സുനില്‍ പാലാ
തെരഞ്ഞെടുപ്പിന്റെ ആരവം ഒഴിഞ്ഞു; ഇനി ക്രിസ്മസ് ആഘോഷത്തിരക്കിലേക്ക് നാടും നഗരവും.
തെരഞ്ഞെടുപ്പിന്റെ ആരവം ഒഴിഞ്ഞു; ഇനി ക്രിസ്മസ് ആഘോഷത്തിരക്കിലേക്ക് നാടും നഗരവും.
ഡിസംബര്‍ ആദ്യവാരത്തില്‍ തന്നെ വീടുകളിലും സ്ഥാപനങ്ങളിലും നക്ഷത്രവെളിച്ചം എത്തി. ഇപ്പോള്‍ മറ്റ് അലങ്കാരങ്ങള്‍, പുല്‍ക്കൂട്, ക്രിസ്മസ് ട്രീ എന്നിവ ഒരുക്കുന്നതിനുള്ള തിരക്കാണ്. ക്രിസ്മസ് അടുക്കുന്നതോടെ കാരള്‍ സംഘങ്ങളും ഗ്രാമ, നഗരങ്ങളില്‍ സജീവമാകും. സ്‌കൂളുകളില്‍ ക്രിസ്മസ് പരീക്ഷ നടക്കുകയാണ്. പരീക്ഷകള്‍ അവസാനിക്കുന്ന 23ന് വിവിധ സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങളും നടക്കും.
വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും പലയിടത്തും ആഘോഷ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ക്രിസ്മസ് പുതുവത്സര അവധിക്കാലം അടുത്തതോടെ, കോട്ടയം ജില്ലയിലെ ടൂറിസം മേഖലയും പ്രതീക്ഷയിലാണ്. വ്യാപാര സ്ഥാപനങ്ങളില്‍ പ്രത്യേക ക്രിസ്മസ് കോര്‍ണര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബേക്കറികളില്‍ കേക്കിന്റെ വില്‍പനയും സജീവമായി. ക്രിസ്മസ് വിപണിയില്‍ പല ഇനങ്ങള്‍ക്കും വില അല്‍പം വര്‍ധിച്ചിട്ടുണ്ടെങ്കിലും ആവശ്യക്കാരുടെ എണ്ണത്തില്‍ കുറവില്ല. നക്ഷത്രങ്ങള്‍, പുല്‍ക്കൂട് സെറ്റുകള്‍, ഉണ്ണിയേശുവും മാലാഖമാരുമെല്ലാം ഉള്‍പ്പെടുന്ന വിവിധ രൂപങ്ങള്‍, അലങ്കാര ദീപങ്ങള്‍ എന്നിവയ്ക്കു തന്നെയാണ് വിപണികളില്‍ ഇപ്പോഴും മുന്‍തൂക്കം.
വ്യത്യസ്തതകള്‍ ഏറെയുള്ള സാന്താക്ലോസ് രൂപങ്ങള്‍, ക്രിസ്മസ് ട്രീകള്‍ എന്നിവയും ഇക്കുറി വിപണികളിലെ കൗതുകങ്ങളാണ്. പേപ്പറില്‍ നിര്‍മിച്ച നക്ഷത്രങ്ങള്‍ക്കു 30 മുതല്‍ 800 രൂപ വരെയാണ് വില. നിറങ്ങളുടെ വൈവിധ്യം നല്‍കുന്ന എല്‍ഇഡി സ്റ്റാര്‍ വില 100 രൂപ മുതല്‍ 2800 രൂപ വരെ. ക്രിസ്മസ് രാവുകളെ വര്‍ണാഭമാക്കുന്ന എല്‍ഇഡി മാല ബള്‍ബുകള്‍ 50 രൂപ മുതല്‍ ലഭ്യമാണ്.
ചൂരല്‍ ഉപയോഗിച്ചു നിര്‍മിച്ച പുല്‍ക്കൂടിനും ഇത്തവണയും ആവശ്യക്കാര്‍ കൂടുതലാണ്. ഒരു തവണ വാങ്ങിയാല്‍ ഏതാനും വര്‍ഷം ഇതു ഉപയോഗിക്കാം. 600 രൂപയാണ് കുറഞ്ഞ വില. 1000, 1500 രൂപയുടെ കൂടുകളും വിപണിയില്‍ സുലഭം. 2 അടി മുതല്‍ 12 അടി വരെ ഉയരമുള്ള ക്രിസ്മസ് ട്രീകള്‍ വില്‍പനയ്ക്കുണ്ട്. ക്രിസ്മസ് അപ്പൂപ്പന്റെ വേഷവിധാനങ്ങളുടെ വില്‍പനയും സജീവമാണ്. 3 വയസ്സ് പ്രായമുള്ള കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്കു വേഷം ലഭ്യമാണ്. വില 350 മുതല്‍ 2500 രൂപ വരെ. വൈവിധ്യമാര്‍ന്ന സമ്മാനങ്ങള്‍, ആശംസാ കാര്‍ഡുകള്‍ എന്നിവയും വിപണിയിലുണ്ട്. വരും ദിവസങ്ങളില്‍ പടക്ക വിപണിയും സജീവമാകും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34





0 Comments