സുരക്ഷാ വീഴ്ച മുതലെടുത്ത് അപകടകരമായ രീതിയിൽ ട്രാൻസ്ഫോർമർ ഓഫ് ചെയ്ത് സാമൂഹ്യ വിരുദ്ധൻ്റെ പരാക്രമം
എബി .ജെ . ജോസ്
(പാലാ ടൈംസ് )
സുരക്ഷാ സംവിധാനങ്ങൾ പൂർണ്ണമായി സ്ഥാപിക്കാത്തത് മുതലെടുത്ത് ട്രാൻസ്ഫോമറിൻ്റെ ഫെൻസിംഗ് മറികടന്ന് അപകടാവസ്ഥയിൽ ട്രാൻസ്ഫോർമർ ഓഫ് ചെയ്ത് സാമൂഹ്യ വിരുദ്ധൻ്റെ പരാക്രമം.
ഇന്ന് (19/12/2025) പുലർച്ചെ ഒരു മണിയോടെയാണ് സാമൂഹ്യ വിരുദ്ധൻ കൊട്ടാരമറ്റത്തെ ആക്സിസ് ബാങ്കിനു സമീപമുള്ള ട്രാൻസ്ഫോർമർ അപകടകരമായ രീതിയിൽ ഓഫ് ചെയ്തത്. റോഡിൽനിന്നും നേരെ ട്രാൻസ്ഫോർമർ ഇരിക്കുന്ന ഭാഗത്തേയ്ക്ക് വരുന്ന ഇയാൾ മദ്യപിച്ചെന്ന പോലെ ആടി ആടി കൃത്യമായി ട്രാൻസ്ഫോർമറിൻ്റെ അടുക്കലേക്ക് ചെല്ലുകയും സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കാത്ത സൈഡിലൂടെ കടന്ന് അപകടകരമായ രീതിയിൽ ട്രാൻസ്ഫോർമർ ഓഫുചെയ്യുന്നതും സമീപത്തെ സി സി ടി വി ക്യാമറയിൽ പതിഞ്ഞു. ട്രാൻസ്ഫോർമറിൻ്റെ സ്വിച്ച് വലിക്കുമ്പോൾ വലിയ വെളിച്ചം ദൃശ്യമാകുന്നതും കാണാം. തുടർന്നു ഒന്നും സംഭവിക്കാത്ത പോലെ തലയിലും മുഖത്തും തുണിയിട്ട് കെട്ടിടത്തിലേയ്ക്ക് ഇയാൾ കടന്നുപോകുന്നതും സി സി ടിവിയിൽ ഉണ്ട്.
വീഡിയോ കാണാം
സംഭവത്തെത്തുടർന്നു കെ.എസ്ഇ ബി അധികൃതർ പാലാ പോലീസിൽ പരാതി നൽകി. പരാതി നൽകാൻ വൈകിയതോടെ ഈ മേഖലയിലെ വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെട്ടു. പൊലീസ് നടപടിയ്ക്ക് ശേഷമേ വൈദ്യുതി വിതരണം പുന:സ്ഥാപിക്കൂവെന്ന് അധികൃതർ വ്യക്തമാക്കിയതോടെ ആളുകൾ ദുരിതത്തിലായി. പിന്നീട് പൊലീസിൽ പരാതി നൽകുകയും പൊലീസ് പറഞ്ഞതിനുശേഷം 11 മണിയോടെയാണ് വൈദ്യുതി വിതരണം പുന:സ്ഥാപിച്ചത്.
ട്രാൻസ്ഫോർമറുകൾ ഫെൻസിംഗ് കെട്ടി സുരക്ഷിതമാക്കണമെന്നുണ്ടെങ്കിലും ഈ ട്രാൻസ്ഫോർമറിനു ഇരു സൈഡുകളിലും പിറകിലും സുരക്ഷാ വല സ്ഥാപിക്കാത്തതു മുതലെടുത്താണ് സാമൂഹ്യ വിരുദ്ധൻ അപകടാവസ്ഥയിൽ ട്രാൻസ്ഫോർമർ ഓഫ് ചെയ്തതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പല ദിവസങ്ങളിലും ഇവിടെ സാമൂഹ്യ വിരുദ്ധൻ വിളയാടാൻ തുടങ്ങിയതോടെയാണ് കെ എസ് ഇ ബി അധികൃതർ പരാതി നൽകിയത്.
അപകടകരമായ രീതിയിൽ സുരക്ഷ ഇല്ലാത്തതുമൂലമാണ് സാമൂഹ്യവിരുദ്ധൻ ട്രാൻസ്ഫോർമറിൻ്റെ പരിസരത്ത് എത്താനിടയാക്കിയത്. ഇത് സുരക്ഷാവീഴ്ചയായും വിലയിരുത്തപ്പെടുന്നു. അധികൃതർ നടപടി സ്വീകരിക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.




0 Comments