അടി, തട, വെട്ട്, കുത്ത്... പാലാ ജനറല്‍ ആശുപത്രിയില്‍ ഗുണ്ടാവിളയാട്ടം. അടിച്ചമര്‍ത്താന്‍ ആളില്ല.







അടി, തട, വെട്ട്, കുത്ത്... പാലാ ജനറല്‍ ആശുപത്രിയില്‍ ഗുണ്ടാവിളയാട്ടം. അടിച്ചമര്‍ത്താന്‍ ആളില്ല. ഒന്നും രണ്ടും ദിവസമല്ല, കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയിലെ ആണുങ്ങളുടെ വാര്‍ഡിലാണീ വിളയാട്ടം.

വൈകുന്നേരത്തോടെ മദ്യപിച്ചെത്തുന്ന ഒരു ഗുണ്ടാസംഘം തങ്ങള്‍ക്ക് പരിക്ക് പറ്റിയെന്നും കിടത്തി ചികിത്സ വേണമെന്നും ആവശ്യപ്പെടും. മറുവിഭാഗമെത്തി അവരെ ഇറക്കിവിടണമെന്ന് ആവശ്യപ്പെടും. പിന്നെ തെറിവിളിയായി, അടിയായി, വടിവാളെടുക്കലായി... കലാപരിപാടികള്‍ ഓരോന്നായി അരങ്ങേറും. 
 
ആശുപത്രിയില്‍ രാത്രി ഡ്യൂട്ടിയിലുള്ള നാമമാത്രമായ ഡോക്ടര്‍മാര്‍ക്കോ ജീവനക്കാര്‍ക്കോ എന്തിനേറെ ഒന്നോ രണ്ടോ സെക്യൂരിറ്റി ജീവനക്കാര്‍ക്കോ ഇവരെ നിലയ്ക്ക് നിര്‍ത്താനാവുന്നില്ല. ഭയഭീതിയോടെയാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ജനറല്‍ ആശുപത്രിയില്‍ രാത്രികാലത്ത് ജോലിചെയ്യുന്നത്. ഏത് നിമിഷവും ആക്രമണം തങ്ങള്‍ക്ക് നേരെയും വന്നേക്കാമെന്ന് ഇവര്‍ ഭയപ്പെടുന്നു. 

അഞ്ച് വര്‍ഷം മുമ്പ് അന്ന് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഡോക്ടറെ ഗുണ്ടാസംഘം മര്‍ദ്ദിച്ച സംഭവം ഉണ്ടായിരുന്നു. അന്ന് ആശുപത്രി ജീവനക്കാര്‍ ഒന്നടങ്കം പണിമുടക്കി സമരത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് കാര്യമായ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടിയിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഇതേ വരെ ഈ കേസ് കോടതിയില്‍ എത്തിയിട്ടില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. കാരണം ചോദിച്ചാല്‍ അവര്‍ക്ക് അറിവുമില്ല. 

പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം

ദിവസേന രണ്ടായിരത്തോളം രോഗികള്‍ ചികിത്സ തേടിയെത്തുന്ന പാലാ ജനറല്‍ ആശുപത്രിയില്‍ പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കോട്ടയം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ജനറല്‍ ആശുപത്രിയാണിത്. 
 
 
ഇത്രയൊന്നും തിരക്കില്ലാത്ത കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി ഗവണ്‍മെന്റ് ആശുപത്രികളില്‍പോലും പൊലീസ് എയ്ഡ് പോസ്റ്റ് ഉള്ളപ്പോഴാണ് പാലാ ജനറല്‍ ആശുപത്രിയില്‍ ഇങ്ങനെയൊരു സംഭവമേ ഇല്ലാത്തത്. വേണ്ടത്ര പൊലീസുകാര്‍ ഇല്ലാത്തതാണ് ജനറല്‍ ആശുപത്രിയില്‍ എയ്ഡ് പോസ്റ്റ് സ്ഥാപിക്കാന്‍ പ്രധാന തടസ്സമാകുന്നതെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments