പാലാ ജനറല്‍ ആശുപത്രിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് വേണം; 10 വര്‍ഷമായ ആവശ്യം, ഇനിയും നടപടിയില്ല...?




സുനില്‍ പാലാ


പാലാ ജനറല്‍ ആശുപത്രിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് വേണം; 10 വര്‍ഷമായ ആവശ്യം, ഇനിയും നടപടിയില്ല...?

നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന പാലാ ജനറല്‍ ആശുപത്രിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഒരു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ  ആശുപത്രി അധികൃതര്‍ പലതവണ പാലാ പോലീസിനോടും ഉന്നത പോലീസ് അധികാരികളോടും ആവശ്യം ഉന്നയിച്ചിട്ടും ഇതുവരെ അനുകൂല നടപടിയുണ്ടാകാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കുകയാണ്.

24 മണിക്കൂറും രോഗികളും കൂട്ടിരിപ്പുകാരും എത്തുകയും പോകുകയും ചെയ്യുന്ന ആശുപത്രിയാണ് പാലാ ജനറല്‍ ആശുപത്രി. നഗരമധ്യത്തിലെ പ്രധാന ചികിത്സാകേന്ദ്രം എന്ന നിലയില്‍ ഇവിടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി ആശുപത്രിയില്‍ മോഷ്ടാക്കളുടെയും സാമൂഹികവിരുദ്ധരുടെയും മദ്യപരുടെയും ഗുണ്ടകളുടെയും ശല്യം വര്‍ധിച്ചുവരികയാണ്.

സിസിടിവി ക്യാമറകളുടെ നിരീക്ഷണമുണ്ടായിട്ടും പട്ടാപ്പകല്‍ ആശുപത്രിയിലെ കാഷ് കൗണ്ടര്‍ കുത്തിത്തുറന്ന് മോഷണം നടന്നത് സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത വ്യക്തമാക്കുന്നതാണ്. ഇതിന് പുറമെ വിവിധ ദിവസങ്ങളിലായി ആശുപത്രി പരിസരത്തുനിന്ന് സ്റ്റീല്‍ പൈപ്പുകളും അഗ്നിശമന ഉപകരണങ്ങളിലെ നോസിലുകളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കാണാതായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

കാഷ്വാലിറ്റിയില്‍ സ്ഥിതി ഗുരുതരം

ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിലാണ് സ്ഥിതി കൂടുതല്‍ ഗുരുതരമാകുന്നത്. മദ്യപിച്ചെത്തുന്നവരുടെ അക്രമവും ബഹളവും ഗുണ്ടാസംഘങ്ങളുടെ ശല്യവും വര്‍ധിച്ചുവരുന്നതായി ആശുപത്രി ജീവനക്കാര്‍ പറയുന്നു. രോഗികളെയും കൂട്ടിരിപ്പുകാരെയും മാത്രമല്ല, ആശുപത്രിയിലെ ജീവനക്കാരെയും ഇത് ഭീതിയിലാക്കുകയാണ്.

പ്രത്യേകിച്ച് രാത്രി ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ സുരക്ഷയാണ് വലിയ ആശങ്കയായി മാറിയിരിക്കുന്നത്. അടിയന്തര ചികിത്സയ്ക്കായി രാത്രികാലങ്ങളില്‍ എത്തുന്നവരില്‍ ചിലരുടെ അക്രമാസക്തമായ പെരുമാറ്റം നിയന്ത്രിക്കാന്‍ പലപ്പോഴും ജീവനക്കാര്‍ക്ക് കഴിയാത്ത സ്ഥിതിയാണ്. ആശുപത്രിയില്‍ സ്ഥിരമായി ഒരു പോലീസ് സാന്നിധ്യമുണ്ടായിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഒരു പരിധിവരെ തടയാനാകുമെന്നാണ് ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും വിലയിരുത്തല്‍.


വര്‍ഷത്തില്‍ രണ്ടും മൂന്നും കത്തുകള്‍; ഫലം മാത്രം ഇല്ല

പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കഴിഞ്ഞ പത്ത് വര്‍ഷമായി ജനറല്‍ ആശുപത്രി അധികൃതര്‍ നിരന്തരം ഈ ആവശ്യം പോലീസിനെ അറിയിച്ചുവരികയാണ്. ഒരു വര്‍ഷത്തില്‍ തന്നെ രണ്ടും മൂന്നും തവണ വരെ എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കത്തുകള്‍ നല്‍കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.

ആശുപത്രിയില്‍ മോഷണമോ അക്രമമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടാകുമ്പോഴെല്ലാം ആശുപത്രി അധികൃതര്‍ വീണ്ടും പോലീസിനെ സമീപിക്കുകയും എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ നിരവധി തവണ കത്തുകള്‍ നല്‍കിയിട്ടും ഇതുവരെ സ്ഥിരമായ പരിഹാരം ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

സംഭവം നടക്കുമ്പോള്‍ പോലീസ് എത്തുന്നതിനെക്കാള്‍, സംഭവം നടക്കാതിരിക്കാന്‍ ആശുപത്രിയില്‍ സ്ഥിരമായ പോലീസ് സാന്നിധ്യം ഉറപ്പാക്കുകയാണ് വേണ്ടതെന്നാണ് ഉയരുന്ന ആവശ്യം.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments