75 വയസ് പൂർത്തിയായതിനെത്തുടർന്ന് നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ഡോ. വിൻസെന്‍റ് സാമുവൽ വിരമിച്ചു. പിന്തുടർച്ചാവകാശമുള്ള ബിഷപ്പായ ഡോ. ഡി. സെൽവരാജനെ രൂപതയുടെ പുതിയ ബിഷപ്പായി ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. ഡോ. വിൻസെന്റ് സാമുവലിന് 75 വയസ് പൂർത്തിയായതിനെത്തുടർന്ന് വിരമിക്കാനുള്ള സന്നദ്ധത അറിയിച്ച് ലെയോ പതിനാലാമൻ പാപ്പയ്ക്കു നൽകിയ കത്ത് സ്വീകരിച്ചതോടെയാണ് പ്രഖ്യാപനം.
സഹ മെത്രാനായി നിയമിതനായ ഡോ. ഡി. സെൽവരാജൻ രൂപതയുടെ നേതൃത്വം ഏറ്റെടുക്കും. 1962 ജനുവരി 27-ന് വലിയവിളയിൽ ജനിച്ച ബിഷപ്പ് സെൽവരാജൻ ദാസൻ 1987 ഡിസംബർ 23-ന് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്കു വേണ്ടി പൗരോഹിത്യം സ്വീകരിക്കുകയും പിന്നീട് നെയ്യാറ്റിൻകര
രൂപത നിലവിൽ വന്നപ്പോൾ പ്രസ്തുത രൂപതയിൽ ചേരുകയുമായിരുന്നു. 2025 ഫെബ്രുവരി 8-ന് നെയ്യാറ്റിൻകര രൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി നിയമിതനായ അദ്ദേഹത്തിൻറെ മെത്രാഭിഷേകം മാർച്ച് 25-നായിരുന്നു.
0 Comments