പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം മൂര്‍ച്ഛിച്ചേക്കും.....കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് തുടരും


  നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയതോടെ, തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കോണ്‍ഗ്രസ് കടന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള പ്രമുഖരും വിജയസാധ്യതയുള്ളവരുമായ സ്ഥാനാര്‍ത്ഥികളെ മത്സരത്തില്‍ അണിനിരത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സണ്ണി ജോസഫ് മത്സരിച്ചാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം മറ്റൊരാള്‍ക്ക് കൈമാറാന്‍ പാര്‍ട്ടി തലത്തില്‍ ആലോചനയുണ്ടായിരുന്നു. 


 എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കെപിസിസി പ്രസിഡന്റ് പദവിയില്‍ സണ്ണി ജോസഫ് തന്നെ തുടരട്ടെയെന്നാണ് ഹൈക്കമാന്‍ഡിന്റെ ഇപ്പോഴത്തെ തീരുമാനമെന്നാണ് സൂചന. കെപിസിസി പ്രസിഡന്റ് പദം കണ്ണുനട്ട് ഒട്ടേറെ പേര്‍ രംഗത്തെത്തിയതോടെയാണ് ഹൈക്കമാന്‍ഡിന്റെ ഈ തീരുമാനം. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉത്തരവാദിത്തങ്ങള്‍ വിഭജിച്ച് നല്‍കാനാണ് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 


സണ്ണി ജോസഫ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക്, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നില്‍ സുരേഷ്, മുതിര്‍ന്ന നേതാക്കളായ കെ സി ജോസഫ്, എംപിമാരായ ആന്റോ ആന്റണി, ഷാഫി പറമ്പില്‍, റോജി എം ജോണ്‍ എംഎല്‍എ തുടങ്ങിയ നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നുവന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് പ്രസിഡന്റിനെ മാറ്റി മറ്റൊരാള്‍ക്ക് ചുമതല കൈമാറുന്നത് പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലഹത്തിന് കാരണമാകു മെന്നാണ് ഹൈക്കമാന്‍ഡിന്റെ നിഗമനം. 

 കെപിസിസി അധ്യക്ഷനായി ക്രിസ്ത്യന്‍, പ്രതിപക്ഷ നേതാവായി നായര്‍, യുഡിഎഫ് കണ്‍വീനറായി ഈഴവന്‍ എന്നിങ്ങനെയാണ് നിലവിലെ സ്ഥിതി. ഈ സാമുദായിക സന്തുലിതാവസ്ഥ നിലനിര്‍ത്താനാണ് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നത്. ‘മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ഉത്തരവാദിത്തങ്ങള്‍ വിഭജിക്കുന്നത് തെരഞ്ഞെടുപ്പിന് മുമ്പുള്ള കൂട്ടായ നേതൃത്വം ഉറപ്പാക്കും.



 ഹൈക്കമാന്‍ഡ് നേരത്തെ രൂപീകരിച്ച 17 അംഗ കോര്‍ കമ്മിറ്റി സംസ്ഥാനത്തെ പ്രചാരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഇതിനകം തന്നെ നിലവിലുണ്ട്. ‘ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. കൂട്ടായ നേതൃത്വത്തിലൂടെ, തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള അനാവശ്യ വിവാദങ്ങളും ചര്‍ച്ചകളും ഒഴിവാക്കുക എന്നതും ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നു. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പിനായി, ജനുവരി 27 മുതല്‍ 29 വരെ തിരുവനന്തപുരത്ത് ജില്ലാതല നേതാക്കളുമായും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുമായും കെപിസിസി പ്രസിഡന്റ് കൂടിക്കാഴ്ചകള്‍ നിശ്ചയിച്ചിട്ടുണ്ട്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ അടുത്ത ആഴ്ച  തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments