യൂത്ത് കോണ്‍ഗ്രസ്, കെപിസിസി പുനഃസംഘടനാ വിഷയത്തില്‍ തന്റെ ആശങ്കകള്‍ ഉചിതമായ പാര്‍ട്ടി വേദിയില്‍ ഉന്നയിക്കുമെന്ന് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. പുനഃസംഘടനാ വിഷയത്തില്‍ അതൃപ്തി പരസ്യമാക്കുന്ന നിലയില്‍ പുറത്തുവന്ന പ്രതികരണങ്ങള്‍ക്ക് പിന്നാലെയാണ് ചാണ്ടി ഉമ്മന്‍ നിലപാട് വ്യക്തമാക്കുന്നത്. തനിക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന സൂചനയും ചാണ്ടി ഉമ്മന്‍ ആവര്‍ത്തിക്കുന്നു.
രണ്ട് പതിറ്റാണ്ടിലധികം കാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച പരിചയമുള്ള വ്യക്തിയാണ് താനെന്ന് ആവര്‍ത്തിക്കുന്ന ചാണ്ടി ഉമ്മന്‍ താന്‍ ആരുടെയും സംവരണത്തിലല്ല പാര്‍ട്ടിയിലെത്തിയത് എന്നും വ്യക്തമാക്കുന്നു. താന്‍ പാര്‍ട്ടിക്കെതിരെ രംഗത്തെത്തി എന്ന നിലയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണ്. തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു. കോണ്‍ഗ്രസ് ഔട്ട്റീച്ച് സെല്ലില്‍ നിന്നും നീക്കിയതില്‍ അതിയായ വിഷമം ഉണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി തീരുമാനം എന്ന നിലയില്‍ അതിനെ അംഗീകരിക്കുകയാണ് ചെയ്ത്. തന്റെ പ്രതികരണത്തെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി പ്രചരിപ്പിക്കുകയാണ് ചെയ്തത്.
രാഷ്ട്രീയത്തില്‍ രാജീവ് ഗാന്ധിയും, പിതാവ് ഉമ്മന്‍ ചാണ്ടിയുമാണ് തന്റെ മാതൃക. കോണ്‍ഗ്രസിലെ ഗ്രൂപ്പുകളില്‍ താനില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കുന്നു. പാര്‍ട്ടിയില്‍ ഉള്ളത് രാഹുല്‍ ഗാന്ധിയുടെ ഗ്രൂപ്പ് മാത്രമാണ്. ഗ്രൂപ്പ് താത്പര്യങ്ങള്‍ക്ക് അപ്പുറമാണ് പാര്‍ട്ടിയുടെ താത്പര്യമെന്നാണ് വിശ്വാസം. തന്റെ പിതാവും ഇതേ ചിന്താഗതിക്കാരന്‍ ആയിരുന്നു. അതാണ് താനും പിന്തുടരാന്‍ ശ്രമിക്കുന്നത് എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
കെപിസിസി പുനഃസംഘടനയില്‍ സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, പക്ഷേ തന്റെ പേര് മറ്റ് ചിലര്‍ മുന്നോട്ട് വച്ചിരിക്കാം. അവര്‍ മുന്നോട്ട് വച്ച പേര് നിരസിക്കപ്പെട്ടതായി പരാതിയുണ്ട്. അക്കാര്യം ഉചിതമായ ഇടങ്ങളില്‍ ബോധിപ്പിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു.
പാര്‍ട്ടിയില്‍ പ്രവര്‍ത്തനത്തില്‍ നിന്നും ഒരുഘട്ടത്തിലും വിട്ട് നിന്നിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു. ഔട്ട്റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി ഒമ്പത് സംസ്ഥാനങ്ങളില്‍ പ്രചാരണങ്ങളുടെ ഭാഗമായിരുന്നു.
പുതുപ്പള്ളിയില്‍ മാത്രം ഒതുങ്ങി പ്രവര്‍ത്തിച്ചിട്ടില്ല. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തെളിവ് പക്കലുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഷാഫി പറമ്പില്‍ – രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവര്‍ നയിച്ച യൂത്ത് കോണ്‍ഗ്രസ് നേതൃത്വവുമായി ഭിന്നതകള്‍ ഉണ്ടായിരുന്നെന്ന ആരോപണങ്ങളും ചാണ്ടി ഉമ്മന്‍ നിഷേധിച്ചു. ഇത്തരം ആരോപണങ്ങള്‍ മാധ്യമ സൃഷ്ടികള്‍ മാത്രമാണെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്.
0 Comments