ഒരു മാസം ഇവിടെ ഒരു മരണമെങ്കിലും ചുരുങ്ങിയത് നടക്കുന്നുണ്ടെന്നു നാട്ടുകാർ ...മൂന്നിലവിലെ കട്ടിക്കയം വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തുന്നവർക്ക് മുന്നറിയിപ്പ്.....
വിനോദസഞ്ചാരം കേന്ദ്രമായ ഇല്ലിക്കൽ കല്ല് സന്ദർശിക്കാൻ എത്തുന്നവർ ഉറപ്പായും വരുന്ന പ്രദേശമാണ് മൂന്നിലവിലെ കട്ടിക്കയം വെള്ളച്ചാട്ടം.
കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ മുങ്ങിമരണം നടക്കുന്ന പ്രദേശം കൂടിയാണിത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം രണ്ടു യുവാക്കളാണ് ഇവിടെ അപകടത്തിൽപ്പെട്ടു മരിച്ചത്.
50 അടി ഉയരത്തിൽ നിന്നും മൂന്ന് തട്ടുകളായി വെള്ളം ഇവിടെ പതിക്കുന്നു. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല് എന്നീ സ്ഥലങ്ങളിലേക്ക് എത്തുന്നവർക്ക് ഇവിടെ സന്ദർശിക്കുക പതിവാണ്. ഒരു മാസം ഇവിടെ ഒരു മരണമെങ്കിലും ചുരുങ്ങിയത് നടക്കുന്നുണ്ടെന്നു നാട്ടുകാർ പറയുന്നു.
വെള്ളച്ചാട്ടത്തിന് താഴെയുള്ള കുഴിയിൽ ശക്തമായ അടിയൊഴുക്കുകളും ആഴവുമുള്ളതിനാൽ ഇവിടെ കുളിക്കുന്നത് അതീവ അപകടകരമാണ്. പാറക്കൂട്ടങ്ങൾ വഴുക്കലുള്ളതുമാണ്. യുവാക്കൾ ഇത് ശ്രദ്ധിക്കാറില്ല. കഴിഞ്ഞദിവസം കട്ടിക്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ചങ്ങനാശേരി മാമ്മൂട് ആലുംമൂട്ടിൽ ടിറ്റു ജോസഫ് (39) ആണ് മുങ്ങിമരിച്ചത്. ചങ്ങനാശേരി സ്വദേശികളായ അഞ്ചംഗ സംഘത്തോടൊപ്പം എത്തിയതായിരുന്നു യുവാവ്.
കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരം സ്വദേശി അർജുൻ മൂന്നിലവ് കടപുഴയിൽ മുങ്ങിമരിച്ചിരുന്നു. അപകടത്തിൽപ്പെടുന്നവരിൽ ഏറെയും വിദ്യാർത്ഥികളും യുവാക്കളുമാണ്. ജലാശയങ്ങളുടെ ആഴം, അടിയൊഴുക്ക്, വെള്ളത്തിനടിയിലെ പാറക്കുഴികൾ, വഴുക്കൽ തുടങ്ങിയ അപകടസാദ്ധ്യതകൾ മനസിലാക്കാതെയാണ് പലരും വെള്ളത്തിലിറങ്ങുന്നതാണ് ദുരന്തം വിളിച്ചുവരുത്തുന്നത്.
മഴക്കാലത്ത് ജലനിരപ്പും ഒഴുക്കും പെട്ടെന്ന് ഉയരുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കും. സാമൂഹിക മാദ്ധ്യമങ്ങളിൽ റീലുകളും ചിത്രങ്ങളും പകർത്താനുള്ള ശ്രമവും സാഹസിക പ്രകടനങ്ങളും പലപ്പോഴും ദുരന്തങ്ങളിൽ കലാശിക്കും. ഒരാൾ മുങ്ങുമ്പോൾ രക്ഷിക്കാൻ ഇറങ്ങുന്ന സുഹൃത്തുക്കളും അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ പതിവാണ്. പ്രദേശത്ത് സുരക്ഷ സംവിധാനങ്ങൾ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
70 12 23 03 34

.jpg)


0 Comments