ഓണക്കാലം കരിമ്പ് കര്‍ഷകന് വറുതിയുടെ കാലം ....ഓണം കഴിയാറായിട്ടും മറയൂര്‍ ശര്‍ക്കരയുടെ വില ഉയര്‍ന്നില്ല


  ഓണക്കാലം കരിമ്പ് കര്‍ഷകന് വറുതിയുടെ കാലമായി മാറി. ഓണം കഴിയാറായിട്ടും മറയൂര്‍ ശര്‍ക്കരയുടെ വില ഉയര്‍ന്നില്ല. ഒരു കിലോ മറയൂര്‍ ശര്‍ക്കരയ്ക്ക് 70 മുതല്‍ 80 രൂപ മാത്രമാണ് വിലയായി കര്‍ഷകന് ലഭിക്കുന്നത്. മറയൂരിലെ ചില്ലറ വില്പനശാലകളില്‍ 100 മുതല്‍ 160 രൂപ വരെ വിലയ്ക്കാണ് മറയൂര്‍ ശര്‍ക്കര വിറ്റഴിക്കുന്നത്. 10 മാസം പരിചരിച്ച് കാവലിരുന്ന കര്‍ഷകന് 70 രൂപ വില ലഭിക്കുമ്പോള്‍ വില്‍പ്പന നടത്തുന്ന വ്യാപാരിക്ക് കൈനനയാതെ നല്ല ലാഭം കിട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്.


 ഭൗമ സൂചിക പദവി ലഭിച്ച മറയൂര്‍ ശര്‍ക്കരയുടെ ഗുണവും രുചിയും മണവും ഇല്ലാത്ത തമിഴ്‌നാട് ശര്‍ക്കരയുടെ വില 45 രൂപയില്‍നിന്ന് ഈ ഓണക്കാലത്ത് 72 രൂപയായി ഉയരുകയും ചെയ്തു. എന്നിട്ടും മറയൂര്‍ ശര്‍ക്കരയുടെ വില വര്‍ധിച്ചു. ഇടനിലക്കാരുടെ തുടര്‍ച്ചയായ ചൂഷണമാണ് കരിമ്പ് കര്‍ഷകര്‍ക്ക് ദുരിതമായി മാറുന്നത്. എന്നാല്‍, നല്ല ഗുണമുള്ള മറയൂര്‍ ശര്‍ക്കര വാങ്ങാതെ ഗുണം കുറഞ്ഞ തമിഴ്‌നാട് ശര്‍ക്കര വാങ്ങി മറയൂര്‍ ശര്‍ക്കര എന്ന പേരില്‍ കേരള വിപണികളില്‍ വ്യാപകമായി എത്തിച്ചും വരുന്നു. 


ഏറെ പ്രതീക്ഷയോടെയാണ് മറയൂരിലെ കരിമ്പ് കര്‍ഷകര്‍ ഈ സീസണില്‍ കൃഷിയിറക്കിയത്. കേരളത്തിലെ ഓണാഘോഷ പരിപാടികള്‍ ഗണ്യമായി വര്‍ധിക്കുകയും ശര്‍ക്കര ആവശ്യകത ഉയരുകയും ചെയ്തിട്ടും മറയൂര്‍ ശര്‍ക്കരയുടെ വില മാത്രം വര്‍ധിച്ചില്ല. 10 വര്‍ഷം മുന്‍പ് 2,500 ഏക്കറിലധികം സ്ഥലത്ത് കരിമ്പ് കൃഷിയുണ്ടായിരുന്ന മറയൂര്‍, കാന്തല്ലൂര്‍ മേഖലയില്‍ ഇന്ന് 450 ഏക്കറിലേക്ക് കരിമ്പ് കൃഷി ചുരുങ്ങി. ന്യായവില ലഭിക്കാത്തതും കരിമ്പിന്‍ പാടങ്ങള്‍ നിയമവിരുദ്ധമായി പ്ലോട്ടുകളാക്കിയതും കരിമ്പ് കൃഷിയില്‍നിന്ന് പിന്മാറാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി.


 പരമ്പരാഗത ശര്‍ക്കര ഉത്പാദന കേന്ദ്ര(ആല)ങ്ങളിലായിരുന്നു മുന്‍പ് ശര്‍ക്കര ഉത്പാദിപ്പിച്ചിരുന്നത്. കരിമ്പ് കൃഷി കുറഞ്ഞതോടുകൂടി ആലകളുടെ എണ്ണം കുറഞ്ഞു. പകരം ഏതാനും വലിയ ഉത്പാദന യൂണിറ്റുകള്‍ രംഗത്തെത്തി. ഇവരാണ് ഇപ്പോള്‍ മറയൂര്‍ ശര്‍ക്കരയുടെ വിലയും വിപണനവും നിശ്ചയിക്കുന്നത്. കരിമ്പ് ഒരു ടണ്ണിന് 6500 രൂപ വില നിരക്കില്‍ കര്‍ഷകരില്‍നിന്ന് വാങ്ങി ശര്‍ക്കര ഉത്പാദിപ്പിച്ച് 120 മുതല്‍ 165 രൂപ വരെ വിലയ്ക്ക് ഇവര്‍ വില്‍ക്കുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ കര്‍ഷകന് ലഭിക്കുന്നത് പരമാവധി 65 രൂപ മാത്രമാണ്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments