പാലാ നഗരസഭയിൽ യു.ഡി.എഫ് നീക്കം: റിയാ ചീരാൻകുഴി ചെയർപേഴ്സൺ സ്ഥാനാർത്ഥി...... പ്രഖ്യാപനം ഇന്ന് വൈകിട്ട് വാർത്താ സമ്മേളനത്തിൽ......വിമത കോൺഗ്രസ് കൗൺസിലർമാർക്കെതിരെ രാഷ്ട്രീയമായും നിയമപരമായും സമ്മർദ്ദം ശക്തമാക്കാനുള്ള തന്ത്രവുമായി ഡി.സി സി നേതൃത്വം



പാലാ നഗരസഭയിൽ യു.ഡി.എഫ് നീക്കം: റിയാ ചീരാൻകുഴി ചെയർപേഴ്സൺ സ്ഥാനാർത്ഥി...... പ്രഖ്യാപനം ഇന്ന് വൈകിട്ട് വാർത്താ സമ്മേളനത്തിൽ......വിമത കോൺഗ്രസ് കൗൺസിലർമാർക്കെതിരെ രാഷ്ട്രീയമായും നിയമപരമായും സമ്മർദ്ദം ശക്തമാക്കാനുള്ള തന്ത്രവുമായി ഡി.സി സി നേതൃത്വം

സുനിൽ പാലാ 

 പാലാ നഗരസഭയിലെ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നാളെ നടക്കുമ്പോൾ  യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി എട്ടാം വാർഡ് കൗൺസിലർ റിയാ ചീരാൻകുഴി മത്സരിക്കും. 
ഇതു സംബന്ധിച്ച് ഇന്ന് വൈകിട്ട് വാർത്താ സമ്മേളനത്തിൽ ഡി.സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് പ്രഖ്യാപനം നടത്തും.


" പാർട്ടി ചിഹ്‌നം കൊടുത്ത് , സ്ഥാനാർത്ഥിയാക്കി, ഞങ്ങളുടെ പ്രവർത്തകർ ചോര നീരാക്കി പ്രവർത്തിച്ച് വിജയിപ്പിച്ചിട്ട്, ഒടുവിൽ ഇപ്പോ പാർട്ടിയെ വെറും നോക്കു കുത്തി ആക്കാമെന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടെങ്കിൽ ആറു മാസത്തിനുള്ളിൽ അതിൻ്റെ ഭവിഷ്യത്ത് വ്യക്തമാകും " 
ഡി. സി സി യിലെ ഒരു ഉന്നതൻ " യെസ് വാർത്ത " യോടു പറഞ്ഞു.



 കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച റിയയെ യു.ഡി എഫ് നേതൃത്വം ചെയർപേഴ്സൺ സ്ഥാനാർത്ഥിയാക്കുന്നത് നിലവിലെ നഗരസഭാ രാഷ്ട്രീയത്തിൽ വ്യക്തമായ രാഷ്ട്രീയ സന്ദേശം നൽകുന്ന നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ശേഷം ഇടതുപക്ഷത്തിനൊപ്പം ചേർന്ന് യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസംവിധാനത്തിനെതിരെ നിലപാടെടുത്ത വിമത കോൺഗ്രസ് കൗൺസിലർമാരെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യവും സ്ഥാനാർത്ഥി നിർണയത്തിന് പിന്നിലുണ്ട് .

പ്രത്യേകിച്ച് കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച റിയാ ചീരാൻകുഴിക്കെതിരെ, അതേ ചിഹ്നത്തിൽ വിജയിച്ച കോൺഗ്രസ് വിമത കൗൺസിലർമാർ ഇടതുപക്ഷത്തോടൊപ്പം ചേർന്ന് വോട്ട് ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ, അത് കേവലം ചെയർപേഴ്സൺ  തിരഞ്ഞെടുപ്പിനപ്പുറം രാഷ്ട്രീയമായി ചർച്ചയാകുമെന്ന കണക്കുകൂട്ടലിലാണ് ഡി.സി.സി നേതൃത്വം.


റിയയെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ വിമതരുടെ രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്യുന്നതിനൊപ്പം, കോൺഗ്രസ് ചിഹ്നത്തിൽ ജനവിധി നേടിയ കൗൺസിലർമാർ പിന്നീട് സ്വീകരിച്ച നിലപാടും പൊതുസമൂഹത്തിന് മുന്നിൽ ഉയർത്തിക്കാട്ടാൻ കഴിയുമെന്നാണ് നേതൃത്വം കണക്കാക്കുന്നത്.

അതേസമയം, ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ റിയക്കെതിരെ വിമത കോൺഗ്രസ് കൗൺസിലർമാർ വോട്ട് ചെയ്യുകയാണെങ്കിൽ, അത് പാർട്ടി അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിന് കൂടുതൽ ശക്തമായ നടപടി സ്വീകരിക്കാനുള്ള  അവസരവുമാകും. 


തിരഞ്ഞെടുപ്പ് ഫലം എന്തായാലും വിമതരുടെ നിലപാട് രേഖപ്പെടുത്തപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നതാണ് യു.ഡി.എഫ് തന്ത്രത്തിന്റെ പ്രധാന പ്രത്യേകത.

വോട്ട് ആരുടെ പക്ഷത്ത്?

നഗരസഭയിലെ നിലവിലെ അംഗബലം കണക്കിലെടുത്ത് ഓരോ വോട്ടിനും വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ റിയാ ചീരാൻകുഴിയെ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കുമ്പോൾ കോൺഗ്രസ് വിമതരുടെ നിലപാടായിരിക്കും പ്രധാന ചർച്ചാവിഷയം.


റിയയ്ക്ക് അനുകൂലമായി വോട്ട് ചെയ്താൽ വിമതരുടെ മുൻ നിലപാടുകൾ ചോദ്യം ചെയ്യപ്പെടും. മറിച്ച് റിയക്കെതിരെ ഇടതുപക്ഷത്തോടൊപ്പം ചേർന്ന് വോട്ട് ചെയ്താൽ, കോൺഗ്രസ് ചിഹ്നത്തിൽ വിജയിച്ച കൗൺസിലർമാർ പാർട്ടിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന വാദത്തിന് കൂടുതൽ രാഷ്ട്രീയ ശക്തി ലഭിക്കും. നിയമനടപടികൾക്കും ഇത് ബലം നൽകും.

‘ഒരു വെടിക്ക് രണ്ട് ലക്ഷ്യം’

അതിനാൽ തന്നെ റിയാ ചീരാൻകുഴിയെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം കേവലം ഒരു ചെയർപേഴ്സൺ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയം മാത്രമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

ഒരുവശത്ത് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി മത്സരിക്കുന്ന റിയയ്ക്ക് പിന്തുണ ഉറപ്പാക്കുക; മറുവശത്ത് കോൺഗ്രസ് ചിഹ്നത്തിൽ വിജയിച്ച വിമത കൗൺസിലർമാരുടെ രാഷ്ട്രീയ നിലപാട് തുറന്നുകാട്ടുക — ‘ഒരു വെടിക്ക് രണ്ട് ലക്ഷ്യം’ എന്ന രാഷ്ട്രീയ തന്ത്രമാണ് ഇതിന് പിന്നിൽ.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments