അജ്ഞാത വാഹനങ്ങള്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങളില്‍പ്പെട്ടവര്‍ക്കായുള്ള ‘ഹിറ്റ് ആന്‍ഡ് റണ്‍ മോട്ടോര്‍ ആക്സിഡന്റ് സ്‌കീം 2022’ പ്രകാരം ജില്ലയില്‍ എട്ട് കേസുകളില്‍ ധനസഹായം അനുവദിച്ചു.
ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അധ്യക്ഷത വഹിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന ഏഴംഗ ജില്ലാതല കമ്മിറ്റിയാണ് അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിച്ചത്. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 2 ലക്ഷം രൂപ, പരിക്കേറ്റവര്‍ക്ക് 50,000 രൂപ വരെ. ജില്ലയില്‍ ഇതുവരെ ലഭിച്ച പത്ത് അപേക്ഷകളിലും കമ്മിറ്റി തീര്‍പ്പുകല്‍പ്പിച്ചു.
ഇതില്‍ എട്ട് കേസുകളില്‍ സഹായം അനുവദിച്ചപ്പോള്‍, ഒന്ന് കാലാവധി കഴിഞ്ഞ് അപേക്ഷിച്ചതിനാലും മറ്റൊന്ന് അപേക്ഷകന് മെഡിക്കല്‍ ക്ലെയിം ലഭിച്ചതിനാലും നിരസിച്ചു. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 18 ഹിറ്റ് ആന്‍ഡ് റണ്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും രണ്ട് വര്‍ഷത്തിനിടെ 10 അപേക്ഷകള്‍ മാത്രമാണ് കമ്മിറ്റിക്ക് മുന്നിലെത്തിയത്. ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയില്‍ ജില്ലാ പോലീസ് മേധാവി, ഡിഎംഒ, ആര്‍ടിഒ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് പ്രതിനിധി, സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. ബിജു മാത്യു എന്നിവര്‍ അംഗങ്ങളാണ്.
സബ് കളക്ടറാണ് ക്ലെയിം എന്‍ക്വയറി ഓഫീസറായി പ്രവര്‍ത്തിക്കുന്നത്. അജ്ഞാത വാഹനം ഇടിച്ച് പ്രതിയെ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഈ പദ്ധതി വലിയ ആശ്വാസമാണ്. അര്‍ഹരായവര്‍ ബന്ധപ്പെട്ട താലൂക്ക് ഓഫീസിലോ ജില്ലാ കളക്ടറേറ്റിലോ അപേക്ഷ സമര്‍പ്പിക്കണം.
അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോകുന്ന വാഹന ഡ്രൈവര്‍മാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. ലൈസന്‍സില്ലാതെയും അശ്രദ്ധമായും വാഹനമോടിക്കുന്നവര്‍ക്കെതിരെ പരിശോധന കര്‍ശനമാക്കും. യോഗത്തില്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ എസ്. സഞ്ജയ്, ജിജി പി. ഡാനിയല്‍, ഡോ. ബിജു മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.




0 Comments