പതിമൂന്ന് വര്‍ഷമായി അപ്രോച്ച് റോഡില്ലാതെ നോക്കുകുത്തിയായി നില്‍ക്കുന്ന ചെത്തിമറ്റം കളരിയാമാക്കല്‍ കടവ് പാലം ഒടുവില്‍ യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുന്നു.
പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുപ്പ് നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. ഭൂമി വിലനിര്‍ണയ നടപടികള്‍ ആരംഭിച്ചതോടെ വര്‍ഷങ്ങളായി നീണ്ടുനിന്ന കാത്തിരിപ്പിന് ഉടന്‍ വിരാമമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പാലായില്‍ നിന്ന് എത്തുമ്പോള്‍ പാലത്തിന്റെ മറുകരയില്‍ പൂവരണി വില്ലേജില്‍ ഉള്‍പ്പെടുന്ന ഏകദേശം 90 സെന്റ് ഭൂമിയാണ് ആദ്യഘട്ടത്തില്‍ അപ്രോച്ച് റോഡിനായി ഏറ്റെടുക്കുന്നത്. പൊതുമരാമത്ത് വകുപ്പ് (പി.ഡബ്ല്യു.ഡി.) കല്ലിട്ട് അടയാളപ്പെടുത്തിയ സ്ഥലത്തിന്റെ വില നിര്‍ണയമാണ് ഇനി പൂര്‍ത്തിയാക്കാനുള്ള പ്രധാന നടപടി.
ഇതിനായി സ്പെഷ്യല്‍ തഹസില്‍ദാര്‍ ദിലീപ് കെ. നായരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം കഴിഞ്ഞ ദിവസം സ്ഥലത്തെത്തി വിലനിര്‍ണയ നടപടികള്‍ക്ക് തുടക്കം കുറിച്ചു. ഭൂമിയുടെ വിപണിവിലയും നിയമപരമായ മറ്റ് ഘടകങ്ങളും പരിശോധിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് റവന്യൂ വകുപ്പിന്റെ നീക്കം.
റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ ഭൂമി ഏറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി അപ്രോച്ച് റോഡ് നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ള തുടര്‍നടപടികളിലേക്ക് കടക്കാന്‍ പൊതുമരാമത്ത് വകുപ്പിന് സാധിക്കും. അതോടെ വര്‍ഷങ്ങളായി ഉപയോഗിക്കാനാകാതെ കിടക്കുന്ന പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനുള്ള നടപടികള്‍ വേഗത്തിലാകും.
കോടികള്‍ ചെലവഴിച്ച് പാലം നിര്‍മിച്ചിട്ടും അപ്രോച്ച് റോഡില്ലാത്തതിനാല്‍ അത് ഒരു പതിറ്റാണ്ടിലേറെയായി ജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ കിടക്കുകയായിരുന്നു. പ്രദേശവാസികളും വിവിധ ജനകീയ സംഘടനകളും നിരന്തരം സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയതോടെയാണ് ഭൂമി ഏറ്റെടുപ്പ് നടപടികള്‍ക്ക് വീണ്ടും വേഗം കൈവന്നത്.



0 Comments