പാലായിലെ ബസ് സമരം; ഇനിയും വൈഷ്ണവിന്മാർ ഉണ്ടാവണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ........ചെയർമാൻ എബി . ജെ. ജോസാണ് ഇതു സംബന്ധിച്ച വിശദമായ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.... വിദ്യാർത്ഥികളെ മർദ്ദിച്ചവർക്കെതിരെയും ബസ് ജീവനക്കാരെ മർദ്ദിച്ചവർക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നു.
സ്വന്തം ലേഖകൻ
വിദ്യാർത്ഥിനിയ്ക്ക് കൺസഷൻ നൽകുന്നതിനെ ചൊല്ലി ആരംഭിച്ച പ്രശ്നം വിദ്യാർത്ഥി മർദ്ദനത്തിലും വിദ്യാർത്ഥി പ്രതിഷേധത്തിലും എത്തുകയും ബസ് ജീവനക്കാരുടെ പിടിപ്പുകേട് അവർക്കെതിരെയുള്ള മർദ്ദനത്തിലും തുടർന്നു ഇന്നു രണ്ടാം ദിവസം തുടരുന്ന ബസ് പണിമുടക്കിലും കലാശിച്ചിരിക്കുകയാണ്. വിഷയത്തിൽ രാഷ്ട്രീയ കക്ഷികൾ പക്ഷം ചേർന്നതോടെ പ്രശ്നം രൂക്ഷമാകുകയും ചെയ്തു.
കോട്ടയം നാട്ടകം ഗവൺമെൻ്റ് കോളജ് ഡിഗ്രി വിദ്യാർത്ഥിനിയായ ബാലസംഘം സെക്രട്ടറി വൈഷ്ണവി രാജേഷിനാണ് കഴിഞ്ഞ വെള്ളിയാഴ്ച ദുരനുഭവം നേരിട്ടത്. കുഴിത്തോട്ട് ബസിൽ നിന്നുമാണ് ദുരനുഭവമുണ്ടായത്. വൈഷ്ണവിയോട് ബസ് ജീവനക്കാർ അപമര്യാദയോടെ പെരുമാറിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നതാണ് യാഥാർത്ഥ്യം.
വൈഷ്ണവി രാജേഷ്: 2023 ൽ ബി എ പൊളിറ്റിക്കൽ സയൻസിന് നാട്ടകം ഗവൺമെൻ്റ് കോളജിൽ 37539 നമ്പരായി അഡ്മിഷൻ എടുത്ത വിദ്യാർത്ഥിയാണ്. കഴിഞ്ഞ രണ്ടു വർഷമായി റഗുലർ കോഴ്സ് പഠിക്കുന്നു. സ്ഥിരമായി പാലായിൽ നിന്നും നാട്ടകത്ത് പോയി പഠനം നടത്തുന്നു. ക്ലാസ് വിട്ടു തിരികെ പോരുമ്പോൾ നാട്ടകത്തു നിന്നും കോട്ടയത്ത് വന്നശേഷമാണ് പാലായ്ക്ക് വണ്ടി കയറുന്നത്. നാട്ടകത്തു നിന്നും പാലായ്ക്ക് നേരിട്ട് സ്വകാര്യ ബസ് സർവ്വീസ് ഇല്ലാത്തതിനാലാണ് കോട്ടയത്ത് വന്നശേഷം പാലായ്ക്കുള്ള ബസ് കയറുന്നത്.
കോട്ടയത്തെ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ നിന്നും വൈഷ്ണവിയ്ക്ക് 6124 നമ്പരായി സ്റ്റുഡൻ്റ്സ് കൺസഷൻ ഐഡി കാർഡ് അനുവദിച്ചത് 2023 ഡിസംബർ നാലിനാണ്. ഇതിൻ്റെ കാലാവധി 2026 ഡിസംബർ 31 വരെ ഉണ്ട്. ഇതിൽ വൈഷ്ണവിയുടെ കരൂരിലെ വീടിൻ്റെ അഡ്രസ് കൊടുത്തിട്ടുണ്ട്. അതിനർത്ഥം 2026 ഡിസംബർ 31 വരെ കാർഡ് ഉപയോഗിച്ച് നാട്ടകത്ത് നിന്ന് പാലാ കരൂരിലെ വീട് വരെ കൺസഷൻ ചാർജ് നൽകി വരാൻ അനുമതിയുണ്ടെന്നതാണ്.
ഇതിൻ്റെ രേഖകൾ ഇതോടൊപ്പം ചേർക്കുന്നു.
സംഭവ ദിവസം കോളജ് വിട്ടശേഷം നാഗമ്പടം ബസ് സ്റ്റാൻ്റിൽ എത്തിയ വൈഷ്ണവി പാലായ്ക്ക് കുഴിത്തോട്ട് ബസിൽ കയറി. തുടർന്നു കൺസഷൻ ടിക്കറ്റിനു തുക നൽകിയപ്പോൾ സ്റ്റാൻ്റിൽ നിന്നും കയറിയാൽ കൺസഷൻ നൽകാനാവില്ലെന്നു കണ്ടക്ടർ നിലപാടെടുത്തു.
കോളജ് ഐഡി കാർഡും സർക്കാർ അനുവദിച്ച കൺസഷൻ കാർഡും ഉൾപ്പെടെ ഉൾപ്പെടെ കാണിച്ചിട്ടും കണ്ടക്ടർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. 'നീയൊക്കെ എത്രനാൾ ഇങ്ങനെ നാണം കെട്ട് പോകുമെടീ' എന്നു തുടങ്ങി ബസിൽ കയറിയതു മുതൽ പാലാവരെ വിദ്യാർത്ഥിയെ കളിയാക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. മുമ്പും ഇതേ ബസിൽ മറ്റൊരു കണ്ടക്ടർ അധിക്ഷേപിച്ചിട്ടുണ്ടെന്നു വൈഷ്ണവി പറഞ്ഞു.
തുടർന്ന് പാലായിലെത്തിയ വൈഷ്ണവി പാർട്ടി ഓഫീസിൽ എസ് എഫ് ഐ പ്രവർത്തകരോട് ബസ് കണ്ടക്ടറുടെ അധിക്ഷേപത്തെക്കുറിച്ച് പരാതി പറഞ്ഞു. പാർട്ടി ഓഫീസിനോട് ചേർന്ന കൊട്ടാരമറ്റം സ്റ്റാൻ്റിൽ ഇതേക്കുറിച്ച് ചോദിക്കാൻ കഴിഞ്ഞ ദിവസം ചെന്ന എസ് എഫ് ഐ പ്രവർത്തകരെ കണ്ടക്ടർ ചവിട്ടി വീഴ്ത്തി. ഒപ്പമുണ്ടായിരുന്ന വൈഷ്ണവിയെയും തള്ളിമാറ്റി.
തുടർന്ന് അവിടെ ഉണ്ടായിരുന്ന ബസ് ജീവനക്കാർ എസ് എഫ് ഐ പ്രവർത്തകരെ മർദ്ദിച്ചു. ഇതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച എസ് എഫ് ഐ പാലായിൽ യോഗം നടത്തി. യോഗസ്ഥലത്തിന് സമീപം ആരോപണ വിധേയമായ ബസ് കൊണ്ടിടുകയും മർദ്ദനത്തിൽ പങ്കാളിയായ ബസ് ജീവനക്കാരൻ യോഗസ്ഥലത്തിനു സമീപം എത്തുകയും ചെയ്തു. ഇയാളെ കണ്ട് പ്രകോപിതരായ വിദ്യാർത്ഥികൾ ഇയാളെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇവിടേയ്ക്ക് എത്തിയ ബസ് ജീവനക്കാരും പ്രശ്നത്തിൽ ഇടപെട്ടതോടെ സംഘർഷം ഉടലെടുക്കുകയും ജീവനക്കാർക്കു മർദ്ദനം ഏൽക്കുകയുമായിരുന്നു. ഈ മർദ്ദനത്തിൽ പ്രതിഷേധിച്ചാണ് ആളുകളെ വലച്ച് പ്രൈവറ്റ് ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയത്. തുടർന്നു ഇന്നും ജനദ്രോഹ പണിമുടക്ക് തുടരാനാണ് ബസ് ജീവനക്കാരുടെ തീരുമാനം.
കഴിഞ്ഞ വെള്ളിയാഴ്ച കുഴിത്തോട്ട് ബസിൽ വിദ്യാർത്ഥിയുമായി ഉണ്ടായ പ്രശ്നത്തിൻ്റെ വീഡിയോ പുറത്തു വിടാത്തത് എന്തുകൊണ്ടാണെന്ന റോബിൻ ഗിരീഷിൻ്റെ ചോദ്യം ഇവിടെ പ്രസക്തമാകുകയാണ്.
വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ടതും സർക്കാർ അംഗീകരിച്ചതുമായ കൺസഷൻ കൊടുക്കില്ലെന്ന ബസുകാരുടെ നിലപാടാണ് പ്രശ്നങ്ങളുടെ മൂലകാരണം.
കൺസഷൻ ഔദാര്യമല്ല അവകാശമാണ്. മൊബൈൽ ഫോൺ ചാർജു ചെയ്യുന്നു, പഫ്സ് കഴിക്കുന്നു തുടങ്ങിയവയൊന്നും കൺസഷനെ എതിർക്കാനുള്ള ന്യായീകരണമല്ല.
രാവിലെയും വൈകിട്ടും മാത്രമാണ് വിദ്യാർത്ഥികൾ കൺസഷൻ നൽകി യാത്ര ചെയ്യുന്നത്. 95 ശതമാനം വിദ്യാർത്ഥികളും ചെറിയ ദൂരത്തിലാണ് കൺസഷൻ നൽകി യാത്ര ചെയ്യുന്നത്. മുൻ കാലങ്ങളെ അപേക്ഷിച്ച് വിദ്യാർത്ഥി കൺസഷൻ ഉപയോഗിക്കുന്നത് കുറവാണ്. ഒട്ടേറെ വിദ്യാർത്ഥികളെ സ്കൂൾ ബസുകളിലും സ്വന്തം വാഹനത്തിലും കോൺട്രാക്ട് വാഹനങ്ങളിലാണ് സ്കൂളുകളിൽ എത്തിക്കുന്നത്.
ബസുകളിൽ വിദ്യാർത്ഥികൾക്കു കൺസഷൻ നൽകുന്നതിനെ എതിർക്കുന്ന സ്വകാര്യ ബസുകാർ ബസുകളിൽ സീറ്റിംഗ് കപ്പാസിറ്റിയുടെ 20 ശതമാനം ആളുകളെ മാത്രമേ നിർത്തി യാത്ര ചെയ്യാൻ പാടുള്ളൂ എന്ന നിയമം പാലിക്കുന്നില്ല. പരമാവധി ആളുകളെ ബസുകളിൽ കുത്തിനിറച്ച് കയറ്റി കൊണ്ടുപോകാൻ സാധിക്കില്ലെങ്കിലും ആ നിയമം ലംഘിക്കപ്പെടുകയാണ്. ഒരു അപകടം സംഭവിച്ചാൽ ഇൻഷ്വറൻസ് പരിരക്ഷ പോലും കിട്ടാത്ത വിധമാണ് ഇത്തരം ആളെക്കുത്തി നിറച്ചുള്ള ബസുകളുടെ യാത്ര. ഇതോടൊപ്പം ഇരുന്നു യാത്ര ചെയ്യുന്നവരേക്കാൾ ബുദ്ധിമുട്ടിയാണ് നിന്ന് യാത്ര ചെയ്യുന്നത്. എന്നാൽ ഇരുന്ന് യാത്ര ചെയ്യുന്നവർക്കും നിന്ന് യാത്ര ചെയ്യുന്നവർക്കും ഒരേ ചാർജാണ് ഈടാക്കുന്നത്. കൺസഷൻമൂലം എന്തെങ്കിലും നഷ്ടം വരുന്നുണ്ടെങ്കിൽ ഈ വഴികളിലൂടെ എല്ലാം ബസുകൾ ലാഭിക്കുന്നുണ്ട്. പല സംസ്ഥാനങ്ങളിലും വിദ്യാർത്ഥികൾക്കു സമ്പൂർണ സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ടെന്നതും പ്രൈവറ്റ് ബസുകാർ വിസ്മരിക്കുകയാണ്.
ഈ സംഭവത്തിൽ പ്രതികരിച്ചതിൻ്റെ പേരിൽ വൈഷ്ണവി വ്യാപകമായി അധിഷേപിക്കപ്പെടുകയാണ്. കേവലം വിദ്യാർത്ഥിയായ ഒരു പെൺകുട്ടി തനിക്ക് അർഹതപ്പെട്ടതും സർക്കാർ അനുവദിച്ചതുമായ വിദ്യാർത്ഥി കൺസഷൻ അന്യായമായി നിഷേധിക്കപ്പെട്ടപ്പോൾ പ്രതികരിച്ചതിനാണ് അധിക്ഷേപത്തിനിരയാക്കിക്കൊണ്ടിരിക്കുന്നത്. വെറും പത്തു പൈസ കൺസഷൻ കൊടുത്ത് സ്കൂളിൽ പോയിട്ടുള്ളവരാണ് ഇങ്ങനെ അധിക്ഷേപം ചെരിയുന്നവരിൽ പലരുമെന്ന് അവർ തന്നെ മറന്നു പോകുന്നു. വിദ്യാർത്ഥികൾക്കു കൺസഷൻ നൽകിയതിൻ്റെ പേരിൽ ഒരു ബസ് സർവ്വീസും നഷ്ടത്തിലാകുകയോ നിലച്ചുപോകുകയോ ചെയ്തിട്ടില്ലെന്നത് വേറെ കാര്യം.
വൈഷ്ണവി തനിക്കർഹതപ്പെട്ടത് നിഷേധിച്ചത് ബസിൽ വച്ച് ചോദ്യം ചെയ്തതാണോ തെറ്റ്? കോട്ടയം മുതൽ പാലാവരെ ആ പെൺകുട്ടിയെ അധിക്ഷേപിച്ചത് എന്തിനാണ്? സർക്കാർ അനുവദിച്ച കൺസഷൻ എന്തടിസ്ഥാനത്തിലാണ് കണ്ടക്ടർ നിഷേധിക്കുന്നത്? കൺസഷൻ അനുവദിക്കുന്നതിൽ അപാകതയുണ്ടെങ്കിൽ സർക്കാരിൽ പരാതി കൊടുത്തത് കൺസഷൻ റദ്ദാക്കുകയല്ലേ വേണ്ടിയിരുന്നത്. പകരം തൻ്റെ മകളോളമോ സഹോദരിയോളമോ മാത്രം വരുന്ന ഒരു പെൺകുട്ടിയോട് ചെയ്തതിനെ എങ്ങനെ ന്യായീകരിക്കാനാവും. എത്ര പെൺകുട്ടികൾക്ക് ബസുകളിൽ ഇത്തരം ദുരനുഭവം നേരിടുന്നുണ്ടാവും. വൈഷ്ണവിയ്ക്കു സംഘടനാ പ്രവർത്തന പരിചയമുള്ളതിൻ്റെ പേരിൽ സംഘടന പ്രവർത്തകരോട് പരാതി പറഞ്ഞു. സ്വഭാവികമായും അവർ വിവരം അന്വേഷിക്കാൻ ചെല്ലും. അതിനു ചെന്നവരെ കണ്ടക്ടർ ചവിട്ടിക്കൂട്ടിയതും ഒപ്പമുള്ളവർ മർദ്ദിച്ചതും ശരിയുടെ ഭാഗമാണോ.
വൈഷ്ണവിയുടെ ഭാഗം പുറത്തുവന്നതോടെ ഒട്ടേറെ പേർ മോശം വാക്കുകളുമായി ആ കുട്ടിയെ അധിക്ഷേപിക്കുന്ന കാഴ്ച കാണാനായി. ഇങ്ങനെ അധിക്ഷേപിക്കുന്ന പലരുടെയും പ്രൊഫൈലിൽ അവരുടെ മക്കളെയും പെൺമക്കളെയും കൊച്ചു മക്കളെയും സഹോദരിമാരെയും ഒക്കെ താലോലിക്കുന്ന ചിത്രങ്ങളും വീഡിയോകളും നിരവധിയുണ്ട്. അവർക്കാണ് ഈ ദുരനുഭവമെങ്കിൽ ഇങ്ങനെ അധിക്ഷേപം ചൊരിയുന്നവർ എങ്ങനെ സഹിക്കും. വൈഷ്ണവി എന്ന പെൺകുട്ടി എത്ര പക്വതയോടെയാണ് സംസാരിക്കുന്നത്. അവർ ബസ് ജീവനക്കാരെ ആകെ കുറ്റം പറയുന്നില്ലെന്നതു പോലും ശ്രദ്ധിക്കാതെയാണ് അധിക്ഷേപം നടത്തുന്നത്.
എന്തുകൊണ്ടാണ് പ്രശ്നം വഷളായതെന്നു മനസിലാക്കാൻ ബസ് ജീവനക്കാർ തയ്യാറായിരുന്നുവെങ്കിൽ പ്രശ്നം കൈവിട്ടു പോകുമായിരുന്നില്ല. പ്രശ്നം സൃഷ്ടിച്ച് വഷളാക്കിയിട്ട് എം എം യെയും എം എൽ എ യും ചീത്തവിളിച്ചിട്ട് എന്തുകാര്യം. എത്രയൊക്കെ നിലവിളിച്ചാലും ഇരവാദം ഉയർത്തിയാലും സത്യം സത്യമായി നിലകൊള്ളുക തന്നെ ചെയ്യും.
ജനത്തെ ബന്ദിയാക്കി നടത്തുന്ന ബസ് സമരത്തെ കൈകാര്യം ചെയ്യാൻ സർക്കാർ തയ്യാറാകണം. ബസ് സമരം അവസാനിപ്പിച്ചില്ലെങ്കിൽ പെർമിറ്റ് റദ്ദാക്കാൻ നടപടിയെടുക്കണം. വൈഷ്ണവിയെ അധിക്ഷേപിച്ച് കൺസഷൻ നിക്ഷേധിച്ച കണ്ടക്ടർക്കെതിരെ നടപടി സ്വീകരിക്കണം. വിദ്യാർത്ഥികളെ മർദ്ദിച്ചവർക്കെതിരെയും ബസ് ജീവനക്കാരെ മർദ്ദിച്ചവർക്കെതിരെയും നടപടിയുണ്ടാവണം.
ഒപ്പം അനീതികളെ ചോദ്യം ചെയ്യാൻ വൈഷ്ണവിന്മാർ ഉണ്ടാവണം. ചോദ്യം ചെയ്ത അവരുടെ രാഷ്ട്രീയം ഇതിൽ നോക്കേണ്ടതില്ല. വൈഷ്ണവിക്കെതിരെ അനീതി ഉണ്ടായിട്ടുണ്ട്. അതിനെതിരെ ശക്തമായ നിലപാടെടുത്ത വൈഷ്ണവിയെ പിന്തുണയ്ക്കാൻ രാഷ്ട്രീയത്തിനതീതമായ നിലപാടാണ് ജനം സ്വീകരിക്കേണ്ടത്. പ്രതികരിക്കാനുള്ള വൈഷ്ണവിയുടെ ആർജ്ജവത്തെ അഭിനന്ദിക്കാതിരിക്കാൻ സാധിക്കില്ല. അനീതിയെ ചോദ്യം ചെയ്യേണ്ട തലമുറയെ ആണ് നമുക്ക് വേണ്ടത്. ഇല്ലെങ്കിൽ കഴിഞ്ഞ ദിവസം പാലായിൽ ബസിൽ വച്ചു കണ്ടക്ടറുടെ ഉപദ്രവം ഉണ്ടായിട്ടും പ്രതികരിക്കാൻ മടിച്ച മറ്റൊരു പെൺകുട്ടിയെ പോലെ ഇനിയും പെൺകുട്ടികൾ ഉണ്ടാവരുത്.
എബി ജെ ജോസ് കുറിക്കുന്നു
0 Comments