സംസ്ഥാനത്ത് ബുധനാഴ്ച മുതൽ ഉച്ചയ്ക്ക് ശേഷവും രാത്രിയും ഇടിമിന്നൽ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
മലയോര, ഇടനാട് മേഖലകളിലാകും കൂടുതലായും ഇടിമിന്നൽ മഴക്ക് സാധ്യതയെന്നാണ് വ്യക്തമാകുന്നത്. കാലവർഷക്കാറ്റ് പൊതുവെ ദുർബലമായ സാഹചര്യത്തിൽ അന്തരീക്ഷത്തിൽ കാറ്റിന്റെ അസ്ഥിരതയാണ് ഇടിമിന്നൽ മഴക്ക് കാരണമാകുന്നതെന്നാണ് കാലാവസ്ഥ വിദഗ്ധനായ രാജീവൻ എരിക്കുളം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്.
ഒക്ടോബർ പകുതിയോടെയോ ശേഷമോ കിഴക്കൻ കാറ്റ് സജീവമായി തുലാവർഷം ആരംഭിക്കാനുള്ള സൂചന വിവിധ ഏജൻസികൾ നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
0 Comments