താരിഫ് തര്‍ക്കത്തിന് പിന്നാലെ വഷളായ ഇന്ത്യ – യുഎസ് വ്യാപര ബന്ധം മെച്ചപ്പെടുത്താനുള്ള കരാറുകള്‍ വൈകുന്നതിന്റെ പേരില്‍ യുഎസ് സര്‍ക്കാരില്‍ ഭിന്നതയെന്ന് സൂചന. ഇന്ത്യയുമായുള്ള നിര്‍ദിഷ്ട വ്യാപാര കരാര്‍ വൈകിപ്പിക്കുന്നതിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ എന്നിവരാണെന്നാണ് വിമര്‍ശനം. വിഷയത്തില്‍ ഡോണള്‍ഡ് ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നും വിമര്‍ശനം നേരിടുന്നു എന്നതാണ് പ്രതികരണത്തിന്റെ പ്രത്യേകത.
യുഎസ് സെനറ്റര്‍ ടെഡ് ക്രൂസിന്റേതെന്ന പേരില്‍ പുറത്തുവന്ന ഓഡിയോ സന്ദേശങ്ങള്‍ ഉദ്ധരിച്ചുള്ള ആക്‌സിയോസിന്റെ റിപ്പോര്‍ട്ടില്‍ ആണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വ്യാപാര ഉപദേഷ്ടാവ് എന്നിവര്‍ക്ക് എതിരെ വിമര്‍ശനം ഉയരുന്നത്. ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ സാധ്യമാക്കാന്‍ വൈറ്റ് ഹൗസുമായി ‘പോരാടുകയാണെന്ന്’ എന്നാണ് ടെക്‌സസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്ററുടെ സന്ദേശത്തില്‍ പറയുന്നത്. ഇന്ത്യ – യുഎസ് വ്യാപാര കരാറിലെ ചര്‍ച്ചകള്‍ തീരുമാനമാകാതെ തുടരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു അഭിപ്രായം ഉയര്‍ന്നുവരുന്നത്. സ്വതന്ത്ര വ്യാപാരത്തെ പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ ശക്തമാണെന്നാണ് പരാമര്‍ശങ്ങള്‍ സുചിപ്പിക്കുന്നത്.
റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരത്തിന്റെ പേരില്‍ ആയിരുന്നു ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയത്. ഇതോടെ ഇന്ത്യന്‍ ഇറക്കുമതികള്‍ക്കുള്ള മൊത്തം യുഎസ് തീരുവ 50 ശതമാനമാകുകയും ചെയ്തു. ട്രംപിന്റെ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കിയിരുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ പകരച്ചുങ്കം ചുമത്താനുള്ള ട്രംപിന്റെ നീക്കം തടയാന്‍ താന്‍ ഉള്‍പ്പെടെയുള്ള സെനറ്റര്‍മാര്‍ ശ്രമിച്ചിരുന്നു എന്നും ടെഡ് ക്രൂസ് പറയുന്നു.
ഉയര്‍ന്ന താരിഫുകള്‍ യുഎസ് വിപണിയില്‍ വിലക്കയറ്റത്തിന് കാരണമാകും. 2026 ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍മാര്‍ക്ക് ഹൗസിലും സെനറ്റിലും തിരിച്ചടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയും യുഎസും ബന്ധം സാധാരണ നിലയില്‍ തുടരണമെന്ന് നേരത്തെയും നിലപാട് എടുത്തിട്ടുള്ള വ്യക്തിയാണ് ടെഡ് ക്രൂസ്. ‘സ്വാഭാവിക സഖ്യകക്ഷികള്‍’ എന്നായിരുന്നു 2019 ലെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ക്രൂസ് സഹകരണത്തെ വിശേഷിപ്പിച്ചത്.




0 Comments