ഈശോയിലേക്കുള്ള വളർച്ചയാണ് സ്നേഹത്തിന്റെ പൂർണ്ണത: എളിമയും ഔദാര്യവും ക്രിസ്തുരൂപീകരണത്തിന് ആധാരം: മാർ.അങ്ങാടിയത്ത്.
നമ്മുടെ വളർച്ച ഈശോയിലേക്കാണ് ആകേണ്ടത്, അത് യഥാർത്ഥത്തിൽ സ്നേഹത്തിലൂടെയുള്ള മറ്റുള്ളവരിലേക്കുള്ള വളർച്ച തന്നെയാണെന്നു മാർ ജേക്കബ് അങ്ങാടിയത്ത്. 43മത് പാലാ രൂപത ബൈബിൾ കൺവെൻഷൻ്റെ രണ്ടാം ദിനം വിശുദ്ധ കുർബ്ബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു പിതാവ്. നാം എളിമയുള്ളവരായി തീരുമ്പോളാണ് ഈശോ നമ്മിൽ വളരുന്നത്, കാരണം വളരുന്തോറും വർദ്ധിക്കുന്ന ദാനങ്ങളാണ് ദൈവം നമുക്ക് നൽകിയിട്ടുള്ളത്. നമ്മെത്തന്നെ ശൂന്യമാക്കാൻ ശ്രമിക്കുമ്പോഴും ഔദാര്യത്തോടെ നമ്മെത്തന്നെ മറ്റുള്ളവർക്കായി ചിലവഴിക്കാൻ തയ്യാറാകുമ്പോഴും ഈശോ നമ്മിൽ കൂടുതലായി വളരും. അപ്പോൾ കർത്താവ് നമ്മുടെ സമർപ്പണം സ്വീകരിക്കുകയും ചെയ്യുമെന്ന് പിതാവ് പറഞ്ഞു.
ദൈവം തന്ന കഴിവുകൾ ഒരിക്കലും കുറഞ്ഞുപോകില്ല, നമ്മിലുള്ള ഈശോയെ വളർത്തുവാനായി നാം നമ്മെത്തന്നെ നൽകണം. നമ്മളിലും മറ്റുള്ളവരിലും ഈശോ രൂപപ്പെടാനും ദൈവത്തിൽ നിന്ന് അകന്നു പോകാതെ സ്നേഹത്തിൽ ആഴപ്പെട്ടു സുവിശേഷത്തിന് സാക്ഷികളാകുവാനും വേണ്ടി പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യണമെന്നും പിതാവ് ഉദ്ബോധിപ്പിച്ചു.
പരിശുദ്ധ കുർബ്ബാനയിൽ കേന്ദ്രീകൃതമായ ജീവിതം ആണ് എല്ലാ ദൈവവിളിയുടെയും അടിസ്ഥാനമെന്നും നമ്മുടെ പ്രവർത്തന മേഖലകൾ എന്തായാലും എവിടെയായാലും അവിടേയ്ക്ക് കർത്താവിനെ ക്ഷണിക്കണമെന്നും നമ്മളിൽ മിശിഹ രൂപപ്പെടണം എന്നതുമായിരിക്കണം ഈ കൺവെൻഷനിൽ നാം ലക്ഷ്യം വയ്ക്കേണ്ടത് - പിതാവ് കൂട്ടിച്ചേർത്തു.
ബൈബിൾ കൺവെൻഷൻ്റെ രണ്ടാം ദിനമായ ഇന്നലെ വൈകുന്നേരം 3.30ന് ജപമാലയോടെ ആരംഭിച്ചു. തുടർന്ന് 4 മണിക്ക് ചിക്കാഗോ സീറോ മലബാർ രൂപതയുടെ മുൻ അധ്യക്ഷൻ മാർ.ജേക്കബ് അങ്ങാടിയത്തിൻ്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയില്‍ മോൺ.ജോസഫ് കണിയോടിക്കൽ, രൂപതയുടെ ഫൈനാൻസ് ഓഫീസർ വെരി.റവ.ഡോ.ജോസഫ് മുത്തനാട്ട്, റവ.ഫാ.ജോർജ്ജ് പുല്ലുകാലായിൽ, ഫാ.ആൽവിൻ ഏറ്റുമാനൂക്കാരൻ എന്നിവർ സഹകാർമ്മികരായി.
ശുശ്രൂഷകൾക്ക് ഫാ. ജോസ് വടക്കേകുറ്റ്, ഫാ.ജോസഫ് മുകളെപറമ്പിൽ, ഫാ.ജോർജ്ജ് നെല്ലിക്കുന്ന്ചെരിവുപുരയിടം, ഫാ.മാണി കൊഴുപ്പൻകുറ്റി, ഫാ. ഐസക്ക് പെരിങ്ങമലയിൽ, സി. ആൻസ് വാഴചാരിക്കൽ എസ് എച്ച്, സി. മേഴ്സി കൂട്ടുങ്കൽ എസ് എച്ച്, തോമസ് പാറയിൽ, തങ്കച്ചൻ ഇരുവേലിക്കുന്നേൽ, തോമസ് ഇലപ്പത്തിനാൽ, ബാബു തൊമ്മനാമറ്റം, സെബാസ്റ്റ്യൻ പയ്യനിമണ്ഡപം, ബാബുപോൾ പെരിയപ്പുറം, തോമസുകുട്ടി വാണിയപുരക്കൽ, രാജേഷ് പാട്ടത്തെകുഴിയിൽ, കുര്യാക്കോസ് വലിയമംഗലം, സിബി വടക്കേകുറ്റ്, തുടങ്ങിയവർ നേതൃത്വം നൽകി.
ബൈബിള്‍ കണ്‍വെന്‍ഷനില്‍ നാളെ
ബൈബിള്‍ കണ്‍വെന്‍ഷന്‍ മൂന്നാം ദിനമായ നാളെ (21-12-2025 - ഞായർ) ഉച്ചകഴിഞ്ഞ് 3.30 ന് ജപമാല, നാലിന് വിശുദ്ധ കുര്‍ബാനക്ക് മോൺ.സെബാസ്റ്റ്യൻ വേത്താനത്ത് മുഖ്യകാര്‍മ്മികത്വം വഹിക്കും. റവ.ഫാ.എബ്രഹാം കുപ്പപുഴക്കൽ, റവ.ഫാ.സിറിയക് തടത്തിൽ, റവ.ഫാ.കുര്യൻ മുക്കാംകുഴിയിൽ, റവ.ഫാ. ജോസഫ് നരിതൂക്കിൽ, എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. വൈകിട്ട് 5.15 ന് സ്തുതിആരാധന, വചനപ്രഘോഷണം ആരംഭിക്കും.
വൈകുന്നേരം നാലു മുതല്‍ എട്ടു വരെ അരുണാപുരം സെന്റ് തോമസ് ദൈവാലയത്തിൻ്റെ ഓഡിറ്റോറിയത്തില്‍ കുമ്പസാരത്തിന് സൗകര്യം ഉണ്ടായിരിക്കും.

.jpeg)




0 Comments