ഒറ്റ ഫോണ്‍കോള്‍ മതി ..... പാരമ്പര്യ വേഷത്തിലെത്തും 40 അന്തര്‍ജ്ജനങ്ങള്‍ ....., സദ്യ വിളമ്പി 'നൈവേദ്യം ശ്രമ സംഘം' ശ്രദ്ധേയമാകുന്നു.



സുനില്‍ പാലാ

ഒറ്റ ഫോണ്‍കോള്‍ മതി; പാരമ്പര്യ വേഷത്തിലെത്തും 40 അന്തര്‍ജ്ജനങ്ങള്‍, സദ്യ വിളമ്പി 'നൈവേദ്യം ശ്രമ സംഘം' ശ്രദ്ധേയമാകുന്നു.

ഒരുകാലത്ത് ഇല്ലങ്ങളുടെ അകത്തളങ്ങളില്‍ ഒതുങ്ങിയിരുന്ന അന്തര്‍ജ്ജനങ്ങള്‍ ഇന്ന് ഒറ്റ ഫോണ്‍കോളില്‍ വിവാഹവേദികളിലേക്കും ക്ഷേത്രോത്സവങ്ങളിലേക്കും ഗൃഹസദ്യകളിലേക്കും രുചി വിളമ്പാനെത്തുകയാണ് .

പാരമ്പര്യ വേഷവിധാനത്തിലും ശുചിത്വത്തിന് പ്രാധാന്യം നല്‍കിയും പ്രവര്‍ത്തിക്കുന്ന 'നൈവേദ്യം ശ്രമ സംഘം' കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മുന്നൂറിലേറെ വേദികളില്‍ സദ്യ വിളമ്പി ശ്രദ്ധേയരായിരിക്കുകയാണ്.

കുറിച്ചിത്താനം കേന്ദ്രമാക്കി പ്രസീദ പരമേശ്വരന്റെ ഏകോപനത്തില്‍ പ്രവര്‍ത്തിക്കുന്ന നൈവേദ്യം ശ്രമ സംഘത്തില്‍ നാല്പതോളം അന്തര്‍ജ്ജനങ്ങളുണ്ട്. ശാലിനി മോഹനന്‍ പഴയിടം, ഗീത ഉണ്ണികൃഷ്ണന്‍ ആണ്ടൂര്‍, ശ്രീകല ശിവന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ഈ കൂട്ടായ്മയ്ക്ക് ഇന്ന് വിവിധ ജില്ലകളില്‍ നിന്ന് പോലും വിളികള്‍ എത്തുന്നുണ്ട്.


വെജിറ്റേറിയന്‍ ഭക്ഷണത്തിന് മാത്രം സേവനം

'ഞങ്ങള്‍ സദ്യ പാചകം ചെയ്യുന്നില്ല; വിളമ്പുക മാത്രമാണ് ചെയ്യുന്നത്' എന്നതാണ് സംഘത്തിന്റെ പ്രത്യേകതയെന്ന് പ്രസീദ പരമേശ്വരന്‍ 'യെസ് വാര്‍ത്ത''യോട് പറഞ്ഞു. പൂര്‍ണമായും വെജിറ്റേറിയന്‍ ഭക്ഷണത്തിന് മാത്രമാണ് സേവനം നല്‍കുന്നത്. മാംസാഹാര വിരുന്നുകളില്‍ പങ്കെടുക്കില്ലെന്ന നിബന്ധനയും സംഘം തുടക്കം മുതല്‍ പാലിച്ചുവരുന്നു.

ആവശ്യാനുസരണം 5 പേര്‍ മുതല്‍ 40 പേര്‍ വരെ ഉള്‍പ്പെടുന്ന സംഘത്തെ വേദിയിലെത്തിക്കും. 


തൊഴിലെന്ന മഹത്വം മുന്‍നിര്‍ത്തി

സംഘത്തിലുള്ളവര്‍ ആരും ഈ വരുമാനം മാത്രം ആശ്രയിച്ച് ജീവിക്കുന്നവരല്ല. വിവിധ കുടുംബ പശ്ചാത്തലങ്ങളില്‍ നിന്നുള്ള വീട്ടമ്മമാരാണ് കൂടുതലും. എന്നിട്ടും തൊഴിലെന്ന മഹത്വം സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചതെന്ന് പ്രസീദ പരമേശ്വരനും ഗീത ഉണ്ണികൃഷ്ണനും പറയുന്നു. 'സദ്യ വിളമ്പുന്നത് ഒരുകാലത്ത് വീട്ടിലെ ചടങ്ങുകളുടെ ഭാഗമായിരുന്നു. അതേ പാരമ്പര്യം ഒരു സംഘടിത സേവനമാക്കി മാറ്റിയാണ് ഞങ്ങള്‍ ചെയ്തത്. ജോലിയെ ചെറുതായി കാണാതെ ആത്മാഭിമാനത്തോടെ ചെയ്യാനാണ് ശ്രമം', അവര്‍ വിശദീകരിച്ചു.


പാരമ്പര്യവും പ്രൊഫഷണലിസവും കൈകോര്‍ക്കുമ്പോള്‍

സെറ്റെടുത്ത് അച്ചടക്കത്തോടെ സദ്യ വിളമ്പുന്ന അന്തര്‍ജനങ്ങളുടെ സാന്നിധ്യം ചടങ്ങുകള്‍ക്ക് വേറിട്ട ഭംഗി പകരുന്നുവെന്നാണ് സംഘാടകരുടെ അഭിപ്രായം. അതുകൊണ്ടുതന്നെ വിവാഹങ്ങള്‍, ഉപനയനം, ഗൃഹപ്രവേശം, ശതാഭിഷേകം, ക്ഷേത്ര അന്നദാനം തുടങ്ങി വിവിധ പരിപാടികളില്‍ ഇവരുടെ സാന്നിധ്യം ഇന്ന് ആവശ്യമായി മാറിയിരിക്കുകയാണ്.

പാരമ്പര്യത്തിന്റെ അകത്തളങ്ങളില്‍ നിന്ന് തൊഴിലെന്ന ആത്മാഭിമാനത്തിലേക്കുള്ള ഈ ചുവടുവെപ്പ്, സമൂഹത്തിലെ മാറുന്ന കാഴ്ചപ്പാടിന്റെ കൗതുകകരമായ ഉദാഹരണമായി ഉയര്‍ത്തിക്കാട്ടുകയാണ് 'നൈവേദ്യം ശ്രമ സംഘം'.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments