രാഷ്ട്രപതി ദ്രൗപദി മുർമു വ്യാഴാഴ്ച പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിൽ ..... ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു .....
പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുക്കും.
സെന്റ് തോമസ് കോളജിന്റെ ചരിത്രത്തിലാദ്യമായാണ് പ്രസിഡന്റ് പദവി വഹിക്കുമ്പോൾ തന്നെ ഒരു ഭരണാധികാരി കോളേജ് സന്ദർശിക്കുന്നത്.
പ്ലാറ്റിനം ജൂബിലി സ്മാരകമായി നിർമ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ ശിലാഫലകവും രാഷ്ട്രപതി അനാച്ഛാദനം ചെയ്യും.
പാലാ രൂപതാദ്ധ്യക്ഷനും കോളേജിന്റെ രക്ഷാധികാരിയുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. മുഖ്യവികാരി ജനറാളും കോളജ് മാനേജരുമായ റവ. ഡോ. ജോസഫ് തടത്തില്‍, പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ തുടങ്ങിയവർ നേതൃത്വം നല്കും. വ്യാഴാഴ്ച വൈകിട്ട് 4 - നാണ് പരിപാടി.
വീഡിയോ ഇവിടെ കാണാം 👇👇👇
1950-ല്‍ അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവിനാല്‍ സ്ഥാപിതമായ സെന്റ് തോമസ് കോളേജ് നാക് ഗ്രേഡിംഗില്‍ ഉയർന്ന സ്‌കോറോടെ A++ അംഗീകാരം കരസ്ഥമാക്കിയും ഓട്ടോണമസ് പദവി നേടിയും പെൺകുട്ടികൾക്കു കൂടി പ്രവേശനം നല്കിയും ചരിത്രപരമായ നേട്ടങ്ങളിലൂടെയും മുന്നേറ്റത്തിലൂടെയാണ് ജൂബിലി വർഷം പിന്നിടുന്നത്. വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളിലും കലാസാഹിത്യ മേഖലകളിലും ശാസ്ത്രസാങ്കേതിക രംഗങ്ങളിലും കായിക ലോകത്തും രാഷ്ട്രീയത്തിലുമെല്ലാം സ്വാധീനം ചെലുത്തിയ അതുല്യപ്രതിഭകളെ ലോകത്തിനു സമ്മാനിക്കാന്‍ കഴിഞ്ഞതിന്റെ പാരമ്പര്യം അഭംഗുരം നിലനിർത്തുവാൻ കോളേജിന് ഇന്നും സാധിക്കുന്നു എന്നത് അഭിമാനകരമാണ്.
16 ബിരുദ പ്രോഗ്രാമുകളും 16 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും 11 ഗവേഷണ കേന്ദ്രങ്ങളുമായി കാലത്തിനൊപ്പം മികവോടെ മുന്നേറുവാനും സമർത്ഥരായ വിദ്യാർത്ഥികൾക്ക് ഉന്നതനിലവാരം പുലർത്തുന്ന സിവില്‍ സർവീസ് പരിശീലന കേന്ദ്രത്തിന്റെ സേവനം ലഭ്യമാക്കുവാനും കോളേജ് സവിശേഷ ശ്രദ്ധ പുലർത്തുന്നു. കേരളത്തിലെ തന്നെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ളതും വിപുലവുമായ ലൈബ്രറി ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്രദമാണ്. ലോകനിലവാരത്തിലുള്ള സ്വിമ്മിംഗ്പൂള്‍ ഉള്ക്കൊകള്ളുന്ന ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്‌സും ഓപ്പണ്‍ ജിംനേഷ്യവും വിദ്യാർത്ഥികൾക്കും പൊതു സമൂഹത്തിനും ഏറെ പ്രയോജനപ്രദമാണ്.
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കോളേജിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ നടത്തിയ സൈക്കിൾ പ്രയാണത്തിലൂടെ ആരോഗ്യ പരിപാലനത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും സന്ദേശം കേരളത്തിലെ മുഴുവൻ ജില്ലകളിലും എത്തിക്കാൻ കഴിഞ്ഞു. ദേശീയതലത്തിൽ ശ്രദ്ധേയരായ പ്രമുഖ വ്യക്തിത്വങ്ങളുടെയും ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പങ്കാളിത്തത്തോടെ ജൂബിലി വർഷത്തിൽ നടപ്പിലാക്കിയ ലൂമിനാരിയ വിദ്യാഭ്യാസ സാംസ്കാരിക പ്രദർശനമേളയും കോളേജിന്റെ യശസ്സുയർത്തുന്നതായിരുന്നു.
മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം തുടങ്ങിയവരുടെ സന്ദർശനത്തിന്റെ ദീപ്തമായ ഓർമ്മകൾ സ്വന്തമായുള്ള പാലാ സെന്റ് തോമസ് കോളേജിന് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനത്തിലൂടെ അവിസ്മരണീയമായ മറ്റൊരു ദിനം കൂടി സ്വന്തമാവുകയാണ്.
0 Comments