്ഥികൾ നൂതന ബ്രൗസർ എക്സ്റ്റൻഷൻ പുറത്തിറക്കി. ഐ. എസ് .എൽ വേഡ് അസിസ്റ്റന്റ്' എന്ന് പേരിട്ടിട്ടുള്ള ഈ ടൂൾ ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്സ്, ബ്രേവ് ബ്രൗസർ എന്നിവയിൽ ലഭ്യമാണ്.
ബി.സി.എ വിഭാഗത്തിൻ്റെസമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി അൽബിൻ മാത്യൂസ്, സഞ്ജയ് എസ്. നായർ, അലൻ വിൻസെന്റ് എന്നീ വിദ്യാർത്ഥികളാണ് ഈ എക്സ്റ്റൻഷൻ വികസിപ്പിച്ചത്.
കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജെസ്റ്റിൻ ജോയിയുടെ മേൽനോട്ടത്തിൽ ബി.സി.എ വിഭാഗം അധ്യാപകരായ ലിനു ടി ജയിംസ്, ഡോ സൗമ്യ ജോർജ്, ഡോ അനു ജെയിംസ്,ജെമിനി ജോർജ് എന്നിവർ ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്
വെബ് പേജുകളിൽ ഒരു വാക്ക് തിരഞ്ഞെടുക്കുമ്പോൾ, അതിൻ്റെ ഇന്ത്യൻ സൈൻ ലാംഗ്വേജ് രൂപം കാണിക്കുന്ന വീഡിയോ ഒരു പോപ്പ്-അപ്പ് വിൻഡോയായി വരുന്നതാണ് ഈ എക്സ്റ്റൻഷന്റെ പ്രധാന സവിശേഷത. ഇന്ത്യൻ സൈൻ ലാംഗ്വേജ് റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്ററിൽ നിന്നുള്ള ഏകദേശം 8,000 വാക്കുകളുടെ ശേഖരം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, സൈൻ ലാംഗ്വേജ് പഠിക്കുന്നവർക്കും ഗവേഷകർക്കും അധ്യാപകർക്കും ഇത് വളരെ ഉപകാരപ്രദമാകും.
"ദൈനംദിന ബ്രൗസിംഗിന്റെ ഭാഗമായിത്തന്നെ പഠനം സാധ്യമാക്കുന്ന ഈ എക്സ്റ്റൻഷൻ, ഇന്ത്യൻ സൈൻ ലാംഗ്വേജ് പൊതുജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കും. കൂടാതെ, സാങ്കേതികവിദ്യയിൽ എല്ലാവരെയും ഉൾക്കൊള്ളിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പുകൂടിയാണിത്," പ്രൊജക്ടിന് മാർഗനിർദേശം നൽകിയ ഡോ. ജെസ്റ്റിൻ ജോയ് പറഞ്ഞു. ബധിര സമൂഹവുമായുള്ള ആശയവിനിമയത്തിലെ വിടവ് നികത്താൻ ഈ എക്സ്റ്റൻഷൻ സഹായിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് പറഞ്ഞു.പുതിയ സംരംഭത്തെ കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ,ബർസാർ റവ. ഫാ ബിജു കുന്നയ്ക്കാട്ട്,വൈസ് പ്രിൻസിപ്പൽ ഡോ ജിനു ആനി ജോൺ എന്നിവർ അഭിനന്ദിച്ചു.
ഐ. എസ്. എൽ വേഡ് അസിസ്റ്റന്റ്' എന്ന പേരിൽ ക്രോം, ഫയർഫോക്സ്, ബ്രേവ് വെബ് സ്റ്റോറുകളിൽ ഈ എക്സ്റ്റൻഷൻ സൗജന്യമായി ലഭ്യമാണ്.
0 Comments