ഇല്ലാത്ത റോഡിനും ലക്ഷങ്ങൾ ..... മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ക്രമക്കേടും ലക്ഷങ്ങളുടെ അഴിമതിയുമെന്ന് പരാതി ...... വിജിലൻസ് അന്വേഷണം ആരംഭിച്ചതായി പരാതിക്കാരൻ വി. ആർ. ജോഷി ......
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ വ്യാജ രേഖപ്പെടുത്തലുകൾ വരുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി ആക്ഷേപം.
ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ കുര്യനാട് വാളംമാനാല്‍ വി ആർ ജോഷിയുടെ ഉടമസ്ഥതയിലുള്ള ആറര സെൻറ് ഭൂമിയിലൂടെ പഞ്ചായത്തിൻറെ ആസ്തി രജിസ്റ്ററിൽ ഉള്ള കോലത്താംകുന്ന് കോളനി റോഡ് ഉണ്ടെന്ന് സ്ഥാപിച്ച് കയ്യാറാൻ ശ്രമിച്ചതിലൂടെയാണ് പരാതിയുടെ ഉൽഭവം. ജോഷിയുടെ പരാതിയിൽ തുടരെ അന്വേഷണം നടന്നു.
പഞ്ചായത്ത് ഭരണസമിതിക്ക് പരാതി നൽകിയിട്ടും പരിഹാരമുണ്ടാവാത്തതിനെ തുടർന്ന് ജോഷി മുഖ്യമന്ത്രിക്കും പഞ്ചായത്ത് ഡയറക്ടർക്കും പരാതി നൽകി. അതിന്മേൽ പഞ്ചായത്ത് ജോയിൻ്റ് ഡയറക്ടറും വിജിലൻസ് ഓഫീസറും നടത്തിയ അന്വേഷണത്തിൽ പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്തിയ കോളനി റോഡ് ജോഷിയുടെ വസ്തുവിലൂടെ ഉള്ളതല്ലെന്ന് കണ്ടെത്തി.
വീഡിയോ ഇവിടെ കാണാം 👇👇👇
പഞ്ചായത്തിൻറെ ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്തിയത് തെറ്റാണെന്നും അദാലത്തിൽ കണ്ടെത്തിയതിന് വിരുദ്ധമായി പഞ്ചായത്ത് ഭരണ സമിതിയെടുത്ത തീരുമാനം ശരിയല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. "കുര്യനാട്- കുരിശുംതാഴത്ത്" എന്ന പേരിലുള്ള ഒന്നര കിലോമീറ്റർ നീളവും ഏഴു മീറ്റർ വീതിയും ഉള്ള ഒരു ടാർ റോഡ് നിർമ്മിച്ചതിന് 24 ലക്ഷം രൂപയും അവിടെ കലുങ്ക് നിർമ്മാണത്തിന് 30,000 രൂപയും ചെലവഴിച്ചതായി പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇങ്ങനെ ഒരു വഴിയേ ഇല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. പകരം 400 മീറ്റർ നീളവും മൂന്നു മീറ്റർ വീതിയും ഉള്ള ഒരു പുതിയ മണ്ണ് റോഡ് വിജിലൻസ് അന്വേഷണം വന്നപ്പോൾ നിർമ്മിച്ച് ആസ്തി രജിസ്റ്ററിൽ ഇപ്പോൾ ചേർത്തിട്ടുണ്ട്.
വ്യാജമായ രേഖപ്പെടുത്തലുകൾ സംബന്ധിച്ചും പണം ചെലവഴിച്ചത് സംബന്ധിച്ചും പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം തേടിയിട്ടുണ്ട്.
ആസ്തി രജിസ്റ്ററുകളിലെ ക്രമക്കേടുകൾ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചും ചർച്ച ചെയ്തും ചട്ടപ്രകാരം പരിഹരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
പഞ്ചായത്തിൽ വ്യാപകമായ ക്രമക്കേടും അഴിമതിയും ആണ് നടക്കുന്നതെന്ന് ജോഷി മുഖ്യമന്ത്രിക്കും പോലീസ് വിജിലൻസിനും നൽകിയ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള
എം സി റോഡിന്റെ ഭാഗമായ പുല്ലുവട്ടം ജംഗ്ഷൻ മുതൽ ചീങ്കല്ലേൽ വരെ 1.4 കിലോമീറ്റർ ദൂരം പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി 2450000/- രൂപ ചെലവഴിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നാം വാർഡിൽ എംസി റോഡിൻറെ അരികിൽ പണികഴിപ്പിച്ച 'വഴിയിടം' (ടേക്ക് എ ബ്രേക്ക്- കുട്ടികളുടെ പാർക്കും പബ്ലിക് ടോയ്‌ലറ്റും) പദ്ധതിക്ക് 23 ലക്ഷത്തിലധികം രൂപ ചെലവഴിച്ചതിൽ അഴിമതി ഉണ്ടെന്നും പരാതി ഉണ്ടായിട്ടുണ്ട്.
കുട്ടികളുടെ പാർക്ക് നിർമ്മിച്ചിട്ടില്ല. ടോയ്ലറ്റ് ബ്ലോക്കിന് പരമാവധി 5 ലക്ഷത്തിൽ കൂടുതൽ ആവശ്യമില്ല. വ്യാജ വഴികൾക്ക് പണം ചെലവഴിച്ചത് സംബന്ധിച്ച 2007-08 മുതലുള്ള രേഖകൾ ലഭ്യമല്ലെന്നാണ് സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് പഞ്ചായത്ത് ജോയിൻ്റ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ ഉള്ളത്.
ഇതു സംബന്ധിച്ച ജോഷിയുടെ പരാതിയിൽ പോലീസ് വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്.




0 Comments