തൊടുപുഴ നഗരത്തിലെ റോഡുകള്‍ കുത്തിപ്പൊളിച്ച് പൈപ്പിട്ട ശേഷം പുനരുദ്ധരിക്കാതെ വിടുന്ന വാട്ടര്‍ അതോറിറ്റിയുടെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. പൈപ്പ് സ്ഥാപിക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ടുണ്ടാക്കിയ നല്ല റോഡുകള്‍ കുഴിക്കുന്ന അധികൃതര്‍, പണി കഴിഞ്ഞാല്‍ വെറുതെ മണ്ണിട്ട് മൂടി സ്ഥലം വിടുന്നത് പതിവാകുകയാണ്. ഇതോടെ നഗരത്തിലെ പ്രധാന ജങ്ഷനുകള്‍ യാത്രക്കാര്‍ക്ക് അപകടക്കെണിയായി മാറുന്നു.
റോട്ടറി ജങ്ഷനിലെ ചതിക്കുഴി
നഗരത്തിലെ തിരക്കേറിയ റോട്ടറി ജങ്ഷനില്‍ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് കുഴിച്ച ഭാഗം ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍വ്വസ്ഥിതിയിലാക്കിയിട്ടില്ല. ടാറിങ് നടത്താനോ ഇന്റര്‍ലോക്ക് പാകാനോ നടപടിയില്ല. പണി പുരോഗമിക്കുന്നു എന്നറിയിക്കാന്‍ ഒരു ഫ്‌ലെക്‌സ് ബോര്‍ഡ് കമ്പിയില്‍ കോര്‍ത്ത് റോഡിലേക്ക് ഇറക്കിവെച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ എത്തുന്നവര്‍ക്കും നഗരത്തില്‍ പുതിയതായി വരുന്നവര്‍ക്കും ഈ കുഴിയും ബോര്‍ഡും വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്.
മൂപ്പില്‍കടവില്‍ പൊടിശല്യം
മൂപ്പില്‍കടവ് പാലത്തിന് സമീപം പൈപ്പിടാനായി കുഴിച്ച ഭാഗം വെറും പൂഴിമണല്‍ ഉപയോഗിച്ചാണ് മൂടിയിരിക്കുന്നത്. വേനല്‍ കടുത്തതോടെ മണല്‍ ഉണങ്ങിപ്പറക്കുന്നത് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നില്‍ക്കുന്നവര്‍ക്കും വ്യാപാരികള്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.
റോഡ് കുത്തിപ്പൊളിക്കുമ്പോള്‍ അത് പഴയപടി ആക്കണമെന്ന കൃത്യമായ നിബന്ധനകള്‍ നിലവിലുണ്ടെങ്കിലും വാട്ടര്‍ അതോറിറ്റിയും കരാറുകാരും ഇത് പാലിക്കുന്നില്ല. പേരിന് മണ്ണിട്ട് മൂടുന്നത് മൂലം മഴ പെയ്യുമ്പോള്‍ റോഡ് താഴ്ന്ന് വലിയ അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. നഗരസഭയും പൊതുമരാമത്ത് വകുപ്പും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും, ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം



0 Comments