തിരുവനന്തപുരത്ത് ബക്രീദ് ആഘോഷങ്ങളോട് അനുബന്ധിച്ച് വർക്കലയിൽ എത്തിച്ച പോത്ത് വിരണ്ടോടി കടലിൽ ചാടി. സംഭവം പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.
വർക്കല മേൽവെട്ടൂർ ഭാഗത്ത് ഇന്നലെ വൈകുന്നേരം നാല് മണിയോടെയായി രുന്നു സംഭവം. കായിക്കര ഭാഗത്തേക്ക് കൊണ്ടുവന്ന പോത്താണ് അപ്രതീക്ഷിതമായി നിയന്ത്രണം വിട്ട് ഓടിത്തുടങ്ങിയത്.
സമീപത്ത് ഉണ്ടായിരുന്ന ആളുകൾ ഭീതിയോടെ ഓടി മാറുന്നതിനിടെയാണ് പോത്ത് വഴിയിലുണ്ടായിരുന്ന രണ്ട് പേർക്കു നേരെ ആക്രമണം നടത്തിയത്.
പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ഉടൻ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. വിരണ്ടോടിയ പോത്ത് പിന്നീട് കടൽതീരത്തേക്ക് പാഞ്ഞെത്തി നേരെ കടലിലേക്ക് ഇറങ്ങുകയായിരുന്നു.
ആ സമയം കടലിൽ ശക്തമായ തിരമാലയും അടിയൊഴുക്കും ഉണ്ടായിരുന്നതിനാൽ പോത്ത് തിരയിൽ അകപ്പെട്ടു മുങ്ങിത്തുടങ്ങിയതായാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ ഫയർഫോഴ്സിനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി കടലിലും തീരപ്രദേശങ്ങളിലും വ്യാപകമായി തിരച്ചിൽ ആരംഭിച്ചു. എന്നാൽ രാത്രിവരെ നടത്തിയ പരിശോധനയ്ക്കൊടുവിലും പോത്തിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. ശക്തമായ തിരമാലയും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചതായും അവർ പറഞ്ഞു. പോത്ത് ഉൾക്കടലിലെ ശക്തമായ ഒഴുക്കിൽപ്പെട്ടിരിക്കാമെന്നാണ് സമീപവാസികളുടെ നിഗമനം.
70 12 23 03 34



0 Comments