വന്ദേഭാരതില്‍ ഇനി തലശ്ശേരി ബിരിയാണിയും നാടന്‍ കോഴിക്കറിയും.....കേരള വിഭവങ്ങള്‍ ഉള്‍പ്പെടുത്തി മെനു പരിഷ്‌കരിച്ചു


 തലശ്ശേരി ബിരിയാണി മുതല്‍ നാടന്‍ കോഴിക്കറി വരെ…. തനത് രുചികള്‍ക്ക് പ്രാധാന്യം നല്‍കി കേരളത്തിലെ വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണങ്ങള്‍ പരിഷ്‌കരിക്കുന്നു. പ്രാദേശിക വിഭങ്ങളുടെ രുചി വൈവിധ്യങ്ങള്‍ ഇനി യാത്രയിലും ആസ്വദിക്കാവുന്ന വിധത്തിലാണ് ഐആര്‍സിസിടിയുടെ പുതിയ മെനു. ഭക്ഷണത്തെ കുറിച്ച് നിരന്തരം പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ കാറ്ററിങ് കമ്പനികളെ ഉള്‍പ്പെടുത്തി ഐആര്‍സിടിസി പരിഷ്‌കരണം നടപ്പാക്കുന്നത്. 


 കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിന്ദാവന്‍ ഫുഡ് പ്രൊഡക്റ്റിനായിരുന്നു കേരളത്തിലേയും തമിഴ്‌നാട്ടിലെയും വന്ദേ ഭാരത് ട്രെയിനുകളിലെ ഭക്ഷണ വിതരണത്തിന്റെ ചുമതല. എന്നാല്‍ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് നിരന്തരം പരാതികള്‍ ഉയര്‍ന്നതോടെ കരാര്‍ റദ്ദാക്കിയിരുന്നു. ഇക്കഴിഞ്ഞ മേയില്‍ കൊച്ചി കോര്‍പ്പറേഷന്‍ നടത്തിയ പരിശോധനയില്‍ സ്ഥാപനത്തില്‍ നിന്നും കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് സ്ഥാപനവുമായുള്ള കരാര്‍ റദ്ദാക്കിയത്. 


 ദക്ഷിണ റെയില്‍വെയുടെ നടപടി ചോദ്യം ചെയ്ത് സ്ഥാപനം മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ റെയില്‍വെ അധികൃതര്‍ സമര്‍പ്പിച്ച തെളിവുകള്‍ പരിഗണിച്ച കോടതി കരാര്‍ റദ്ദാക്കിയ തീരുമാനം അംഗീകരിക്കുകയും ചെയ്തു. പിന്നാലെയാണ് പുതിയ കാറ്ററിങ് കമ്പനികളെ ട്രെയിനില്‍ ഭക്ഷണ വിതരണത്തിനായി കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചത്. സങ്കല്‍പ് റിക്രിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, എഎസ് സെയില്‍സ് കോര്‍പ്പറേഷന്‍ എന്നിവയ്ക്കാണ് പുതിയ കരാര്‍ നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം-മംഗലാപുരം സെന്‍ട്രല്‍ വന്ദേ ഭാരത് എക്‌സ്പ്രസ്, തിരുവനന്തപുരം-കാസര്‍കോട് വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവയിലാണ് ഈ സ്ഥാപനങ്ങള്‍ക്ക് ഭക്ഷണ വിതരണത്തിനുള്ള ചുമതല. 


 മെനു മാറ്റം ഉള്‍പ്പെടെയുള്ള റെയില്‍വെയുടെ തീരുമാനത്തെ സന്തോഷത്തോടെയാണ് യാത്രക്കാരും സ്വാഗതം ചെയ്യുന്നത്. രണ്ട് തവണ മോശം അനുഭവം നേരിട്ടതില്‍ പിന്നെ വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണം കഴിക്കാന്‍ താത്പര്യപ്പെടാറില്ലെന്ന് കാസര്‍ഗോഡ് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്റെ കണ്‍വീനര്‍ കൂടിയായ നിസാര്‍ പെരുവാഡ് പറയുന്നു. ഭക്ഷണം ആവശ്യമില്ലെന്ന ഒപ്ഷനാണ് ഇപ്പോള്‍ തിരഞ്ഞെടുക്കാറുള്ളത്. വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ മെനുവിനെ ആളുകള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, യാത്രികര്‍ക്ക് വന്ദേ ഭാരതില്‍ അരലിറ്ററിന്റെ വെള്ളക്കുപ്പികള്‍ മതിയാകുമെന്നും നിസാര്‍ പറയുന്നു. ഒരു ലിറ്റര്‍ വെള്ളത്തിന്റെ കുപ്പിയാണ് ഇപ്പോള്‍ നല്‍കി വരുന്നത്. ലഭിക്കുന്ന കുടിവെള്ളത്തില്‍ പലപ്പോഴും യാത്രക്കാര്‍ കുറച്ച് വെള്ളം മാത്രമാണ് ഉപയോഗിക്കാറുള്ളത്. അളവ് കുറഞ്ഞാന്‍ ഈ ഇനത്തില്‍ വെള്ളം പാഴാവുന്നത് തടയാന്‍ സാധിക്കും. മാലിന്യങ്ങളും ഒരു പരിധിവരെ കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പുതിയ മെനു മികച്ചതെങ്കിലും ഇത് കടലാസില്‍ മാത്രം ഒതുങ്ങരുത് എന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പുള്ള മെനുവും ആദ്യഘട്ടത്തില്‍ മികച്ചതെന്ന് തോന്നിയിരുന്നു. എന്നാല്‍ പതിയെ ഗുണനിവാരം മോശമായി. കാറ്ററിങ് കമ്പനികള്‍ ഗുണ നിലവാരം ഉറപ്പാക്കി പ്രവര്‍ത്തിക്കണമെന്ന് ഇന്ത്യന്‍ റെയില്‍ ഫാന്‍സ് ക്ലബ് (ഐആര്‍എഫ്‌സിഎ) അംഗവും ഗവേഷകനുമായ വി അവിനാശും ആവശ്യപ്പെടുന്നു. 


 മലബാര്‍ വെജ്/ചിക്കന്‍ ബിരിയാണി, തലശ്ശേരി വെജ് ബിരിയാണി, ആലപ്പി വെജ് കറി, വെജ് മെഴുക്കുപുരട്ടി, വരുത്തരച്ച ചിക്കന്‍ കറി, കേരള ചിക്കന്‍ കറി, കേരള സ്‌റ്റൈല്‍ ചിക്കന്‍ റോസ്റ്റ്, നാടന്‍ കോഴി കറി എന്നിവയാണ് പുതിയതായി മെനുവില്‍ ഉള്‍പ്പെട്ട പ്രധാന വിഭവങ്ങള്‍. ഉച്ചഭക്ഷണത്തിലും അത്താഴത്തിലും ഉണ്ടായിരുന്ന പരിപ്പ് (ദാല്‍) ഉപയോഗിച്ചുള്ള കറികളും പ്രാദേശിക രുചികളിലേക്ക് മാറ്റിയിട്ടുണ്ട്. ബ്രേക്ക് ഫാസ്റ്റ് മെനുവില്‍ പക്ഷേ കാര്യമായ മാറ്റമില്ല. ഇഡ്ഡലി, അപ്പം, ഇടിയപ്പം, ഉപ്പുമാവ് എന്നിവ കടല അല്ലെങ്കില്‍ ഗ്രീന്‍ പീസ് കറി, മുട്ടക്കറി, സ്‌ക്രാംബിള്‍ഡ് എഗ്ഗ്‌സ്, വെജ് കട്ട്‌ലറ്റ് തുടങ്ങിയവയുള്‍പ്പെടുന്നതാണ് പ്രഭാത ഭക്ഷണം. പക്കോഡ, ഉള്ളിവട, പരിപ്പുവട, ശര്‍ക്കര ഉപ്പേരി, ഉണ്ണിയപ്പം തുടങ്ങിയവയാണ് സ്‌നാക്‌സ് ബോക്‌സില്‍ പുതിയതായി ചേര്‍ത്തത്. നേരത്തെ ഉണ്ടായിരുന്ന പഴംപൊരി പുതിയ മെനുവിലും ഇടം പിടിച്ചിട്ടുണ്ട്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments