രാമപുരം നാലമ്പലങ്ങളിൽ വൻ ഭക്തജനപ്രവാഹം
ഈ വർഷത്തെ നാലമ്പല തീർഥാടനത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് രാമപുരത്തെ നാലമ്പലങ്ങളിൽ വൻ ഭക്തജനപ്രവാഹമാണ് അനുഭവപ്പെട്ടത്. പുലർച്ചെ 4 മണിക്ക് നിർമ്മാല്യദർശനത്തിനായി രാമപുരം ശ്രീരാമസ്വാമി ക്ഷേത്രനട തുറന്നതോടെ തന്നെ ഭക്തജനങ്ങളുടെ നീണ്ടനിര ദൃശ്യമായിരുന്നു.
രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ദർശനത്തിനുശേഷം കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ശ്രീഭരതസ്വാമി ക്ഷേത്രം, മേതിരി ശ്രീശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി വീണ്ടും രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയാണ് ഭക്തർ നാലമ്പല ദർശനം പൂർത്തിയാക്കിയത്.
രാമനിൽ തുടങ്ങി രാമനിൽ സമാപിക്കുന്ന പൗരാണിക സങ്കൽപമനുസരിച്ചുള്ള ക്ഷേത്രഗ്രാമ പ്രദക്ഷിണത്തോടെയുള്ള നാലമ്പല ദർശനത്തിന് അവസരമുള്ള അപൂർവ കേന്ദ്രമാണ് രാമപുരം. ഇതാണ് പ്രതികൂല കാലാവസ്ഥയിലും ഇത്രയധികം ഭക്തജനങ്ങൾ എത്താൻ കാരണമെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു.
ഓരോ ക്ഷേത്രങ്ങളിലും രണ്ട് മണിക്കൂറിലേറെ സമയം ക്യൂവിൽ നിന്ന ശേഷമാണ് ഭക്തർക്ക് ദർശനം സാധ്യമായത്. പുലർച്ചെ മുതൽ ക്ഷേത്രങ്ങളിലേക്ക് ഭക്തജനങ്ങളുടെ അണമുറിയാത്ത പ്രവാഹമായിരുന്നു. ഉച്ചയ്ക്ക് ശേഷം 4 മണിയോടെയാണ് ക്ഷേത്രനടകൾ അടച്ചത്. അപ്പോഴും ദർശനത്തിനായി ഭക്തരുടെ നീണ്ടനിര തുടരുകയായിരുന്നു. തുടർന്ന് അരമണിക്കൂറിന് ശേഷം വൈകിട്ട് 4.30-ന് ക്ഷേത്രനടകൾ വീണ്ടും തുറന്നു.
രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ശ്രീഭരതസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ ഭക്തർക്കായി അന്നദാനവും ഒരുക്കിയിരുന്നു. വോളണ്ടിയർമാർക്കു പുറമെ തിരക്ക് നിയന്ത്രിക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥരും സ്വകാര്യ സുരക്ഷാ ജീവനക്കാരുമുണ്ടായിരുന്നു
70 12 23 03 34

.jpeg)

.jpg)


0 Comments