പാലാ പൊലീസ് ''അന്വേഷിക്കുന്നു''; സി.ഐയ്ക്ക് ഒരു മുറി!




സുനില്‍ പാലാ



പാലാ പൊലീസ് ഇപ്പോള്‍ ഊര്‍ജ്ജിത അന്വേഷണത്തിലാണ്; പാലാ പൊലീസിന്റെ ആസ്ഥാനത്ത് സി.ഐയ്ക്കൊരു ഓഫീസ് വേണം! പാലായില്‍ ഇന്നലെയാണ് സി.ഐയായി അഭിലാഷ് എം.ഡി. ചുമതലയേറ്റത്. പക്ഷേ സി.ഐ.ക്ക് ഇരിക്കാന്‍ സ്വന്തം കസേരയും മുറിയും ഇനിയും റെഡിയായിട്ടില്ല!

നിലവില്‍ പാലാ ഡി.വൈ.എസ്.പി. ഓഫീസിലാണ് സി.ഐ ഇരിക്കുന്നത്. സ്വന്തം പോലീസ് സ്റ്റേഷനില്‍ സി.ഐ.യ്ക്കായി സ്വന്തമായി ഒരു ഓഫീസ് പോലും ഒരുക്കാന്‍ സ്ഥലമില്ലാത്തതാണ് സ്ഥിതി.
അതേസമയം, പുതിയ എസ്.ഐ.യും പാലാ സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്. എസ്.ഐ.യ്ക്ക് ഇരിക്കാന്‍ എസ്.ഐ. മുറിയുണ്ട്. പക്ഷേ സി.ഐ കൂടി എത്തിയപ്പോള്‍ കാര്യങ്ങള്‍ കുഴഞ്ഞു. സി.ഐ. വന്നപ്പോള്‍ മുറിയില്ല; എസ്.ഐ.ക്ക് മുറിയുണ്ട്!

ഇതിന് പരിഹാരമായി നിലവില്‍ ട്രാഫിക് പോലീസ് പ്രവര്‍ത്തിക്കുന്ന സ്ഥലം ഒഴിപ്പിച്ച് ക്രമീകരണങ്ങള്‍ നടത്തി സി.ഐ. ഓഫീസ് ആക്കി മാറ്റാനാണ് നീക്കം. അതോടെ ട്രാഫിക്കിന്റെ 'വഴി'യും സി.ഐ.യുടെ 'ഇരിപ്പിടവും' ഒരുമിച്ച് ശരിയാകുമെന്നാണ് പ്രതീക്ഷ.

പുതിയ സി.ഐ. വന്നതോടെ ഇനി സ്റ്റേഷനില്‍ ആരൊക്കെ എവിടെ ഇരിക്കണമെന്നതിലും ഒരു 'ഓപ്പറേഷന്‍' തന്നെ വേണ്ടിവരുന്ന അവസ്ഥയാണ്.
പോലീസിന് കുറ്റവാളികളെ കണ്ടെത്താന്‍ വലിയ സംവിധാനങ്ങളുണ്ട്.. പക്ഷേ പുതിയ സി.ഐ.ക്ക് ഒരു മുറി കണ്ടെത്താന്‍ ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്!

എന്തായാലും, സി.ഐ.യുടെ ഓഫീസ് ഉടന്‍ സജ്ജമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും. അതുവരെ സി.ഐ.യുടെ 'താല്‍ക്കാലിക സ്റ്റേഷന്‍' ഡിവൈഎസ്പി ഓഫീസില്‍ തന്നെ!









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments