ഡിജോ കാപ്പൻ ആരായിരുന്നു എന്ന് ഗ്രഹിക്കുവാൻ കഴിയുന്ന പ്രായത്തിനു മുന്നേ തന്നെ എനിക്ക് അദ്ദേഹം എന്റെ പിതാവ് ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന, ജ്യേഷ്ഠ സഹോദരനായി കാണുന്ന വ്യക്തിത്വവും, ഒരു മുത്തച്ചന്റെ വാത്സല്യത്തോടെ ചേർത്തുനിർത്തുന്ന കരുതലുമായിരുന്നു. കുഞ്ഞുനാളിലെ മുതൽ ഒരു കുടുംബാംഗത്തെ പോലെ മനസ്സിൽ പതിഞ്ഞ മുഖവും ശബ്ദവുമാണ് എനിക്ക് പ്രിയപ്പെട്ട ഡിജോ അങ്കിൾ. എന്നാൽ ഇതിനെല്ലാം അപ്പുറം അദ്ദേഹം ആരായിരുന്നു എന്ന് മനസ്സിലാക്കി കഴിഞ്ഞ് ഏറെ നാൾ മുമ്പേ ഉണ്ടായ ഈ വേർപാടിന്റെ ശൂന്യത സൃഷ്ടിക്കുന്ന അനാഥത്വവും നഷ്ടബോധവും വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിനും അപ്പുറമാണ്.
അവിഭക്ത കേരള കോൺഗ്രസ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയെ കരുത്തോടെ നയിക്കുകയും കോളേജ് യൂണിയൻ ചെയർമാൻ, യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, യൂണിവേഴ്സിറ്റി അംഗം എന്നീ നിലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്യ്ത അദ്ദേഹം പിന്നീട് കേരള കോൺഗ്രസ് യുവജന സംഘടനയുടെ സംസ്ഥാന അധ്യക്ഷനായും പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും കഴിവ് തെളിയിച്ചു. പകപോക്കലിന്റെയും, പിളർപ്പിന്റെയും വിളനിലമായി തന്റെ രാഷ്ട്രീയ പ്രസ്ഥാനം മാറിയപ്പോൾ തന്റെ മൂല്യങ്ങൾക്കും ആദർശ ശുദ്ധിക്കും കോട്ടം വരാതിരിക്കുവാൻ വ്യക്തിജീവിതത്തിൽ നേടിയെടുക്കാമായിരുന്നു സൗഭാഗ്യങ്ങൾ ഒരു സന്യാസി വര്യനെ പോലെ വലിച്ചെറിഞ്ഞ് രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിച്ച വ്യക്തിത്വം ആണ് ഡിജോ കാപ്പൻ എന്ന് ചരിത്രം രേഖപ്പെടുത്തുന്നു.
രാഷ്ട്രീയ രക്തസാക്ഷി ആയി കാലം അടയാളപ്പെടുത്തേണ്ടിയിരുന്ന ആ വ്യക്തിത്വം പക്ഷേ "മൂന്നാം നാൾ" ഉയർത്തെഴുന്നേറ്റത് സഹജീവികൾക്ക് വേണ്ടി സംസാരിക്കുന്ന സമൂഹ മനസാക്ഷിയുടെ ശബ്ദമായിട്ടായിരുന്നു. കെഎസ്ഇബിയും കെഎസ്ആർടിസിയും പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളും, വ്യാപാര വ്യവസായ സംരംഭങ്ങളും ഉപഭോക്താക്കൾക്ക് മാനുഷിക മുഖത്തോടെ സേവനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് നിരവധി മനുഷ്യരുടെ നാവായി, നീതിബോധത്തിന്റെ പ്രതീകമായി, വിട്ടുവീഴ്ചയില്ലാത്ത പോരാട്ട വീര്യത്തിന്റെ പര്യായമായി നിലകൊണ്ട പൊതുപ്രവർത്തകനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.
പൊതു പ്രവർത്തനരംഗത്തേക്ക് രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്നപ്പോൾ അസുഖ കിടക്കയിലും രാഷ്ട്രീയത്തിന്റെ മാനുഷിക മുഖം സംരക്ഷിച്ചു പിടിച്ചു മുന്നോട്ടു പോകേണ്ടതിന്റെ ആവശ്യകതയാണ് ഉപദേശരൂപേണ അദ്ദേഹം എനിക്ക് നൽകിയിട്ടുള്ളത്. എത്ര ചെറുതാണെങ്കിലും ജനജീവിതത്തെ സ്പർശിച്ച് മെച്ചപ്പെടുത്തുന്ന പദ്ധതികൾ ആവിഷ്കരിക്കുന്നതാണ് ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്വം എന്ന പാഠം എനിക്ക് പകർന്നു നൽകിയാണ് അദ്ദേഹം മടങ്ങുന്നത്. രണ്ടുദിവസം മുമ്പ് ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ചപ്പോഴും വ്യക്തിപരമായ കുശലാന്വേഷണത്തിന് അപ്പുറം ഇത്തരം ഉത്തരവാദിത്വങ്ങളെ കുറിച്ച് ഓർമ്മപ്പെടുത്തിയാണ് എന്നെ അദ്ദേഹം മടക്കി അയച്ചത്.
ഡിജോ കാപ്പന്റെ വേർപാട് അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ ഉണ്ടാക്കുന്നതിനേക്കാൾ വലിയ നഷ്ടം സൃഷ്ടിക്കുന്നത് ഈ സമൂഹത്തിനാണ്. എന്നാൽ തന്റെ ജീവിതം കൊണ്ട് അദ്ദേഹം കാണിച്ചു തന്നിരുന്ന നന്മകൾ ഏറ്റെടുത്തു മുന്നോട്ടു പോകുവാൻ നമുക്ക് സാധിച്ചാൽ സാമൂഹ്യ നന്മയുടെ സമാനതകളില്ലാത്ത അധ്യായങ്ങളുടെ സൃഷ്ടാക്കൾ ആകുവാൻ നമുക്കൊരു സാധിക്കും. പ്രിയപ്പെട്ട ഡിജോ കാപ്പന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് നഷ്ടബോധത്തോടെ ' അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു.
ഡിജോ കാപ്പന്റെ വേർപാട് അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ ഉണ്ടാക്കുന്നതിനേക്കാൾ വലിയ നഷ്ടം സൃഷ്ടിക്കുന്നത് ഈ സമൂഹത്തിനാണ്. എന്നാൽ തന്റെ ജീവിതം കൊണ്ട് അദ്ദേഹം കാണിച്ചു തന്നിരുന്ന നന്മകൾ ഏറ്റെടുത്തു മുന്നോട്ടു പോകുവാൻ നമുക്ക് സാധിച്ചാൽ സാമൂഹ്യ നന്മയുടെ സമാനതകളില്ലാത്ത അധ്യായങ്ങളുടെ സൃഷ്ടാക്കൾ ആകുവാൻ നമുക്കൊരു സാധിക്കും. പ്രിയപ്പെട്ട ഡിജോ കാപ്പന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് നഷ്ടബോധത്തോടെ ' അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34



0 Comments