മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സാമൂഹ്യവിരുദ്ധരുടെ പിടിയില്‍ പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡ്; പോലീസിന് എന്തിനാണ് ഈ മൗനം?




സുനില്‍ പാലാ

മൂന്നുമാസം മുമ്പ് ശക്തമായ പോലീസ് നടപടിയിലൂടെ നിയന്ത്രണവിധേയമാക്കിയ പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ സാമൂഹ്യവിരുദ്ധ ശല്യം വീണ്ടും രൂക്ഷമായിട്ടും പോലീസ് മൗനം പാലിക്കുന്നതായി യാത്രക്കാരുടെ ആക്ഷേപം. 

ബസ് സ്റ്റാന്‍ഡില്‍ സ്ഥിരമായി തമ്പടിക്കുന്ന ചില മദ്യപാനികള്‍ പരസ്യമായി മദ്യപിക്കുകയും സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാരെ അസഭ്യം പറയുകയും ബഹളം വയ്ക്കുകയും ചെയ്യുന്നത് പതിവായിട്ടും ഇവര്‍ക്കെതിരെ ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് പരാതി.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചക്കാമ്പുഴ സ്വദേശിയായ ജോര്‍ജ് എന്നയാള്‍ മദ്യപിച്ച് മദോന്‍മത്തനായി ബസ് സ്റ്റാന്‍ഡിലെത്തി സ്ത്രീകളെയും പെണ്‍കുട്ടികളെയും ഉള്‍പ്പെടെയുള്ള യാത്രക്കാരെ നിരന്തരം അസഭ്യം പറയുകയും ബഹളം വയ്ക്കുകയും നഗ്‌നനായി നില്‍ക്കുകയും ചെയ്തതായി യാത്രക്കാര്‍ പറയുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ പരസ്യമായി നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ യാത്രക്കാരില്‍ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുണ്ടാകുന്നില്ലെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം വൈകിട്ട് പെണ്‍കുട്ടി ഉള്‍പ്പെട്ട ഒരു കുടുംബം ടൗണ്‍ ബസ് സ്റ്റാന്റില്‍ ബസ് കാത്തുനില്‍ക്കവെ ജോര്‍ജ്ജ് എന്നയാള്‍ മദ്യപിച്ച് ഇവര്‍ക്കുനേരെ അസഭ്യം പറഞ്ഞ് പാഞ്ഞുചെന്നു. ഇതോടെ ഇവര്‍ ഭയന്ന് സ്റ്റാന്റില്‍നിന്നും ഓടി രക്ഷപെടുകയായിരുന്നു.
പോലീസില്‍ വിവരം അറിയിച്ചിട്ടും 'ഇതൊന്നും ഞങ്ങളുടെ വിഷയമല്ല' എന്ന സമീപനമാണോ അധികൃതര്‍ക്കെന്ന ചോദ്യവും ഉയരുകയാണ്. പരാതി ലഭിച്ചിട്ടും സാമൂഹ്യവിരുദ്ധ ശല്യം അവസാനിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട പോലീസിന്റെ ഉത്തരവാദിത്വം എവിടെയാണെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

മൂന്നുമാസം മുമ്പും ഇതേ രീതിയില്‍ ബസ് സ്റ്റാന്‍ഡില്‍ മദ്യപസംഘത്തിന്റെ ശല്യം രൂക്ഷമായിരുന്നു. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ വന്നതോടെ പോലീസ് ശക്തമായ പരിശോധനകളും ഇടപെടലുകളും നടത്തുകയും സാമൂഹ്യവിരുദ്ധരുടെ ശല്യത്തിന് താല്‍ക്കാലികമായി അറുതി വരുത്തുകയും ചെയ്തിരുന്നു. അന്ന് നടപടി സ്വീകരിക്കാന്‍ പോലീസിന് കഴിഞ്ഞെങ്കില്‍ ഇപ്പോള്‍ എന്തുകൊണ്ടാണ് അതേ കാര്യത്തില്‍ കൈയും കെട്ടി നോക്കിനില്‍ക്കുന്നതെന്നാണ് യാത്രക്കാരുടെ ചോദ്യം.

പാലാ നഗരത്തിന്റെ പ്രധാന പൊതുഗതാഗത കേന്ദ്രമായ ബസ് സ്റ്റാന്‍ഡില്‍ സ്ത്രീകളും പെണ്‍കുട്ടികളും വിദ്യാര്‍ഥികളും വയോധികരും ഉള്‍പ്പെടെ ദിവസേന ആയിരക്കണക്കിന് യാത്രക്കാരാണ് എത്തുന്നത്. ഇവരുടെ മുന്നില്‍ പരസ്യമായി മദ്യപിച്ച് അസഭ്യം പറയുകയും ബഹളം വയ്ക്കുകയും ചെയ്യുന്നവരെ നിയന്ത്രിക്കാന്‍ കഴിയാത്തത് പോലീസിന്റെ ഗുരുതര വീഴ്ചയായാണ് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

വൈകുന്നേരങ്ങളിലും രാത്രിയിലും ബസ് കാത്തുനില്‍ക്കുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തരമായി പോലീസ് ഇടപെടണമെന്നാണ് ആവശ്യം. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ മാത്രം ഉണരുകയും പിന്നീട് വീണ്ടും പഴയ നിലയിലേക്ക് മടങ്ങുകയും ചെയ്യുന്ന രീതിക്ക് അറുതി വരുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡ് സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നത് തടയാന്‍ പോലീസ് അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഒരു അനിഷ്ടസംഭവം ഉണ്ടായശേഷം നടപടിയെടുക്കുന്നതിന് പകരം, അതിന് മുമ്പ് തന്നെ ഇടപെടാന്‍ പോലീസിന് കഴിയുമോ എന്നതാണ് ഇനി പാലായിലെ ജനങ്ങള്‍ ഉറ്റുനോക്കുന്നത്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments