സുനില്‍ പാലാ
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായി നാലുവര്‍ഷം പൂര്‍ത്തിയാക്കിയ മനോജ് ബി. നായര്‍ ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കി പടിയിറങ്ങുന്നു.
ഗുരുവായൂരപ്പന്റെ സേവനത്തെ ആത്മസമര്‍പ്പണത്തോടെ സമീപിച്ച നാലുവര്‍ഷക്കാലം വിവേചനമില്ലാത്ത പ്രവര്‍ത്തനങ്ങളുടെയും ക്ഷേത്രസേവനത്തിന്റെയും കാലഘട്ടമായിരുന്നുവെന്നാണ് സഹപ്രവര്‍ത്തകരും ക്ഷേത്രഭാരവാഹികളും വിലയിരുത്തുന്നത്.
ഭക്തര്‍ക്ക് ഗുരുവായൂരപ്പനെ സുഗമമായി ദര്‍ശിക്കാനുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ക്ഷേത്രസംബന്ധമായ വിവിധ വിഷയങ്ങളില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തുന്നതിനും അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിലെ നിരവധി ക്ഷേത്രങ്ങള്‍ക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ധനസഹായം ലഭ്യമാക്കുന്നതില്‍ അദ്ദേഹം സജീവമായി ഇടപെട്ടു. അപേക്ഷ ലഭിച്ച ക്ഷേത്രങ്ങളില്‍ സ്വന്തം ചെലവില്‍ നേരിട്ടെത്തി സാഹചര്യം വിലയിരുത്തുകയും അര്‍ഹമായ അപേക്ഷകള്‍ അനുഭാവപൂര്‍വം പരിഗണിച്ച് ധനസഹായം ലഭ്യമാക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ക്ഷേത്രഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായിരിക്കെ സിറ്റിങ് ഫീസ് പോലും കൈപ്പറ്റാതെ പൊതുസേവനത്തെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയതെന്നതും ശ്രദ്ധേയമാണ്.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ ചുമതലകള്‍ക്കൊപ്പം എന്‍.എസ്.എസ് മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റായും എന്‍.എസ്.എസ് പ്രതിനിധി സഭാംഗമായും കടപ്പാട്ടൂര്‍ ശ്രീ മഹാദേവക്ഷേത്രം പ്രസിഡന്റായും അദ്ദേഹം സജീവമായ സേവനം തുടര്‍ന്നു. ഇതര ക്ഷേത്രകാര്യങ്ങളിലും ഒരുപോലെ ശ്രദ്ധ ചെലുത്തി വിവിധ ആവശ്യങ്ങളില്‍ ഇടപെട്ടതും അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയിലെ പ്രത്യേകതയായി വിലയിരുത്തപ്പെടുന്നു.
ഔദ്യോഗിക കാലയളവില്‍ ഒരിക്കല്‍ പോലും വിവാദങ്ങളില്‍ അകപ്പെടാതെയും ആരോടും വിരോധം സൃഷ്ടിക്കാതെയും സൗമ്യമായ സമീപനത്തോടെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയെന്നത് അദ്ദേഹത്തിന്റെ സേവനത്തിന്റെ ശ്രദ്ധേയമായ വശമാണെന്ന് സഹപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായി ലഭിച്ച അവസരം ഗുരുവായൂരപ്പന്റെ അനുഗ്രഹമായി കണക്കാക്കിയാണ് അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കിയത്. പൊതുപ്രവര്‍ത്തനത്തിലും ക്ഷേത്രസേവനരംഗത്തും ഇനിയും സജീവമായി തുടരട്ടെയെന്നും ഗുരുവായൂരപ്പന്റെ അനുഗ്രഹവും ദീര്‍ഘായുസ്സും അദ്ദേഹത്തിനുണ്ടാകട്ടെയെന്നുമാണ് വിവിധ ക്ഷേത്രഭക്തരും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകരും ആശംസിക്കുന്നത്.





0 Comments