തൊമ്മന്‍കുത്ത് കണ്ണാടിപ്പുഴയ്ക്ക് കുറുകെ പുതിയ പാലം പണിയുന്നതിനായി തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളിയുടെ കപ്പേള പൊളിച്ചുനീക്കാന്‍ സഭാ അധികൃതര്‍ അനുമതി നല്‍കി. പള്ളി പാരിഷ് കൗണ്‍സിലും വികാരിയും കൈക്കൊണ്ട ഈ തീരുമാനത്തോടെ പാലം നിര്‍മാണത്തിനുണ്ടായിരുന്ന പ്രധാന തടസ്സം നീങ്ങിയിരിക്കുകയാണ്. നിലവിലുള്ള വീതി കുറഞ്ഞ ചപ്പാത്തിന് പകരമാണ് കെഎസ്ടിപി പുതിയ പാലം നിര്‍മിക്കുന്നത്. വനം വകുപ്പിന്റെ ഭാഗത്തുനിന്നുള്ള തടസ്സങ്ങള്‍ നേരത്തെ തന്നെ നീങ്ങിയിരുന്നു.
പാലത്തിന് ആവശ്യമായ വീതി ലഭിക്കണമെങ്കില്‍ ചപ്പാത്തിനോട് ചേര്‍ന്നുള്ള പള്ളി കപ്പേളയുടെ കുറച്ചുഭാഗം പൊളിക്കേണ്ടി വരുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നു. വികസന പ്രവര്‍ത്തനങ്ങളോട് സഹകരിച്ചുകൊണ്ട് കപ്പേള പുറകോട്ട് മാറ്റിപ്പണിയാന്‍ പള്ളി അധികൃതര്‍ സമ്മതിക്കുകയായിരുന്നു.
തടസ്സങ്ങള്‍ നീങ്ങിയ സാഹചര്യത്തില്‍ പാലം പണിക്കായുള്ള പ്രാഥമിക നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കെഎസ്ടിപി ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാല്‍പ്പതേക്കര്‍ ശാന്തിക്കാട് ക്ഷേത്രത്തിന് സമീപമുള്ള കലുങ്കിന്റെ പണി ഈ ആഴ്ച തന്നെ തുടങ്ങാനാണ് അധികൃതരുടെ തീരുമാനം. നാട്ടുകാരുടെ ദീര്‍ഘകാലത്തെ ആവശ്യമായ പുതിയ പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ തൊമ്മന്‍കുത്ത് മേഖലയിലെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകും.




0 Comments