സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് സെപ്റ്റംബറിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.


 സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് സെപ്റ്റംബറിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.  

 വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച് എംവിഡി നടത്തിയ പൊതുസർവേയിൽ 17,000 പേരുടെ നിർദേശങ്ങളാണ് ലഭിച്ചത്. രണ്ടാഴ്ചയ്ക്കകം നിർദേശങ്ങളുടെ പരിശോധന പൂർത്തിയാക്കാനാണ് നീക്കം.ജൂലൈ 28 മുതൽ ഓഗസ്റ്റ് ഏഴ് വരെയായിരുന്നു ഗൂഗിൾ ഫോം വഴി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടിയത്.


 ലഭിച്ച നിർദേശങ്ങൾ കൂടി പരിഗണിച്ചാകും എംവിഡി റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുക.  അതേസമയം, കേന്ദ്രസർക്കാർ നയം വ്യക്തമാക്കിയ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ വാഹന മോഡിഫിക്കേഷനുകൾ അനുവദിക്കാൻ സാധ്യത കുറവാണ്. വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. 


 ജൂണിൽ എംവിഡി പുറത്തുവിട്ട പട്ടികയിൽ അനുമതിയില്ലാതെ ചെയ്യാവുന്ന 18 മോഡിഫിക്കേഷനുകളും അനുമതിയോടെ ചെയ്യാവുന്ന ആറ് മോഡിഫിക്കേഷനുകളും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പട്ടികയിലെ ഭൂരിഭാഗം മാറ്റങ്ങളും നേരത്തെ തന്നെ അനുവദനീയമായവയാണെന്ന വിമർശനം ഉയർന്നതോടെയാണ് പൊതുജനാഭിപ്രായം തേടി സർവേ നടത്തിയത്.  

 കേന്ദ്ര മാനദണ്ഡങ്ങൾ പാലിച്ചുള്ള രൂപമാറ്റം സംസ്ഥാന സർക്കാർ അംഗീകരിച്ച വർക്ക്‌ഷോപ്പുകളിലോ സർവീസ് സ്റ്റേഷനുകളിലോ നടത്താം. രൂപമാറ്റത്തിന് മുമ്പ് ഫോം 22 സി വഴി രജിസ്റ്ററിംഗ് അതോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങണം. 


മാറ്റങ്ങൾ വരുത്തിയ ശേഷം 14 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ അത് രേഖപ്പെടുത്തണമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി സഭയിൽ വ്യക്തമാക്കിയിരുന്നു. അതിനിടെ, അധികാരത്തിലെത്തിയാൽ അപകടകരമല്ലാത്ത വാഹന മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകുമെന്ന വി ഡി സതീശന്റെ പ്രഖ്യാപനം വാഹനപ്രേമികളും യുവാക്കളും ഏറ്റെടുത്തിരുന്നു. 


മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ വാഹന മോഡിഫിക്കേഷൻ എപ്പോൾ അനുവദിക്കുമെന്ന ചോദ്യത്തിന് ‘പറഞ്ഞതൊക്കെ ചെയ്യുമെന്ന’ സതീശന്റെ മറുപടിയും മുഖഭാവവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ വി ഡി സതീശന് ‘പൂക്കി മുഖ്യമന്ത്രി’ എന്ന വിളിപ്പേര് പ്രചരിച്ചത്. ഇനി എംവിഡിയുടെ റിപ്പോർട്ടിലും കേന്ദ്രനയത്തിലും സർക്കാർ സ്വീകരിക്കുന്ന നിലപാടാണ് വാഹനപ്രേമികൾ ഉറ്റുനോക്കുന്നത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments