ചൂട്: വേനൽക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത വേണം
കോട്ടയം ജില്ലയിൽ അന്തരീക്ഷ താപം സാധാരണയിൽ കൂടുതലായി അനുഭവപ്പെടുന്ന സാഹചര്യത്തിൽ, സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ അറിയിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. കൂടാതെ വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും ചിക്കൻ പോക്‌സ് പോലുള്ള പകർച്ചവ്യാധികളും പടരാൻ സാധ്യതയുള്ളതിനാൽ പ്രതിരോധ മാർഗ്ഗങ്ങൾ കർശനമായി പാലിക്കണം.
പ്രതിരോധ മാർഗ്ഗങ്ങൾ:
ചൂടിന് കാഠിന്യമേറുമ്പോൾ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം എന്നിവ കുടിക്കാം. മദ്യം, ചായ, കാപ്പി, കോള തുടങ്ങിയ പാനീയങ്ങൾ ഒഴിവാക്കണം.
വെള്ളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ കഴുകി മാത്രം ഉപയോഗിക്കുക.
വെയിലത്ത് ജോലി ചെയ്യുന്നവർ ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കണം.
കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
ശ്രദ്ധിക്കാൻ: കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്. വാഹനങ്ങളിൽ കുട്ടികളെ ഇരുത്തി പോകരുത്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ ഏർപ്പെടുന്നവരും ഇരുചക്ര വാഹനങ്ങളിൽ ഭക്ഷണ വിതരണം നടത്തുന്നവരും പ്രത്യേകം ശ്രദ്ധിക്കണം.
സൂര്യാഘാത ലക്ഷണങ്ങൾ: ശക്തമായ തലവേദന, തലകറക്കം, ശക്തികുറഞ്ഞ വേഗതയിലുള്ള നാഡിമിടിപ്പ്, വറ്റിവരണ്ട ചുവന്ന ചർമ്മം, അബോധാവസ്ഥ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ആരോഗ്യ പ്രശ്‌നമുണ്ടായാൽ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങൾ:
വെയിലത്തുനിന്നും തണുപ്പുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കുക.
കട്ടി കൂടിയ വസ്ത്രങ്ങൾ മാറ്റുക.
ശരീരം തണുത്ത വെള്ളം കൊണ്ട് തുടയ്ക്കുക; ഫാൻ, എസി എന്നിവയുടെ സഹായം തേടുക.
ധാരാളം പാനീയങ്ങളും പഴവർഗ്ഗങ്ങളും സാലഡും കഴിക്കുക.
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.



0 Comments