സുനില്‍ പാലാ
കഴിഞ്ഞ ഓഗസ്റ്റ് 14-ന് തോടനാല്‍ മുതല്‍ മുത്തോലി കടവ് വരെയുള്ള ഭാഗങ്ങളില്‍ വ്യാപാരസ്ഥാപനങ്ങളില്‍ മോഷണവും മോഷണശ്രമവും നടത്തി ആശങ്ക സൃഷ്ടിച്ച കേസില്‍ രണ്ട് യുവാക്കളെ പാലാ പോലീസ് പിടികൂടിയതായി സൂചന.
അതിരമ്പുഴ, കൂടല്ലൂര്‍ സ്വദേശികളായ യുവാക്കളാണ് പിടിയിലുള്ളതെന്നാണ് വിവരം. ഒരുമാസം മുമ്പ് കുറവിലങ്ങാട്ടുനിന്ന് മോഷ്ടിച്ച ബൈക്കിലാണ് ഇവര്‍ തോടനാല്‍ മുതല്‍ മുത്തോലി കടവ് വരെയുള്ള വ്യാപാരസ്ഥാപനങ്ങളിലേക്ക് എത്തിയതെന്നും സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരുന്നതായി അന്വേഷണസംഘം പറയുന്നു.
ഓഗസ്റ്റ് 14-ന് പുലര്‍ച്ചെയായിരുന്നു തോടനാല്‍ മുതല്‍ മുത്തോലി കടവ് വരെയുള്ള വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണ പരമ്പര നടന്നത്. ചിലയിടങ്ങളില്‍ പണവും സാധനങ്ങളും കവര്‍ന്ന സംഘം, മറ്റു ചിലയിടങ്ങളില്‍ മോഷണശ്രമം നടത്തിയ ശേഷം കടന്നുകളയുകയായിരുന്നു. ഏകദേശം 15,000 രൂപയുടെ നഷ്ടമാണ് അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
സംഭവത്തിന് പിന്നാലെ സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഹെല്‍മെറ്റ് ധരിച്ച രണ്ട് യുവാക്കള്‍ ബൈക്കില്‍ എത്തി വിവിധ സ്ഥലങ്ങളില്‍ കറങ്ങി മോഷണം നടത്തിയതായാണ് ദൃശ്യങ്ങളില്‍ വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിച്ച പാലാ പോലീസ് നിരവധി സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുകയും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
തുടര്‍ അന്വേഷണത്തിനൊടുവിലാണ് അതിരമ്പുഴ, കൂടല്ലൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് പിടികൂടിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ക്ക് സമാനരീതിയിലുള്ള മറ്റ് മോഷണക്കേസുകളുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരുന്നു.




0 Comments