കേരള കാര്‍ട്ടൂണ്‍ അക്കാദമി അംഗം, ഡാവിഞ്ചി സുരേഷിനെ കേരള കാർട്ടൂൺ അക്കാദമി എറണാകുളത്ത് നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് ആദരിച്ചു.
മുഖ്യാതിഥി സത്യദീപം മാനേജിങ്ങ് ഡയറക്ടര്‍ ഫാദര്‍ ജസ്റ്റിന്‍ കൈപടമ്പാടന്‍ ഡാവിഞ്ചി സുരേഷിനെ പൊന്നാട അണിയിച്ചു. കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ സുധീര്‍നാഥ് ഉപഹാരം സമര്‍പ്പിച്ചു അക്കാദമി സെക്രട്ടറി എ സതീഷ്, ട്രഷറര്‍ ബി സജീവ് ബാലക്യഷ്ണന്‍ എന്നിവര്‍ ആശംസകൾ അർപ്പിച്ചു. കേരളത്തിലെ പ്രശസ്തരായ കാര്‍ട്ടൂണിസ്റ്റുകള്‍ ചടങ്ങിൽ പങ്കെടുത്തു. നൂറു വ്യത്യസ്ത മാധ്യമങ്ങളില്‍ ചിത്ര കലാരംഗത്ത് വേറിട്ട പ്രകടനം കാഴ്ചവെച്ച വ്യക്തി എന്നുള്ള നിലയിലാണ് ഡാവിഞ്ചി സുരേഷിനെ കേരള കാര്‍ട്ടൂണ്‍ അക്കാദമി ആദരിച്ചത്.
കേരളത്തിൽ പത്തു വര്‍ഷങ്ങള്‍ക്കിടെ സംഭവിച്ച നിരവധി സാമൂഹിക വിഷയങ്ങളില്‍ തന്‍റേതായ പ്രതികരണങ്ങള്‍ ചിത്രശില്പങ്ങളിലൂടെ ജനങ്ങള്‍ക്ക് മുന്‍പിലെത്തിച്ച കലാകാരനാണ് ഡാവിഞ്ചി സുരേഷ്. നിയമസഭാ മ്യൂസിയത്തിലെ പ്രളയസ്മാരക ശില്പം കാര്‍ട്ടൂണ്‍ അക്കാദമിക്കുവേണ്ടി നിര്‍മ്മിച്ചതു വഴിയും, കോവിഡ് ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കാര്‍ട്ടൂണ്‍ അക്കാദമി സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ മതിലിലെ ബോധവത്ക്കരണ കാര്‍ട്ടൂണ്‍ രചനയിലെ സജീവ സാന്നിധ്യം മൂലവും, ലഹരിക്കെതിരെ തൃശൂരിലെ ബോധവല്‍ക്കരണ ശില്പം നിര്‍മ്മിച്ചതു വഴിയും ഡാവിഞ്ചി സുരേഷ് ഏറെ ശ്രദ്ധനേടുകയുണ്ടായി. മുകളിലും, വെള്ളത്തിനടിയിലും, കല്ലിലും മണ്ണിലും പുല്ലിലും ഐസുകട്ടയിലുമായി വ്യത്യസ്ഥമായ നൂറ് മാധ്യമങ്ങളില്‍ എത്തി നില്‍ക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ ചിത്രശില്പ കലാ മേഖലകളിലെ ജൈത്രയാത്രയ്ക്ക് പിന്തുണ നല്‍കുന്നത് കൂടിയാണ് ഈ ആദരം.


0 Comments