ജയറാമിന്റെ വീട്ടിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തെളിവെടുപ്പ്‌ നടത്തും.....പ്രതിപ്പട്ടികയിലുള്ള എല്ലാവരേയും അറസ്റ്റ്‌ ചെയ്യും.



  ശബരിമല ദ്വാരപാലക ശില്‍പ്പപാളികളിലെയും കട്ടിളപ്പടികളിലെയും സ്വര്‍ണം മോഷ്ടിച്ചതില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും പങ്ക്. എല്ലാവരേയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റും ചെയ്യാനാണ് സാധ്യത. പ്രതിപ്പട്ടികയില്‍ രണ്ടുമുതല്‍ 10 വരെയുള്ള ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടെന്ന് പ്രത്യേക അന്വേഷക സംഘം റാന്നി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. 


 വന്‍ ഗൂഢാലോചനയാണ് നടന്നതെന്നും മുഖ്യപ്രതി തിരുവനന്തപുരം ചിറയിന്‍കീഴ് പുളിമാത്ത് ഭഗവതി വിലാസത്തില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി (52) രണ്ടുകിലോ സ്വര്‍ണമാണ് അപഹരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനായ മുരാരി ബാബുവിനേയും ഉടന്‍ അറസ്റ്റു ചെയ്യും. ബംഗ്ലൂരുവിലെ സ്വര്‍ണ്ണ മുതലാളിയ്‌ക്കെതിരേയും മൊഴിയുണ്ട്. ഈ സ്വര്‍ണ്ണകട മുതലാളിയെ അറസ്റ്റു ചെയ്യുമോ എന്നതാണ് ഉയരുന്ന ചോദ്യം. 


 ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി അന്വേഷക സംഘം കര്‍ണാടകയിലും തമിഴ്‌നാട്ടിലും തെലങ്കാനയിലും തെളിവെടുക്കും. 2019 ജൂലൈ 19നും 20നുമായി ഇളക്കിയെടുത്ത ദ്വാരപാലക ശില്‍പ്പപാളികളും വാതില്‍പ്പടികളും ആദ്യം കൊണ്ടുപോയത് ബംഗളൂരുവിലേക്കാണ്. സുഹൃത്ത് അനന്തസുബ്രഹ്‌മണ്യത്തിന്റെ വീട്ടിലാണ് സ്വര്‍ണം ആദ്യം സൂക്ഷിച്ചത്. ഇവിടെ ആദ്യം തെളിവെടുക്കും. അവിടെനിന്ന് പാളികള്‍ ഹൈദരാബാദില്‍ സ്വര്‍ണപ്പണിചെയ്യുന്ന നാഗേഷിന്റെ സ്ഥാപനത്തില്‍ കൊണ്ടുപോയിരുന്നു. ഇവിടെയും പാളികള്‍ സ്വര്‍ണം പൂശിയ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലും തെളിവെടുക്കും. ശില്‍പ്പപാളികള്‍ പ്രദര്‍ശിപ്പിക്കുകയും പൂജ നടത്തുകയും ചെയ്ത സ്ഥാപനങ്ങളിലും വീടുകളിലും തെളിവെടുക്കും. ബെല്ലാരിയിലെ വ്യവസായി വിനോദ് ജെയിന്റെ വീട്ടിലും അജികുമാര്‍ എന്നയാളുടെ എറണാകുളം വാഴക്കുളത്തെ വീട്ടിലും തെളിവെടുപ്പ് നടത്തും. നടന്‍ ജയറാമിന്റെ വീട്ടിലും പ്രത്യേക അന്വേഷണ സംഘം എത്തും. 


 ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഒളിവില്‍ പോകാന്‍ ശ്രമിച്ചതായും ഇതേത്തുടര്‍ന്നാണ് അതിവേഗം കസ്റ്റഡിയിലെടുത്തതെന്നും പ്രത്യേക അന്വേഷണസംഘം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം ക്രൈംബ്രാഞ്ച് എസ്പി ശശിധരന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ശബരിമലയിലായിരുന്ന എസ്പി ഇക്കാര്യം കീഴുദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഇയാള്‍ ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിച്ച് ഓഫായിരുന്നു. ഇതോടെ വ്യാഴാഴ്ച ഉച്ചക്ക് 12ന് തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്തെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 


പോലീസ് സംഘം പുളിമാത്തുള്ള വീട്ടില്‍ എത്തുമ്പോള്‍ പോറ്റി സ്ഥലം വിടാനുള്ള തയാറെടുപ്പിലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റാന്നി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആര്‍ സി അരുണ്‍കുമാറാണ് റിമാന്‍ഡ് കാലയളവില്‍ത്തന്നെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ വിട്ടത്. ആറാഴ്ചയില്‍ അന്വേഷണം പൂര്‍ത്തിയാക്കേണ്ട കേസെന്ന നിലയിലാണിത്. ഹൈക്കോടതി നിര്‍ദേശപ്രകാരം അടച്ചിട്ട മുറിയിലായിരുന്നു നടപടികള്‍. റിമാന്‍ഡ് റിപ്പോര്‍ട്ടിനൊപ്പം കസ്റ്റഡി അപേക്ഷയും പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചു. ഉണ്ണിക്കൃഷ്ണന്‍ പോറ്റി മുഖ്യപ്രതിയായ സമാനമായ കേസില്‍ വിശദാന്വേഷണം നടക്കുകയാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.  



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments