ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയിട്ടുണ്ട് എന്ന് വാർത്തയിൽ പ്രതികരണവുമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വന്നിട്ടുണ്ടെന്ന അയൽവാസിയുടെ വെളിപ്പെടുത്തലിൽ വിശദീകരണവുമായി കടകംപള്ളി.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ ഒരു തവണ പോയിട്ടുണ്ടെന്നും ചെറിയ കുട്ടിയുടെ ഒരു ചടങ്ങിനാണ് പോയതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പോറ്റിയുടെ വീട്ടിൽനിന്ന് അന്ന് ഭക്ഷണവും കഴിച്ചിട്ടുണ്ട്. പോലീസിന്റെ അകമ്പടിയോടെയാണ് പോയത്. അവിടെ നിന്ന് നേരെ ശബരിമലയ്ക്കാണ് പോയത്. അത് ഒളിച്ചുവയ്ക്കേണ്ട കാര്യമില്ല.
ഇന്നത്തെ പോറ്റിയല്ലല്ലോ അന്നത്തെ പോറ്റിയെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
മന്ത്രിയായ ശേഷമുള്ള ആദ്യ ശബരിമല തീർത്ഥാടന കാലത്താണ് പോറ്റിയെ പരിചയപ്പെടുന്നത്. പോറ്റിയുടെ നിർബന്ധപ്രകാരമാണ് ചടങ്ങിന് പോയത്. മറ്റൊരു ചടങ്ങിലും പങ്കെടുത്തിട്ടില്ല. തന്റെ മണ്ഡലത്തിൽ സ്പോൺസർഷിപ്പ് പരിപാടികളൊന്നും പോറ്റി ചെയ്തിട്ടില്ല. ഗിഫ്റ്റുകളൊന്നും പോറ്റിയിൽ നിന്ന് വാങ്ങിയിട്ടില്ല. ഗൗരവമുള്ള വിഷയമായി അന്ന് തോന്നിയില്ല. അന്വേഷണ സംഘത്തോട് ഈ കാര്യം പറഞ്ഞിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.




0 Comments