ഹണിട്രാപ് കവർച്ച; വിമുക്ത ഭടനിൽ നിന്ന് 9 പവൻ സ്വർണവും പണവും തട്ടിയ സംഘം ധ്യാനകേന്ദ്രത്തിൽ നിന്ന് പിടിയിൽ


 ഹണിട്രാപ് രീതിയിൽ വിമുക്ത ഭടനെ കുടുക്കി മദ്യം നൽകി മയക്കിയ ശേഷം മർദിച്ച് സ്വർണവും പണവും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശിനി ദീപ, മകൻ അഖിൽ, സുഹൃത്ത് പ്രകാശ് എന്നിവരെയാണ് ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ നിന്ന് പൊലീസ് പിടികൂടിയത്. കവർച്ചയ്ക്ക് ശേഷം ഒളിവിൽ കഴിയാനാണ് ഇവർ ധ്യാനകേന്ദ്രത്തെ ആശ്രയിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. 


 പോത്തൻകോട് സ്വദേശിയായ 68-കാരനായ വിമുക്ത ഭടനുമായി എട്ടുമാസം മുൻപാണ് ദീപ സൗഹൃദം സ്ഥാപിച്ചത്. സമാന രീതിയിലുള്ള ഹണിട്രാപ് കേസിൽ ദീപ നേരത്തെയും പ്രതിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പുതുതായി നിർമിച്ച കഴക്കൂട്ടം ചന്തവിളയിലെ വീട് കാണാനെന്ന പേരിൽ ദീപയും അഖിലും പ്രകാശും വിമുക്ത ഭടന്റെ വീട്ടിലെത്തി. തുടർന്ന് ഇയാൾക്ക് അമിതമായി മദ്യം നൽകി അവശനാക്കിയ ശേഷം ക്രൂരമായി മർദിക്കുകയും കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങളും പണവും തട്ടിയെടുക്കുകയുമായിരുന്നു. 


 മാല, ബ്രേസ്ലെറ്റ്, മൂന്ന് സ്വർണമോതിരങ്ങൾ ഉൾപ്പെടെ ഒൻപത് പവൻ സ്വർണം, മൊബൈൽ ഫോൺ, പഴ്‌സ് തുടങ്ങിയവയാണ് പ്രതികൾ കവർന്നത്. കവർച്ചയ്ക്കുശേഷം മൊബൈൽ ഫോൺ ഓഫാക്കി അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ ഒടുവിൽ ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ നിന്ന് പൊലീസിന്റെ വലയിലാകുകയായിരുന്നു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments