എഫ് സി ആർ എ ഭേദഗതി നിയമത്തിനെതിരെ പാല കുരിശുപള്ളിയിൽ മെഴുകുതിരി കത്തിച്ച് യുഡിഎഫ് കൗൺസിലർമാരുടെ പ്രാർത്ഥന...
നിർദിഷ്ട എഫ് സി ആർ എ ഭേദഗതിക്കെതിരെ പാലാ നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കുരിശുപള്ളിയിൽ മെഴുകുതിരി കത്തിച്ച ശേഷം കുരിശുപള്ളി കവലയിൽ ആയിരുന്നു നഗരസഭ കൗൺസിലർമാരുടെ പ്രതിഷേധം. കേന്ദ്രസർക്കാർ വിദേശ നിക്ഷേപകരോട് കാണിക്കുന്ന സ്നേഹം രാജ്യത്തെ അധസ്ഥിത വിഭാഗത്തിന്റെ ഉന്നമനത്തിനായി വിദേശ സംഭാവനകൾ നൽകുന്നവരോട് കാണിക്കാത്തത് ഖേദകരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ നഗരസഭ അധ്യക്ഷ ദിയ ബിനു ചൂണ്ടിക്കാട്ടി. ഇത് സാമൂഹ്യനീതിയുടെ ലംഘനമാണെന്നും, ക്രൈസ്തവ സഭയുടേത് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നശിപ്പിക്കാനുള്ള ഗൂഢനീക്കം ആണെന്ന് സംശയിക്കേണ്ടതുണ്ടെന്നും ദിയ ബിനു ആരോപിച്ചു.
നിയമ ഭേദഗതിയിൽ ആശങ്ക അറിയിച്ച ക്രൈസ്തവ സമുദായ അധ്യക്ഷന്മാരെ അധിക്ഷേപിക്കുന്ന ബിജെപി നേതാക്കളുടെ പരാമർശങ്ങൾ അംഗീകരിക്കുവാൻ കഴിയില്ല എന്ന് നഗരസഭ ചെയർപേഴ്സൺ ചൂണ്ടിക്കാട്ടി.ബിജെപിയുടെ ന്യൂനപക്ഷ സ്നേഹത്തിലെ കാപട്യമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നതെന്നും കൗൺസിലർമാർ ആരോപിച്ചു. ഈ പ്രതിഷേധം സൂചനയാണെന്നും നിയമഭേദഗതിക്കുള്ള നീക്കവുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോയാൽ പാലായിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ ആവിഷ്കരിക്കുമെന്നും യുഡിഎഫ് നേതാക്കളും വ്യക്തമാക്കി.
നഗരസഭ കൗൺസിലർമാരുടെ പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യവുമായി യുഡിഎഫ് നേതാക്കളും എത്തിയിരുന്നു. പ്രതിഷേധ യോഗത്തിൽ നഗരസഭാ കൗൺസിലർമാരായ സെബാസ്റ്റ്യൻ പനയ്ക്കൽ, ബിജു വരിക്കയാനി, ബിനു പുളിക്കകണ്ടം, ബിജു മാത്യൂസ്, ബിജു പുളിക്കണ്ടം, ടോണി തൈപ്പറമ്പിൽ, ലിസിക്കുട്ടി മാത്യു, സിജി ടോണി, പ്രിൻസി സണ്ണി, റിയ ചീരാൻകുഴി, സോണിയ ചിറ്റേട്ട് എന്നിവരും യുഡിഎഫ് നേതാക്കളായ കെഡിപി സംസ്ഥാന അധ്യക്ഷൻ ജോസ് മോൻ, തോമസുകുട്ടി നെച്ചിക്കാട്ട്, ജോഷി വട്ടക്കുന്നേൽ, സന്തോഷ് മണർകാട്, ജോസ് വേരനാനി, തോമസുകുട്ടി മുക്കാല എന്നിവർ പ്രസംഗിച്ചു.




0 Comments