29 മത് ആർ വി തോമസ് സ്മാരക അവാർഡ് സമർപ്പണം ഫെബ്രുവരി ഒന്നിന്; തിരുവഞ്ചൂരിന് അവാർഡ് നൽകുന്നത് വി ഡി സതീശൻ
മുൻ സ്പീക്കറും, സ്വാതന്ത്ര്യ സമര സേനാനിയുമായ യശശരീരനായ ആർ വി തോമസിന്റെ 71ആം ചരമവാർഷിക ആചരണവും, 29മത് ആർ വി തോമസ് സ്മാരക അവാർഡ് സമർപ്പണവും ഫെബ്രുവരി ഒന്നാം തീയതി ഞായറാഴ്ച വൈകുന്നേരം 4.30ന് പാലാ നെല്ലിയാനി ലയൺസ് ക്ലബ് ഹാളിൽ സംഘടിപ്പിക്കും. ഈ വർഷത്തെ അവാർഡ് ജേതാവ് കോട്ടയം എംഎൽഎയും മുൻ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളാണ്. ആർ വി സ്മാരക സമിതി പ്രസിഡന്റ് സിറിയക് തോമസിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മുൻമന്ത്രി പി ജെ ജോസഫ് ഉദ്ഘാടനം ചെയ്യും.
തിരുവഞ്ചൂർ രാധാകൃഷ്ണന് അവാർഡ് സമർപ്പിക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആർ വി സ്മാരക പ്രഭാഷണം നിർവഹിക്കും. ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ ദിയ ബിനു പുളിക്കണ്ടത്തെ പ്രസ്തുത ചടങ്ങിൽ വെച്ച് പാലാ എംഎൽഎ മാണി സി കാപ്പൻ ആദരിക്കും.
ആർ വി തോമസിന്റെ സ്മരണാർത്ഥം സംശുദ്ധമായ പൊതുജീവിതത്തിന് ഉടമകളായ വ്യക്തിത്വങ്ങൾക്ക് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത് ആര്‍ വി സ്മാരക സമിതിയാണ്. 1995 മുതലാണ് ആർ വി തോമസ് അവാർഡ് ഏർപ്പെടുത്തിയത്. മുൻ കെപിസിസി അധ്യക്ഷൻ കെ പി മാധവൻ നായർ ആയിരുന്നു ആദ്യ അവാർഡ് ജേതാവ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ മാതൃകായോഗ്യമായ പൊതുപ്രവർത്തനം നടത്തുന്ന വ്യക്തിത്വങ്ങളെയാണ് അവാർഡ് നിർണയ സമിതി ഓരോ വർഷവും തെരഞ്ഞെടുക്കുന്നത്.
അഭിഭാഷകൻ, അധ്യാപകൻ, എംഎൽസി, സ്വാതന്ത്ര്യസമര സേനാനി, എംഎൽഎ നിയമസഭാ സ്പീക്കർ പബ്ലിക് സർവീസ് കമ്മീഷൻ അംഗം എന്നീ നിലകളിൽ മുദ്ര പതിപ്പിച്ച നേതാവായിരുന്നു ആർ വി തോമസ്. പാലാ നഗരസഭയുടെ ആദ്യ ചെയർമാൻ, ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതി അംഗം എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1955 ജനുവരി 22നാണ് ആർ വി തോമസ് മരണമടഞ്ഞത്.
ആർ വി സ്മാരക സമിതി പ്രസിഡന്റ് ഡോ. സിറിയക് തോമസ്, ജനറൽ കൺവീനർ ഡോ. ആർ വി ജോസ്, ജനറൽ സെക്രട്ടറി ടോം തോമസ്, ട്രഷറർ പ്രൊഫ. പി ജെ മൈക്കിൾ, കൺവീനർമാരായ പ്രൊഫ. കെ കെ ജോസ്, ആർ വി മാണിച്ചൻ, ഡോ. സാബു ഡി മാത്യു, ജോമോൻ ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.




0 Comments