യുഡിഎഫ് സ്ഥാനാർത്ഥി പര്യടനത്തിന് കടപ്ലാമറ്റത്ത് ഉജ്ജ്വല തുടക്കം; യുഡിഎഫ് ജില്ലാ ചെയർമാൻ ഇ. ജെ. ആഗസ്തി ഉദ്ഘാടനം ചെയ്തു
കടുത്തുരുത്തി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. മോൻസ് ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന മണ്ഡലതല പര്യടന പരിപാടിക്ക് കടപ്ലാമറ്റത്ത് ആവേശകരമായ തുടക്കം. വ്യാഴാഴ്ച രാവിലെ 8 മണിക്ക് കടപ്ലാമറ്റം ജങ്ഷനിൽ നടന്ന ചടങ്ങിൽ യുഡിഎഫ് ജില്ലാ ചെയർമാൻ ഇ. ജെ. ആഗസ്തി പര്യടന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
കടുത്തുരുത്തിയുടെ വികസന നായകൻ അഡ്വ. മോൻസ് ജോസഫിനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ ഓരോ യുഡിഎഫ് പ്രവർത്തകനും സജീവമായി രംഗത്തിറങ്ങണമെന്ന് ഇ. ജെ. ആഗസ്തി ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ സി. സി. മൈക്കിൾ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥാനാർത്ഥി അഡ്വ. മോൻസ് ജോസഫ് എംഎൽഎ മറുപടി പ്രസംഗം നടത്തി.
കടപ്ലാമറ്റം പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന വിവിധ വികസന പദ്ധതികൾ എംഎൽഎ ഫണ്ടും സർക്കാർ ഫണ്ടും വിനിയോഗിച്ചുകൊണ്ട് വിജയകരമായി പൂർത്തീകരിക്കുന്നതിന് കാര്യക്ഷമതയോടെ നേതൃത്വം നൽകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. മോൻസ് ജോസഫ് പ്രസ്താവിച്ചു.
ഡിസിസി സെക്രട്ടറി സുനു ജോർജ്, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, യുഡിഎഫ് നേതാക്കളായ ലൂക്കോസ് മാക്കീൽ, മാഞ്ഞൂർ മോഹൻകുമാർ, എം. എൻ. ദിവാകരൻ നായർ, തോമസ് കണ്ണന്തറ, ബേബി തൊണ്ടാംകുഴി, ജെയിംസ് പുല്ലാപ്പള്ളി, എം. സി. കുര്യാക്കോസ്, സ്റ്റീഫൻ പാറാവേലി, പ്രമോദ് കടന്തേരി, ശിവരാമൻ, മാത്യു കുളിരാനി, ജോസ് കൊടിയംപുരയിടം, തോമസ് ആൽബർട്ട്, സി. വി. കുര്യച്ചൻ, അഭിലാഷ് ജോസഫ്, ഷിജു പാറയിടുക്കിൽ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
വരും ദിവസങ്ങളിലെ പര്യടന പരിപാടികൾ:
മാർച്ച് 27: രാവിലെ 8 മണിക്ക് കാണക്കാരി പഞ്ചായത്തിലെ കല്ലംപാറയിൽ നിന്നും ആരംഭിച്ച് കാണക്കാരി ജങ്ഷനിൽ ഉച്ചയ്ക്ക് സമാപിക്കും. തുടർന്ന് നമ്പ്യാക്കുളത്ത് നിന്നും പര്യടനം ആരംഭിച്ച് കോതനല്ലൂരിൽ സമാപിക്കും.
മാർച്ച് 28: രാവിലെ 8 മണിക്ക് വെളിയന്നൂർ ആച്ചിക്കലിൽ നിന്ന് തുടങ്ങി ഉഴവൂർ ടൗൺ വഴി കടന്നുപോയി മരങ്ങാട്ടുപിള്ളി വളക്കുഴിയിൽ സമാപിക്കും.
മാർച്ച് 30: രാവിലെ 8 മണിക്ക് ഞീഴൂർ പഞ്ചായത്ത് മഠത്തിപ്പറമ്പിൽ നിന്നും ആരംഭിച്ച് കുറവിലങ്ങാട് വഴി കാഞ്ഞിരക്കുളത്ത് സമാപിക്കും.
മാർച്ച് 31: രാവിലെ 8 മണിക്ക് കടുത്തുരുത്തി സെൻട്രൽ ജങ്ഷനിൽ നിന്ന് ആരംഭിച്ച് അറുനൂറ്റിമംഗലം വഴി മുളക്കുളം പഞ്ചായത്തിൽ പ്രവേശിക്കും. പര്യടന പരിപാടി കീഴൂർ പ്ലാംചുവടിൽ സമാപിക്കും.
വിവിധ സ്ഥലങ്ങളിൽ നടക്കുന്ന സ്വീകരണ സമ്മേളനങ്ങളിൽ യുഡിഎഫിന്റെ സംസ്ഥാന-ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു.




0 Comments