ചരിത്രപ്രസിദ്ധമായ കുറവിലങ്ങാട് ദൈവാലയം സ്ഥിതി ചെയ്യുന്ന മുത്തിയമ്മ മലയിലേക്ക് നോമ്പിന്റെ വെള്ളിയാഴ്ചകളിലെ കുരിശിന്റെ വഴി 20ന് ആരംഭിക്കും. പതിറ്റാണ്ടുകളായി നടക്കുന്ന കുരിശിന്റെ വഴി ഇത്തവണ വിപുലമായ ക്രമീകരണങ്ങളോടെയാണ് നടക്കുക. വൈകുന്നേരം 4.30 ന് ദേവാലയത്തിൽ പരിശുദ്ധ കുർബാനയ്ക്ക് ശേഷം ജൂബിലി കപ്പേളയിൽ നിന്നാണ് കുരിശിൻറെ വഴി ആരംഭിക്കുന്നത്.
മുത്തിയമ്മ മലയിൽ സമാപന പ്രാർത്ഥനയും സന്ദേശവും ആശിർവാദവും നേർച്ചവിതരണവും നടക്കും. ഓരോ വെള്ളിയാഴ്ചകളിലും ഇടവകയിലെ സാന്തോം സോൺ, സെന്റ് ജോസഫ് സോൺ, കൊച്ചു ത്രേസ്യാ സോൺ, അൽഫോൻസാ സോൺ, ഭക്ത സംഘടനകൾ എന്നിവർ നേതൃത്വം നൽകും. നാല്പതാം വെള്ളിയാഴ്ച ആഘോഷമായ കുരിശിൻറെ വഴിയും നടക്കും. ദു:ഖ വെള്ളിയാഴ്ച പകലോമറ്റം തറവാട് പള്ളിയിലേക്കാണ് നഗരി കാണിക്കലും കുരിശിന്റെ വഴിയും. ആർച്ചു പ്രീസ്റ്റ് ഡോ. തോമസ് മേനാച്ചേരി തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും.
കുരിശിന്റെ വഴിയിലെ വിപുലമായ ക്രമീകരണങ്ങൾക്കായി കുരിശടിയിൽ കുടുംബ കൂട്ടായ്മാ ഡയറക്ടർ ഫാ. മൈക്കിൾ ചാത്തൻ കുന്നേലിന്റെ അധ്യക്ഷതയിൽ നേതൃയോഗം നടന്നു. പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി, കുടുംബ കൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നിധീരി, സോൺ ലീഡർമാരായ ഷൈജു പാവുത്തിയേൽ, ജിയോ കരികുളം, ജോസി സി. മണക്കാട്ട്, സണ്ണി വെട്ടിക്കാട്ടിൽ, യോഗ പ്രതിനിധികൾ, സോൺ സെക്രട്ടറിമാർ, കുടുംബക്കൂട്ടായ്മ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തനമാരംഭിച്ചു.




0 Comments