പാമ്പു കടിയേറ്റു മരിച്ച കുട്ടി താമസിച്ച വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടു, സംസ്കാരച്ചടങ്ങുകൾക്കിടെ പരിഭ്രാന്തി, സഹോദരന്റെ നില അതീവ ഗുരുതരമായി തുടരുന്നു
തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പ്.
സംസ്കാരച്ചടങ്ങുകൾ നടക്കുന്നതിനിടെ കുട്ടിയുടെ വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തിയത് നാട്ടുകാരിൽ വലിയ ആശങ്ക പരത്തിയിട്ടുണ്ട്.
ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിന്റെ കുഞ്ഞിനെയാണ് വീണ്ടും കണ്ടത്.
മരിച്ച എട്ട് വയസുള്ള ആൽജോയുടെ സംസ്കാര ചടങ്ങുകൾ വൈകുന്നേരം 3 മണിക്ക് തൃശൂർ കൊടുങ്ങപള്ളിയിലാണ് നടക്കുക.
അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആൽജോയുടെ മൂത്ത സഹോദരൻ അനോജ് (10) ന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്.
നിലവിൽ വെന്റിലേറ്ററിലാണ്.
വനത്തോടു ചേർന്ന ഒറ്റനില വീട്ടിലാണ് പാമ്പുകയറി ഉറക്കത്തിലായിരുന്ന കുട്ടികളെ കടിച്ചത്.
അതേസമയം, കുട്ടിയുടെ മരണത്തിന് മരണകാരണം ശംഖ് വരയന്റെ കടിയേറ്റത് തന്നെയാണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി.
തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കണ്ടെത്തൽ. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ഫോറൻസിക് സർജൻ്റെ റിപ്പോർട്ട്. ഭക്ഷ്യവിഷബാധയാണ് കുട്ടിക്ക് ഏറ്റതെന്നായിരുന്നു പൊലീസ് റിപ്പോർട്ട്.
ഇന്നലെ പുലർച്ചെയാണ് അബോധാവസ്ഥയിൽ സഹോദരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
തുടർന്ന് നാട്ടുകാർ വീട്ടിൽ നടത്തിയ തെരച്ചിലിൽ ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ ഇവരുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
അമ്മയ്ക്കൊപ്പം ആദ്യം കിടപ്പുമുറിയിൽ നിലത്തും പിന്നെ കട്ടിലിലും കിടന്നു. പുലർച്ചെ രണ്ടുമണിയോടെ ഇരുവർക്കും വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടു. രാത്രി കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നമാകാം എന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങിയതോടെ അഞ്ച് മണിയോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പാമ്പുകടിയാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ഡോക്ടർക്ക് സംശയം തോന്നിയതും, വീട്ടിൽ നടത്തിയ പരിശോധനയിൽ പാമ്പിനെ തലയിണക്ക് അടിയിൽ നിന്നും കണ്ടെത്തി സ്ഥിരീകരിച്ചതും.
എന്നാൽ ആശുപത്രിയിലെത്തി മിനിറ്റുകൾക്കകം ആൽജോയ്ക്ക് ജീവൻ നഷ്ടമായി.
റബർ മരങ്ങളുടെ നടുവിലാണ് ഇവരുടെ വീട്. സമീപപ്രദേശങ്ങളിൽ ശങ്കു വരയൻ പാമ്പുകളെ നിരവധി കണ്ടിട്ടുണ്ടെന്ന് നാട്ടുകാരും പറയുന്നു.
വീടിനോട് ചേർത്ത് വെച്ച വിറക് കെട്ടുകളും ഭിത്തിയിലൂടെയുള്ള വള്ളിപ്പടർപ്പുകളും വീടിനുള്ളിലേക്ക് പാമ്പ് കയറാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നുവെന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്.
നാട്ടുകാർ തല്ലിക്കൊന്ന പാമ്പിനെ പരിശോധനകൾക്കായി വനം വകുപ്പ് കൊണ്ടുപോയി.




0 Comments